Friday, September 24, 2010

വായിച്ചിരിക്കേണ്ട പുസ്തകം -ഭാഗം. 2


ഭാഗം-1 ഇവിടെ വായിക്കാം


അടുത്ത ഒരാഴ്ച ഫര്‍സ്റ്റ് ചര്‍ച്ചിലെ വിശ്വാസികളുടെ ചര്‍ച്ചാ വിഷയം ഇതു മാത്രമായിരുന്നു. കഠിനമായ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ അയാളെ ഒരു മാനസിക രോഗത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുന്നു എന്നു പലരും വിലയിരുത്തി. എങ്കിലും, ആര്‍ക്കും അയാളോട് അപ്രിയം തോന്നിയിരുന്നില്ല. കാരണം, മൃദുവായ ശബ്ദത്തില്‍, ക്ഷമാപണത്തോടുകൂടിയായിരുന്നു അയാളുടെ വാക്കുകള്‍. ആരേയും പരോക്ഷമായിപ്പോലും കുറ്റപ്പെടുത്തിയിരുന്നതുമില്ല. ആ സഭ വിശ്വാസികളില്‍ ഒരാളെപ്പോലെതന്നെ  ഒരു  ആത്മീയ വിഷയത്തിന്റെ ഉത്തരം തോടുന്നവനായി  തോന്നി.

" ഇന്നത്തെ യോഗം കഴിഞ്ഞു"

ആ ചെറുപ്പക്കാരന്‍ നിലത്തു വീണ ഉടനെ  മാക്സ്‌വെല്‍ സഭയേ അറിയിച്ചു. എല്ലാവരും സ്തബ്ദരായി ഇരിക്കുകയായിരുന്നു.

സഭ പിരിഞ്ഞു, അവര്‍ അയാളെ  എടുത്ത് ഒരു കട്ടിലില്‍ കിടത്തി. ചുരുക്കം ചിലര്‍ ചുറ്റും കൂടി നിന്നും.

"ഇനി എന്തു ചെയ്യും ?"

"എന്തായാലും എന്റെ വീട്ടിലേയ്ക്കു തന്നെ കൊണ്ടു പോകാം." മാക്സ്‌വെല്‍.

"എന്റെ വീട്ടില്‍ അമ്മ തനിച്ചല്ലേ ഉള്ളൂ "ഉടന്‍ തന്നെ റേയ്ച്ചല്‍ വിന്‍സ്ലോ ഇടപെട്ടു.

“ഇദ്ദേഹം നിശ്ചയമായിട്ടും അമ്മയ്ക്കു നല്ലൊരു കൂട്ട് ആയിരിക്കും“

അവര്‍ പറഞ്ഞു നിര്‍ത്തി. വല്ലാത്ത ഒരു പരിഭ്രമം അവളുടെ മുഖത്തു  പടര്‍ന്നു. റേയ്ച്ചലിനു മാത്രമല്ല, ഫസ്റ്റ് ചര്‍ച്ചിന്റെ  തന്നെ ചരിത്രത്തില്‍ ഇത്തരം ഒരു സംഭവം അരങ്ങേറിയിട്ടില്ല.

പക്ഷേ, മാക്സ്‌വെല്‍ വഴങ്ങാന്‍ കൂട്ടാക്കിയില്ല. ജീവനറ്റതുപോലെ കിടന്ന ആ ചെറുപ്പക്കാരനെ തന്റെ വീട്ടില്‍ കൊണ്ടുപോയി കിടത്തുമ്പോള്‍ ‍, മാക്സ്‌വെല്ലിന്റെ ജീവിതത്തിലെ മനുഷ്യത്വത്തിന്റെ പുതിയ ഒരു വാതായനം തുറക്കുകയായിരുന്നു.

കൃസ്ത്യാനി എന്ന നിലയില്‍ അദ്ദേഹത്തിന്റെ  ജീവിതത്തിലെ ഏറ്റവും  നിര്‍ണ്ണായകരമായ വഴിത്തിരുവില്‍ എത്തി നില്‍ക്കുകയാണെന്നു മാക്സ്‌വെല്‍ തിരിച്ചറിഞ്ഞു.

മൂന്നാമത്തെ ദിവസം ആ ചെറുപ്പക്കാരന്റെ നിലയ്ക്കു ചെറിയ വ്യത്യാസം വന്നു, എങ്കിലും പ്രതീക്ഷയ്ക്കുള്ള വക ഇല്ല എന്നു ഡോക്ടര്‍ അറിയിച്ചു.


