Friday, September 24, 2010

വായിച്ചിരിക്കേണ്ട പുസ്തകം -ഭാഗം. 2


ഭാഗം-1 ഇവിടെ വായിക്കാം


അടുത്ത ഒരാഴ്ച ഫര്‍സ്റ്റ് ചര്‍ച്ചിലെ വിശ്വാസികളുടെ ചര്‍ച്ചാ വിഷയം ഇതു മാത്രമായിരുന്നു. കഠിനമായ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ അയാളെ ഒരു മാനസിക രോഗത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുന്നു എന്നു പലരും വിലയിരുത്തി. എങ്കിലും, ആര്‍ക്കും അയാളോട് അപ്രിയം തോന്നിയിരുന്നില്ല. കാരണം, മൃദുവായ ശബ്ദത്തില്‍, ക്ഷമാപണത്തോടുകൂടിയായിരുന്നു അയാളുടെ വാക്കുകള്‍. ആരേയും പരോക്ഷമായിപ്പോലും കുറ്റപ്പെടുത്തിയിരുന്നതുമില്ല. ആ സഭ വിശ്വാസികളില്‍ ഒരാളെപ്പോലെതന്നെ  ഒരു  ആത്മീയ വിഷയത്തിന്റെ ഉത്തരം തോടുന്നവനായി  തോന്നി.

" ഇന്നത്തെ യോഗം കഴിഞ്ഞു"

ആ ചെറുപ്പക്കാരന്‍ നിലത്തു വീണ ഉടനെ  മാക്സ്‌വെല്‍ സഭയേ അറിയിച്ചു. എല്ലാവരും സ്തബ്ദരായി ഇരിക്കുകയായിരുന്നു.

സഭ പിരിഞ്ഞു, അവര്‍ അയാളെ  എടുത്ത് ഒരു കട്ടിലില്‍ കിടത്തി. ചുരുക്കം ചിലര്‍ ചുറ്റും കൂടി നിന്നും.

"ഇനി എന്തു ചെയ്യും ?"

"എന്തായാലും എന്റെ വീട്ടിലേയ്ക്കു തന്നെ കൊണ്ടു പോകാം." മാക്സ്‌വെല്‍.

"എന്റെ വീട്ടില്‍ അമ്മ തനിച്ചല്ലേ ഉള്ളൂ "ഉടന്‍ തന്നെ റേയ്ച്ചല്‍ വിന്‍സ്ലോ ഇടപെട്ടു.

“ഇദ്ദേഹം നിശ്ചയമായിട്ടും അമ്മയ്ക്കു നല്ലൊരു കൂട്ട് ആയിരിക്കും“

അവര്‍ പറഞ്ഞു നിര്‍ത്തി. വല്ലാത്ത ഒരു പരിഭ്രമം അവളുടെ മുഖത്തു  പടര്‍ന്നു. റേയ്ച്ചലിനു മാത്രമല്ല, ഫസ്റ്റ് ചര്‍ച്ചിന്റെ  തന്നെ ചരിത്രത്തില്‍ ഇത്തരം ഒരു സംഭവം അരങ്ങേറിയിട്ടില്ല.

പക്ഷേ, മാക്സ്‌വെല്‍ വഴങ്ങാന്‍ കൂട്ടാക്കിയില്ല. ജീവനറ്റതുപോലെ കിടന്ന ആ ചെറുപ്പക്കാരനെ തന്റെ വീട്ടില്‍ കൊണ്ടുപോയി കിടത്തുമ്പോള്‍ ‍, മാക്സ്‌വെല്ലിന്റെ ജീവിതത്തിലെ മനുഷ്യത്വത്തിന്റെ പുതിയ ഒരു വാതായനം തുറക്കുകയായിരുന്നു.

കൃസ്ത്യാനി എന്ന നിലയില്‍ അദ്ദേഹത്തിന്റെ  ജീവിതത്തിലെ ഏറ്റവും  നിര്‍ണ്ണായകരമായ വഴിത്തിരുവില്‍ എത്തി നില്‍ക്കുകയാണെന്നു മാക്സ്‌വെല്‍ തിരിച്ചറിഞ്ഞു.

മൂന്നാമത്തെ ദിവസം ആ ചെറുപ്പക്കാരന്റെ നിലയ്ക്കു ചെറിയ വ്യത്യാസം വന്നു, എങ്കിലും പ്രതീക്ഷയ്ക്കുള്ള വക ഇല്ല എന്നു ഡോക്ടര്‍ അറിയിച്ചു.