ശനിയാഴ്ച അര്‍ദ്ധരാത്രി.

ഏകമകള്‍ ഇതുവരെ എത്തിയില്ലേ എന്നയാള്‍ നേര്‍ത്ത ശബ്ദത്തില്‍ അന്വേഷിച്ചു.

" മകള്‍ യാത്രയില്‍ ആണ്, ഉടനെ എത്തും"

എല്ലാ ദിവസവും രാത്രിയില്‍ ഉറക്കമൊഴിഞ്ഞു അയാളെ ശുശ്രൂഷിച്ചുകൊണ്ടിരുന്നതിനാല്‍ മാര്‍ക്സ്‌വെല്ലിന്റെ ശബ്ദവും തളര്‍ന്നതായിരുന്നു.

അയാള്‍ മെല്ലെ കണ്ണുതുറന്നു.

" ഈ ലോകത്തില്‍ വച്ച് ഇനിയെന്റെ മകളെ കാണാന്‍ കഴിയുകയില്ല." അയാള്‍ പിറുപിറുത്തു.

"നിങ്ങള്‍ എല്ലാവരും എന്നോടു കരുണ കാണിച്ചു, ഇപ്പോല്‍ എനിക്കു തോന്നുന്നു, യേശു ആയിരുന്നു നിങ്ങളുടെ സ്ഥാനത്ത് എങ്കില്‍ ഇതു തന്നെ ചെയ്യുമായിരുന്നു"

അയാള്‍ പറഞ്ഞു നിര്‍ത്തി. അല്പ നിമിഷം കഴിഞ്ഞു, അയാളുടെ ശിരസ്സ് ഒരു വശത്തേയ്ക്കു ചരിഞ്ഞു,
"അയാള്‍  പോയിക്കഴിഞ്ഞു" ഡോക്ടര്‍ ശാന്തമായി പറഞ്ഞു.

ആ പാവം ചെറുപ്പക്കാരന്റെ  മകള്‍ എത്തിയതു പിന്നേയും ഒരു മണിക്കൂര്‍ കഴിഞ്ഞാണ്.

അടുത്ത ഞായറാഴ്ച.
 റെയ്മണ്ട് പട്ടണത്തിനു ഒരു വ്യത്യാസവും ഉണ്ടായിരുന്നില്ല. എങ്കിലും ഫര്‍സ്റ്റ് ചര്‍ച്ചില്‍ പതിവിലേറെ വിശ്വാസികള്‍ തടിച്ചുകൂടിയിരുന്നു.


"നമ്മുടെ സഹോദരന്‍ ഇന്നു രാവിലെ  മരിച്ചു" 

വിറയ്ക്കുന്ന ചുണ്ടുകളോടെ മാര്‍ക്സ്വെല്‍ പ്രസംഗപീഠത്തില്‍ കൈയൂന്നിക്കൊണ്ട് വിശ്വാസികളെ അറിയിച്ചു. മാക്സ്‌വെല്‍ തന്റെ പ്രസം‌ഗത്തിന്റെ അവസാന ഭാഗത്ത് എത്തിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട  സഭാ പരിപാലന ചരിത്രത്തില്‍ അന്നു ആദ്യമായി പ്രസം‌ഗ കുറിപ്പ് ഇല്ലാതെ ആയിരുന്നു മാക്സ്വെല്‍ പ്രസം‌ഗ പീഠത്തില്‍ എത്തിയത്.

അദ്ദേഹത്തിന്റെ മുഖം ദീര്‍ഘകാലം രോഗം ബാധിച്ചു കിടന്ന രോഗിയേപ്പോലെ  തോന്നിച്ചു. വല്ലാത്ത ഒരു മാനസിക വ്യഥ അദ്ദേഹം അനുഭവിക്കുന്നുണ്ടായിരുന്നു. എന്തോ ഗഹനമായത് വിശ്വാസികളുമായി പങ്കു വെയ്ക്കുവാന്‍ അദ്ദേഹം ശ്രമിക്കുകയായിരുന്നു.
 ഹാളിനുള്ളിലെ പൂര്‍ണ്ണമായ നിശബ്ദതയില്‍ അദ്ദേഹം തുടര്‍ന്നു,

"അയാളുടെ മകള്‍ ഇപ്പോള്‍ ഞങ്ങളുടെ കൂടെയാണുള്ളത്."
ഓരോ വാക്കും സൂക്ഷിച്ചു പെറുക്കി പെറുക്കി പറയുന്നത്പോലെ തോന്നിച്ചു.

 "കഴിഞ്ഞ ആഴ്ച ആ ചെറുപ്പക്കാരന്‍ ഇവിടെ വച്ച് പറഞ്ഞത്,  എനിക്കു മറക്കാന്‍ കഴിയുന്നില്ല. അന്നുമുതല്‍,  ഞാന്‍ എന്നോടു തന്നെ ഒരിക്കലും ചോദിച്ചിട്ടില്ലാത്ത ഒരു ചോദ്യം എന്നെ വേട്ടയാടുന്നു, 'യേശുവിനെ അനുഗമിക്കുക എന്നു പറഞ്ഞാല്‍ എന്താണു അര്‍ത്ഥമാക്കുന്നത്?'. നിങ്ങളെയോ എന്നെയോ, ഈ ലോകത്തിലുള്ള മറ്റാരെയെങ്കിലുമോ വിധിക്കുവാന്‍ ഞാന്‍ ആളല്ല.  പക്ഷേ, ഈ ചോദ്യത്തിനു ഒരു  ഉത്തരം നമ്മള്‍ ഓരോരുത്തരും  സ്വയം കണ്ടെത്തേണ്ടതാണെന്നു ഞാന്‍ വിശ്വസിക്കുന്നു. "

" ഈ ചോദ്യത്തിനു തൃപ്തികരമായ ഉത്തരം നല്‍കുവാന്‍ ഒരു പദ്ധതി മുന്നോട്ടു വയ്ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. "

വിശ്വാസികള്‍ മുഖത്തോടു മുഖം നോക്കി. റെയ്മണ്ട് പട്ടണത്തിലെ ഏറ്റവും പുരാതനമായ സഭ അയിരുന്നു അത്. ആ സഭയിലെ അംഗമായിരിക്കുന്നത് പലരും അഭിമാനമായിക്കണ്ടിരുന്നു. സമൂഹത്തിലെ സ്വാധീന ശക്തിയുള്ള പല പ്രമുഖരും അവിടുത്തെ അംഗങ്ങള്‍ ആയിരുന്നു.

അവരില്‍ എത്ര പേര്‍ ഈ നിര്‍ദ്ദേശത്തെ സ്വീകരിക്കുമെന്നു അറിയാനുള്ള ആകംഷയോടെ മാക്സ്‌വെല്‍ സാവധാനം തുടര്‍ന്നു.

"അസാധ്യമായ ഒരു കര്‍മ്മ പരിപാടിയല്ല  എന്റെ മുന്നിലുള്ളത് എന്നു ഞാന്‍ ആശിക്കുന്നു.  പക്ഷേ എല്ലാവര്‍ക്കും സ്വീകാര്യമായി തോന്നിക്കൊള്ളണമെന്നും ഇല്ല.  "

അദ്ദേഹം പ്രസം‌ഗത്തിന്റെ ഏറ്റവും, കാതലായ ഭാഗത്തേയ്ക്കു കടന്നു.

"എന്തു പ്രവര്‍ത്തി ചെയ്യുന്നതിനു മുന്‍പും "യേശുവായിരുന്നു എങ്കില്‍ എന്തു ചെയ്യുമായിരുന്നു?" എന്നു സ്വയം ചോദിച്ചിട്ടു അതിനു ലഭിക്കുന്ന ഉത്തരം മാത്രം പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം വിശ്വാസികളെ തിരഞ്ഞെടുക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.  അങ്ങിനെ ചെയ്യുന്ന പ്രവര്‍ത്തിയുടെ ഫലം എന്തു തന്നെയായിരുന്നാലും നേരിടാന്‍ കെല്പ്പും ദൃഢനിശ്ചയവുമുള്ളരെയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. തീര്‍ച്ചയായും ഞാന്‍ ആ കൂട്ടത്തിലെ ഒരം‌ഗം ആയിരിക്കും. യേശു ഇന്നു, ഇവിടെ, ജീവിച്ചിരുന്നെങ്കില്‍ നമ്മുടേ ഓരുത്തരുടെ സ്ഥാനത്ത് എന്തു ചെയ്യുമായിരുന്നോ അതാണ് ഈ കൂട്ടത്തില്‍ അംഗമായിരിക്കുന്നവര്‍ ചെയ്യേണ്ടത്.  ആ നിലവാരത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വരുന്ന എല്ലാ പ്രതികൂലങ്ങള്‍ക്കും പ്രത്യാഘാതങ്ങള്‍ക്കും സഭ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും ഞാന്‍ ഉറപ്പു തരുന്നു"