ശനിയാഴ്ച അര്‍ദ്ധരാത്രി.

ഏകമകള്‍ ഇതുവരെ എത്തിയില്ലേ എന്നയാള്‍ നേര്‍ത്ത ശബ്ദത്തില്‍ അന്വേഷിച്ചു.

" മകള്‍ യാത്രയില്‍ ആണ്, ഉടനെ എത്തും"

എല്ലാ ദിവസവും രാത്രിയില്‍ ഉറക്കമൊഴിഞ്ഞു അയാളെ ശുശ്രൂഷിച്ചുകൊണ്ടിരുന്നതിനാല്‍ മാര്‍ക്സ്‌വെല്ലിന്റെ ശബ്ദവും തളര്‍ന്നതായിരുന്നു.

അയാള്‍ മെല്ലെ കണ്ണുതുറന്നു.

" ഈ ലോകത്തില്‍ വച്ച് ഇനിയെന്റെ മകളെ കാണാന്‍ കഴിയുകയില്ല." അയാള്‍ പിറുപിറുത്തു.

"നിങ്ങള്‍ എല്ലാവരും എന്നോടു കരുണ കാണിച്ചു, ഇപ്പോല്‍ എനിക്കു തോന്നുന്നു, യേശു ആയിരുന്നു നിങ്ങളുടെ സ്ഥാനത്ത് എങ്കില്‍ ഇതു തന്നെ ചെയ്യുമായിരുന്നു"

അയാള്‍ പറഞ്ഞു നിര്‍ത്തി. അല്പ നിമിഷം കഴിഞ്ഞു, അയാളുടെ ശിരസ്സ് ഒരു വശത്തേയ്ക്കു ചരിഞ്ഞു,
"അയാള്‍  പോയിക്കഴിഞ്ഞു" ഡോക്ടര്‍ ശാന്തമായി പറഞ്ഞു.

ആ പാവം ചെറുപ്പക്കാരന്റെ  മകള്‍ എത്തിയതു പിന്നേയും ഒരു മണിക്കൂര്‍ കഴിഞ്ഞാണ്.

അടുത്ത ഞായറാഴ്ച.
 റെയ്മണ്ട് പട്ടണത്തിനു ഒരു വ്യത്യാസവും ഉണ്ടായിരുന്നില്ല. എങ്കിലും ഫര്‍സ്റ്റ് ചര്‍ച്ചില്‍ പതിവിലേറെ വിശ്വാസികള്‍ തടിച്ചുകൂടിയിരുന്നു.


"നമ്മുടെ സഹോദരന്‍ ഇന്നു രാവിലെ  മരിച്ചു" 

വിറയ്ക്കുന്ന ചുണ്ടുകളോടെ മാര്‍ക്സ്വെല്‍ പ്രസംഗപീഠത്തില്‍ കൈയൂന്നിക്കൊണ്ട് വിശ്വാസികളെ അറിയിച്ചു. മാക്സ്‌വെല്‍ തന്റെ പ്രസം‌ഗത്തിന്റെ അവസാന ഭാഗത്ത് എത്തിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട  സഭാ പരിപാലന ചരിത്രത്തില്‍ അന്നു ആദ്യമായി പ്രസം‌ഗ കുറിപ്പ് ഇല്ലാതെ ആയിരുന്നു മാക്സ്വെല്‍ പ്രസം‌ഗ പീഠത്തില്‍ എത്തിയത്.

അദ്ദേഹത്തിന്റെ മുഖം ദീര്‍ഘകാലം രോഗം ബാധിച്ചു കിടന്ന രോഗിയേപ്പോലെ  തോന്നിച്ചു. വല്ലാത്ത ഒരു മാനസിക വ്യഥ അദ്ദേഹം അനുഭവിക്കുന്നുണ്ടായിരുന്നു. എന്തോ ഗഹനമായത് വിശ്വാസികളുമായി പങ്കു വെയ്ക്കുവാന്‍ അദ്ദേഹം ശ്രമിക്കുകയായിരുന്നു.
 ഹാളിനുള്ളിലെ പൂര്‍ണ്ണമായ നിശബ്ദതയില്‍ അദ്ദേഹം തുടര്‍ന്നു,

"അയാളുടെ മകള്‍ ഇപ്പോള്‍ ഞങ്ങളുടെ കൂടെയാണുള്ളത്."
ഓരോ വാക്കും സൂക്ഷിച്ചു പെറുക്കി പെറുക്കി പറയുന്നത്പോലെ തോന്നിച്ചു.