" അങ്ങിനയുള്ള സംഘത്തിന്റെ ഭാഗമാകുവാന്‍ ആഗ്രഹിക്കുന്നവര്‍ മാത്രം, ഈ യോഗത്തിനു ശേഷം ഇവിടെ നിക്കണമെന്ന് അപേക്ഷിക്കുന്നു"

മാക്സ്‌വെല്‍ പറഞ്ഞു നിര്‍ത്തി.

"ഇന്നത്തെ യോഗം അവസാനിച്ചിരിക്കുന്നു."



( തുടരും.)
===========================================
മൂന്നു കോടി പ്രതികള്‍ വിറ്റഴിഞ്ഞ ചാര്‍ത്സ് ഷെലഡമിന്റെ ഇന്‍ ഹിസ് സ്റ്റെപ്സ് എന്ന വിഖ്യാത നോവലിന്റെ രണ്ടാമത്തെ അദ്ധ്യായത്തിന്റെ സ്വതന്ത്ര പരിഭാഷയാണ് ഇത്. പദാനുപദ വിവര്‍ത്തനരീതിയല്ല ഇവിടെ അവലംബിച്ചിരിക്കുന്നത്

Tuesday, September 14, 2010

വായിച്ചിരിക്കേണ്ട പുസ്തകം. ഭാഗം -1


“ഞാന്‍ ഇവിടെ വന്നിരുന്നപ്പോള്‍ മുതല്‍ ചിന്തിക്കുകയായിരുന്നു " ഹാളിന്റെ പിന്നില്‍ നിന്നും ഉയര്‍ന്ന ശബ്ദം കേട്ടു എല്ലാവരും അമ്പരന്നു.

റവ. മാക്സ്‌വെല്‍ പ്രസംഗം പൂര്‍ത്തിയാക്കിട്ട് ഇരുപ്പിടത്തിനരികില്‍ എത്തിയതേയുള്ളൂ. ഇന്നത്തെ പ്രസംഗം ഇത്ര കണ്ടു വിജയിക്കുമെന്നു കരുതിയിരുന്നതല്ല.  ആരുടെ മനസിനേയും ഇളക്കാന്‍ പോന്ന ചിന്തകളായിരുന്നു പ്രസംഗത്തിലുടനീളം. മാക്സ്‌വെല്ലിന്റെ നാടകീയ അവതരണം ഫസ്റ്റ് ചര്‍ച്ചിലെ വിശ്വാസികള്‍ക്കു എന്നും ഇഷ്ടമായിരുന്നു. അദ്ദേഹം വെറുതെ ഒന്നും പറയാറില്ല. ജീവിതത്തെ മാറ്റിമറിക്കാന്‍ തക്ക ആഴമുള്ളതും പ്രയോചനപ്രദമായതും മാത്രമേ ഞായറാഴ്ച ശുശ്രൂഷയില്‍ മാക്സ്‌വെല്‍ പറയുകയുള്ളൂ. അതറിയാവുന്ന പ്രേക്ഷകരും  അദ്ദേഹം പ്രസംഗ പീഠത്തില്‍ എത്തിയാല്‍ ശ്വാസം വിടാതെ പൂര്‍ണ്ണ നിശബ്ദതയില്‍ ശ്രവിച്ചുകൊണ്ടിരിക്കും.

ചന്നം പിന്നം പെയ്തു തുടങ്ങുന്ന മഴ, ക്രമേണ വളര്‍ന്ന് ആര്‍ത്തലച്ചു പെയ്തു, മണ്ണിനേയും അന്തരീക്ഷത്തേയും കുളിരണിയിപ്പിച്ചു, അവസാനം ശാന്തമായി പെയ്തൊടുങ്ങുന്നതുപോലെയായിരുന്നു മാര്‍ക്സ്‌വെല്ലിന്റെ പ്രസംഗങ്ങള്‍. ഒരു തരത്തിലും ഒരു മോശം പ്രസംഗകനെന്നു അദ്ദേഹത്തെ ആരും പറയുമായിരുന്നില്ല.
റേയ്ച്ചല്‍ വിന്‍സ്ലോയുടെ നേര്‍ത്ത ശബ്ദത്തിലുള്ള അതിമനോഹരമായ ഗാനത്തിനു ശേഷമാണ് പ്രസംഗം ആരംഭിച്ചത്.  ഓക് മരത്തില്‍ കടഞ്ഞെടുത്ത കുരുശു രൂപത്തിന്റെ പിന്നില്‍ നിന്നും പാടുന്ന  അവള്‍ എന്നെത്തേക്കാളും സുന്ദരിയായിത്തോന്നി. രൂപത്തേക്കാള്‍ സൗന്ദര്യം അവളുടെ ശബ്ദത്തിനുണ്ടായിരുന്നു.

"എന്റെ ക്രൂശുമായി .. ഞാനിതാ യേശുവെ..
എന്നാളും നിന്നെ അനുഗമിക്കും......"

യാചകരോടും കുഷ്ഠരോഗികളോടും കൂടെ സഹവസിച്ച നല്ല ഇടയന്റെ രക്തം വീണ കാലടികളെ തുടരുമെന്ന റേയ്ച്ചലിന്റെ നേര്‍ത്ത ശബ്ദത്തിലുള്ള ഗാനം, എല്ലാവരുടെ മനസിനേയും സ്വാധീനിച്ചു. ഏറ്റവും വിലകൂടിയ സംഗീത ഉപകരണങ്ങള്‍ അവര്‍ക്ക് ഉണ്ടായിരുന്നു.

 പാട്ടും പ്രസംഗവും സൃഷ്ടിച്ച ആത്മീയ അന്തരീക്ഷത്തിന് ഭംഗം വരുത്തിക്കൊണ്ടാണ് ആ ശബ്ദം പിന്നില്‍ നിന്നും കേട്ടത്.

 അതു ഒരു പുരുഷന്റെ ശബ്ദമായിരുന്നു.

എല്ലാവരും ആശ്ചര്യപ്പെട്ടു തിരിഞ്ഞു നോക്കി. സഭാ ഹാളിന്റെ പിന്നില്‍ നിന്നും ഒരു മനുഷ്യന്‍ എഴുന്നേറ്റു നടന്നു വരുന്നു. എന്തു സംഭവിക്കുന്നു എന്നു ആളുകള്‍ തിരിച്ചറിയുന്നതിനകം അദ്ദേഹം പ്രസംഗ പീഠത്തിന്റെ മുന്നില്‍ എത്തിക്കഴിഞ്ഞു.

"ഞാന്‍ ഇനിടെ വന്നിരുന്നപ്പോള്‍ മുതല്‍ ഇതു തന്നെ ചിന്തിക്കുകയായിരുന്നു" അദ്ദേഹം ആ വാക്കുകള്‍ ആവര്‍ത്തിച്ചു.

"ഈ യോഗം അവസാനിക്കുന്നതിനു മുന്‍പ് ഇതു  എങ്ങിനെ നിങ്ങളൊട് ഒന്നു പറയണമെന്ന്."

"നിങ്ങള്‍ ആരും ഭയപ്പെടേണ്ടതില്ല, ഞാനൊരു മദ്യപാനിയല്ല, ഭ്രാന്തനും അല്ല.  പൂര്‍ണ്ണമായും നിരുപ്രവകാരിയായ മനുഷ്യനാണ്  . ഞാനിവിടെ വീണു മരിച്ചാല്‍, ഒരു പക്ഷേ വരും ദിവസങ്ങള്‍ക്കുള്ളില്‍ അങ്ങിനെ തന്നെ സംഭവിക്കാന്‍ സാധ്യതയുണ്ട്,   ഇതു പോലൊരു സ്ഥലത്ത്, നിങ്ങളേപ്പോലുള്ളവരുടെ   മുന്‍പില്‍ എനിക്കു പറയുവാനുള്ളത് പറഞ്ഞു എന്നു സംതൃപ്തിയെങ്കിലുമുണ്ടാവും"

മാക്സ്‌വെല്‍ ഒരു ഞെട്ടലോടെ അയാളെ തിരിച്ചറിഞ്ഞു. അതേ, കഴിഞ്ഞ വെള്ളിയാഴ്ച വീട്ടില്‍ വന്ന അതേ ചെറുപ്പക്കാരന്‍!