 "കഴിഞ്ഞ ആഴ്ച ആ ചെറുപ്പക്കാരന്‍ ഇവിടെ വച്ച് പറഞ്ഞത്,  എനിക്കു മറക്കാന്‍ കഴിയുന്നില്ല. അന്നുമുതല്‍,  ഞാന്‍ എന്നോടു തന്നെ ഒരിക്കലും ചോദിച്ചിട്ടില്ലാത്ത ഒരു ചോദ്യം എന്നെ വേട്ടയാടുന്നു, 'യേശുവിനെ അനുഗമിക്കുക എന്നു പറഞ്ഞാല്‍ എന്താണു അര്‍ത്ഥമാക്കുന്നത്?'. നിങ്ങളെയോ എന്നെയോ, ഈ ലോകത്തിലുള്ള മറ്റാരെയെങ്കിലുമോ വിധിക്കുവാന്‍ ഞാന്‍ ആളല്ല.  പക്ഷേ, ഈ ചോദ്യത്തിനു ഒരു  ഉത്തരം നമ്മള്‍ ഓരോരുത്തരും  സ്വയം കണ്ടെത്തേണ്ടതാണെന്നു ഞാന്‍ വിശ്വസിക്കുന്നു. "

" ഈ ചോദ്യത്തിനു തൃപ്തികരമായ ഉത്തരം നല്‍കുവാന്‍ ഒരു പദ്ധതി മുന്നോട്ടു വയ്ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. "

വിശ്വാസികള്‍ മുഖത്തോടു മുഖം നോക്കി. റെയ്മണ്ട് പട്ടണത്തിലെ ഏറ്റവും പുരാതനമായ സഭ അയിരുന്നു അത്. ആ സഭയിലെ അംഗമായിരിക്കുന്നത് പലരും അഭിമാനമായിക്കണ്ടിരുന്നു. സമൂഹത്തിലെ സ്വാധീന ശക്തിയുള്ള പല പ്രമുഖരും അവിടുത്തെ അംഗങ്ങള്‍ ആയിരുന്നു.

അവരില്‍ എത്ര പേര്‍ ഈ നിര്‍ദ്ദേശത്തെ സ്വീകരിക്കുമെന്നു അറിയാനുള്ള ആകംഷയോടെ മാക്സ്‌വെല്‍ സാവധാനം തുടര്‍ന്നു.

"അസാധ്യമായ ഒരു കര്‍മ്മ പരിപാടിയല്ല  എന്റെ മുന്നിലുള്ളത് എന്നു ഞാന്‍ ആശിക്കുന്നു.  പക്ഷേ എല്ലാവര്‍ക്കും സ്വീകാര്യമായി തോന്നിക്കൊള്ളണമെന്നും ഇല്ല.  "

അദ്ദേഹം പ്രസം‌ഗത്തിന്റെ ഏറ്റവും, കാതലായ ഭാഗത്തേയ്ക്കു കടന്നു.

"എന്തു പ്രവര്‍ത്തി ചെയ്യുന്നതിനു മുന്‍പും "യേശുവായിരുന്നു എങ്കില്‍ എന്തു ചെയ്യുമായിരുന്നു?" എന്നു സ്വയം ചോദിച്ചിട്ടു അതിനു ലഭിക്കുന്ന ഉത്തരം മാത്രം പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം വിശ്വാസികളെ തിരഞ്ഞെടുക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.  അങ്ങിനെ ചെയ്യുന്ന പ്രവര്‍ത്തിയുടെ ഫലം എന്തു തന്നെയായിരുന്നാലും നേരിടാന്‍ കെല്പ്പും ദൃഢനിശ്ചയവുമുള്ളരെയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. തീര്‍ച്ചയായും ഞാന്‍ ആ കൂട്ടത്തിലെ ഒരം‌ഗം ആയിരിക്കും. യേശു ഇന്നു, ഇവിടെ, ജീവിച്ചിരുന്നെങ്കില്‍ നമ്മുടേ ഓരുത്തരുടെ സ്ഥാനത്ത് എന്തു ചെയ്യുമായിരുന്നോ അതാണ് ഈ കൂട്ടത്തില്‍ അംഗമായിരിക്കുന്നവര്‍ ചെയ്യേണ്ടത്.  ആ നിലവാരത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വരുന്ന എല്ലാ പ്രതികൂലങ്ങള്‍ക്കും പ്രത്യാഘാതങ്ങള്‍ക്കും സഭ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും ഞാന്‍ ഉറപ്പു തരുന്നു"

" അങ്ങിനയുള്ള സംഘത്തിന്റെ ഭാഗമാകുവാന്‍ ആഗ്രഹിക്കുന്നവര്‍ മാത്രം, ഈ യോഗത്തിനു ശേഷം ഇവിടെ നിക്കണമെന്ന് അപേക്ഷിക്കുന്നു"

മാക്സ്‌വെല്‍ പറഞ്ഞു നിര്‍ത്തി.