ഞായറാഴ്ചക്കുള്ള  പ്രസംഗം പൂര്‍ത്തിയാകാത്തതില്‍ അന്നു മാക്സ്‌വെല്‍ അസ്വസ്ഥനായിരുന്നു. എന്തെങ്കിലും കുത്തിക്കുറിക്കാന്‍ തുടങ്ങുമ്പോഴേയ്ക്കും ആരെങ്കിലും വരും. തികഞ്ഞ ഏകാഗ്രതയില്ലാതെ അദ്ദേഹത്തിനു പ്രസംഗക്കുറിപ്പു തയ്യാറാക്കാന്‍ കഴിയില്ലായിരുന്നു.

"മേരീ" അദ്ദേഹം ഭാര്യയെ വിളിച്ചു.
"ഇനി ആരെങ്കിലും വന്നാല്‍ ഞാന്‍ തിരക്കാണെന്നു പറഞ്ഞേക്കുക. അത്ര അത്യാവശ്യമില്ലെങ്കില്‍ കുറച്ചു സമയത്തിനു താഴെ ഇറങ്ങി വരാന്‍ എനിക്കു പറ്റില്ല "

“പക്ഷേ, എനിക്കു നേഴ്സറിയില്‍ പോകേണ്ടതുണ്ടെല്ലോ , അതു കൊണ്ട് ഞാനിവിടെ ഉണ്ടാകില്ല." മേരി.

മാക്സ്‌വെല്‍ മുകളിലത്തെ നിലയിലെ പഠന മുറിയില്‍ കയറി വാതിലടച്ചു. അല്പ സമയത്തിനുള്ളില്‍  ഭാര്യ പുറത്തു പോകുന്നതിന്റെ ശബ്ദവും കേട്ടു. പൂര്‍ണ്ണ നിശബ്ദതയില്‍,  ഹൃദയത്തെ വേദ പുസ്തകത്തില്‍  കേന്ദ്രീകരിച്ചു,

പത്രോസ് 2:20
"നിങ്ങൾ കുറ്റം ചെയ്തിട്ടു അടികൊള്ളുന്നതു സഹിച്ചാൽ എന്തു യശസ്സുള്ളു? അല്ല, നന്മ ചെയ്തിട്ടു കഷ്ടം സഹിച്ചാൽ അതു ദൈവത്തിന്നു പ്രസാദം.അതിന്നായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നതു. ക്രിസ്തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിൻ തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു."

മനുഷ്യനു പിന്തുടരുവാന്‍ നന്മയുടെ വഴി ശേഷിപ്പിച്ച നല്ല ഇടയന്റെ ത്യാഗ നിര്‍ഭരമായ ജീവിതവും മരണവും - ഒരു നല്ല പ്രസംഗത്തിനുള്ള വിഷയം മനസ്സില്‍ രൂപമെടുത്തു.  കടാസും പേനയുമെടുത്തു കുറിച്ചു തുടങ്ങി. "എങ്ങിനെ ക്രിസ്തുവിനെ പിന്തുടരാം ?"

പെട്ടെന്നു കാളിം‌ഗ് ബെല്‍ ശബ്ദിച്ചു. അദ്ദേഹം അനങ്ങിയില്ല. നിമിഷങ്ങള്‍ക്കകം, ശബ്ദം വീണ്ടും ആവര്‍ത്തിച്ചു.
അദ്ദേഹം സാവധാനം എഴുന്നേറ്റ് മുകളിലുള്ള ജനല്‍ തുറന്നു നോക്കി. അവിടെ നിന്നും താഴേയ്ക്കു നോക്കിയാല്‍ മുന്‍ വാതിലില്‍ നില്‍ക്കുന്നവരെ നന്നായി കണാമായിരുന്നു. മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു ചെറുപ്പക്കാരന്‍.

"ഭിക്ഷക്കാരനാണെന്നു തോന്നുന്നല്ലോ?"

താഴെയിറങ്ങി വാതി തുറന്ന ഉടനെ ആചെറുപ്പക്കാരന്‍ പറഞ്ഞു,
"സര്‍, എന്റെ ജോലി നഷ്ടപ്പെട്ടിരിക്കുന്നു, താങ്കള്‍ക്ക് എന്നെ സഹായിക്കാന്‍ കഴിമെന്നു വിചാരിച്ച് വന്നതാണ്"
"എനിക്കു ഒന്നും അറിയില്ല, അല്ലെങ്കിലും ഇപ്പോള്‍ പൊതുവേ ജോലികള്‍ ഒന്നും ഇല്ലല്ലോ..."

വാതില്‍ അടയ്ക്കാന്‍ തുടങ്ങുമ്പോള്‍ അയാള്‍ തുടര്‍ന്നു.

"ആയിരിക്കാം, പക്ഷേ, ഏതെങ്കിലും കടയുടെ ഉടമയേയോ മറ്റാരെങ്കിലും പരിചയമുണ്ടെങ്കില്‍..മറ്റെന്തെങ്കിലും ഒരു വഴി കാണിച്ചു തന്നിരുന്നെങ്കില്‍ .."
അയാള്‍ തന്റെ നരച്ച തൊപ്പി കൈയ്യിലെടുത്തു, ദയനീയ ഭാവത്തില്‍ നിന്നു.

" ക്ഷമിക്കണം, എനിക്കു ഒന്നും ചെയ്യാനാവുമെന്നു തോന്നുന്നില്ല. എനിക്കു ഒരു കുതിരയും ഒരു പശുവും മാത്രമേയുള്ളൂ. എനിക്കു ചെയ്യാവുന്നതില്‍ കവിഞ്ഞ ഒരു ജോലിയും ഇവിടെയില്ല. മാത്രമല്ല ഞാന്‍ നല്ല തിരക്കിലാണ്. താങ്കള്‍ മറ്റെവിടെയെങ്കിലും അന്വേഷിക്കൂ, എന്തെങ്കിലും കിട്ടാതിരിക്കില്ല"

വാതിലടച്ചു മാര്‍ക്സ്‌വെല്‍ മുകളിലേയ്ക്കു കയറിപ്പോയി. മുകളിലത്തെ ജനാല വഴി അയാള്‍ ആ ചെറുപ്പക്കാരനെ നോക്കി.
വളരെ സാവധാനം അയാള്‍ തെരുവിലേയ്ക്കിറങ്ങി നടന്നു തുടങ്ങി.ആ തൊപ്പി കയ്യില്‍ തന്നെ പിടിച്ചിരുന്നു. അയാള്‍ ദരിദ്രനായ, വീടില്ലാത്ത, ഒരു അവഗണിക്കപ്പെട്ടവനേപ്പോലെ തോന്നി.
അതു കണ്ടു നില്‍ക്കാന്‍ മടി തോന്നിയ മാക്സ്‌വല്‍ പ്രസംഗക്കുറിപ്പിന്റെ അവസാന മിനുക്കു പണികള്‍ കൂടി ചെയ്തു ഒരു നല്ല പ്രസംഗം തയ്യാറാക്കുന്നതില്‍ വ്യാപൃതനായി.

മേരി തിരിച്ചു വന്നപ്പോള്‍ നേഴ്സറിയുടെ വാതില്‍ക്കല്‍ തളര്‍ന്ന് ഇരുന്ന ഒരു ഭിക്ഷക്കാരനേപ്പറ്റി പറഞ്ഞു.
“അയാള്‍ ഇവിടെയും വന്നിരുന്നു“ - മാക്സ്‌വെല്‍ പറഞ്ഞു.


 “ഞാന്‍ ഒരു വെറും ഭിക്ഷക്കാരന്‍ അല്ല.“ പ്രസംഗ പീഠത്തിനരികേ എത്തിയ അദ്ദേഹം ശാന്തനായി പറഞ്ഞു.
“എനിക്കു യേശുവിന്റെ പഠിപ്പിക്കലുകളും അറിയില്ല”  നിര്‍ത്തിയിട്ട് അദ്ദേഹം ഒന്നു രണ്ടു വട്ടം ചുമച്ചു. അസഹ്യമായ വേദന ആ മുഖത്ത പ്രതിഫലിക്കുന്നുണ്ടായിരുന്നു.