"ഇന്നത്തെ യോഗം അവസാനിച്ചിരിക്കുന്നു."



( തുടരും.)
===========================================
മൂന്നു കോടി പ്രതികള്‍ വിറ്റഴിഞ്ഞ ചാര്‍ത്സ് ഷെലഡമിന്റെ ഇന്‍ ഹിസ് സ്റ്റെപ്സ് എന്ന വിഖ്യാത നോവലിന്റെ രണ്ടാമത്തെ അദ്ധ്യായത്തിന്റെ സ്വതന്ത്ര പരിഭാഷയാണ് ഇത്. പദാനുപദ വിവര്‍ത്തനരീതിയല്ല ഇവിടെ അവലംബിച്ചിരിക്കുന്നത്

10 comments:

സജി said...

മൂന്നു കോടി പ്രതികള്‍ വിറ്റഴിഞ്ഞ ചാര്‍ത്സ് ഷെലഡമിന്റെ ഇന്‍ ഹിസ് സ്റ്റെപ്സ് എന്ന വിഖ്യാത നോവലിന്റെ രണ്ടാമത്തെ അദ്ധ്യായത്തിന്റെ സ്വതന്ത്ര പരിഭാഷയാണ് ഇത്. പദാനുപദ വിവര്‍ത്തനരീതിയല്ല ഇവിടെ അവലംബിച്ചിരിക്കുന്നത്

Junaiths said...

അച്ചായാ,മനോഹരമായ വിവര്‍ത്തനം..ഇത് പോലുള്ള പുസ്തകങ്ങള്‍ ഇനിയും പരിചയപ്പെടുത്തുമല്ലോ..
മുന്‍‌കൂര്‍ ആശംസകള്‍

മാണിക്യം said...

യേശു ആയിരുന്നു നിങ്ങളുടെ സ്ഥാനത്ത് എങ്കില്‍ ഇതു തന്നെ ചെയ്യുമായിരുന്നു"
ഒരു ക്രിസ്ത്യാനി എന്നും സ്വയം ചോദിക്കണ്ട ചോദ്യം.
സജി ചാര്‍ത്സ് ഷെലഡമിന്റെ ഇന്‍ ഹിസ് സ്റ്റെപ്സ് വാങ്ങാന്‍ ശ്രമിക്കും ...പരിചയപ്പെടുത്തലിനു ഒരിക്കല്‍ കൂടി നന്ദി.

sanchari said...

യുക്തിവിചാരം

kARNOr(കാര്‍ന്നോര്) said...

മൂന്നാം ഭാഗം എന്നുവരും.

ഹാക്കര്‍ said...

കൊള്ളാം കേട്ടോ......ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വന്നു നോക്കണം http://www.computric.co.cc/

kARNOr(കാര്‍ന്നോര്) said...

മൂന്നാം ഭാഗം കിട്ടിയില്ല.. എനിയ്ക്കു വിശക്കുന്നു. എനിയ്ക്ക് മനുഷ്യനെപ്പോലെ വിശക്കുന്നു...

ബെഞ്ചാലി said...

വായിച്ചു, വിവർത്തനം നന്നായിട്ടുണ്ട്.
ആശംസകള്‍

Philip Verghese 'Ariel' said...

സജി മാഷേ,
ഇവിടെ ഇതാദ്യം
ആദ്യ വായന തന്നെ സുഖപ്രദം
മനോകരമായി പരിഭാഷ ചെയ്തു
ഇംഗ്ലീഷില്‍ വായിച്ചിട്ടുണ്ട്
അടുത്ത ലക്കം താമസിയാതെ
ഉണ്ടാകുമല്ലോ
വീണ്ടും കാണാം

kARNOr(കാര്‍ന്നോര്) said...

സജി മാഷേ... ഇവിടെയുണ്ടായിരുന്ന പല പോസ്റ്റുകളും ഇപ്പോ കാണുന്നില്ലല്ലോ... എന്തുപറ്റി ??