“ പത്തു മാസങ്ങള്‍ക്കു മുന്‍പ് എന്റെ ജോലി നഷ്ടപ്പെട്ടു. ഞാന്‍ ഒരു പ്രിന്റിം‌ഗ് പ്രസ്സ് തൊഴിലാളിയാണ്. ലിനോ ടൈപ്പ് യന്ത്രങ്ങളുടെ വരവോടെ ഞങ്ങള്‍ക്കു ജോലിയില്ലാതെയായി.  പത്രക്കമ്പനികള്‍ ആ യന്ത്രം വാങ്ങുന്നതില്‍ കുറ്റം പറയാന്‍ ആവില്ല, കാരണം അത്രയ്ക്കും നന്നായി അച്ചടിക്കാന്‍ ഞങ്ങള്‍ക്ക് ആവില്ല. പക്ഷേ, എന്നേപ്പോലൊരു മനുഷ്യനു എന്തു ചെയ്യുവാന്‍ ആകും? എനിക്കു ഒരു തൊഴിലേ അറിയൂ.. അത്രയുമേ ആകുമായിരുന്നുള്ളൂ.  ഞാന്‍ ഒരു ജോലിക്കുവേണ്ടി ഈ പട്ടണം മുഴുവന്‍ ഇരക്കുകയാണ്. എന്നേപ്പോലെ പലരും ഉണ്ട് ഈ പട്ടണത്തില്‍. ഞാന്‍ പരാതി പറയുകയല്ല, നിങ്ങള്‍ക്ക് അങ്ങിനെ തോന്നുന്നുവോ? ചില സത്യങ്ങള്‍ പറയുന്നുവെന്നു മാത്രം!“

“നിങ്ങള്‍ യേശുവിനെ പിന്തുടരുന്നു എന്നു അല്പം മുന്‍പ് പാടിയല്ലോ?  യേശു  പഠിപ്പിച്ചതു പോലെ നിങ്ങള്‍ അവനെ പിന്തുടരുന്നു എന്നാണോ ആ പാടിയതിന്റെ അര്‍ത്ഥം?  ഇവിടെ വന്നതുമുതല്‍ ഞാന്‍ അതു തന്നെ ചിന്തിക്കുകയായിരുന്നു”


“എന്നെ അനുഗമിക്കുക എന്നു പറഞ്ഞാല്‍ എന്താണര്‍ത്ഥം ? നിങ്ങളുടെ ശുശ്രൂഷകന്‍ പറഞ്ഞു,”
അയാള്‍ പ്രസംഗ പീഠത്തിലേക്കു ഒരു നിമിഷം നോക്കിയിട്ടു തുടര്‍ന്നു,

”അനുസരണം, വിശ്വാസം, സ്നേഹം പിന്നെ അനുകരണം- ഇവയാണ് അനുഗമിക്കുന്നതിന്റെ വിവിധ പടികള്‍ എന്ന്. പക്ഷേ, ഇതുകൊണ്ടൊക്കെ എന്താണ് അര്‍ത്ഥമാക്കുന്നതെന്നു അദ്ദേഹം പറഞ്ഞുകേട്ടില്ല, അവസാന പടിയേപ്പറ്റി പ്രത്യേകിച്ചും”

“ കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഒരു ജോലിക്കുവേണ്ടി ഈ പട്ടണത്തിന്റെ തെരുവുകളില്‍ ഞാന്‍ അലയുന്നു. കഴിഞ്ഞ ദിവസം നിങ്ങളുടെ ശുശ്രൂഷകനില്‍ നിന്നല്ലാതെ അല്പം ആശ്വാസത്തിന്റെയോ, സഹാനുഭൂതിയുടെയോ ഒരു വാക്കു പോലും ഞാന്‍ കേട്ടില്ല.ഞാന്‍ ആരേയും പഴിക്കുകയല്ല, ആണെന്നു തോന്നിയോ? ചില സത്യങ്ങള്‍ പറയുകയാണ് ‍.! നിങ്ങള്‍ക്ക് ഈ പട്ടണം മുഴുവന്‍ അന്വേഷിച്ചു നടന്ന് ഞങ്ങളേപ്പോലുള്ളവര്‍ക്കു ജോലി തരാന്‍‌കഴിയില്ലെന്ന് എനിക്കു അറിയാം. പക്ഷേ, "എന്റെ ക്രൂശുമായി .. ഞാനിതാ യേശുവെ..
എന്നാളും നിന്നെ അനുഗമിക്കും......" എന്നു പറഞ്ഞാല്‍ എന്താണ് അതിന്റെ അര്‍ത്ഥം?  യേശുവിനേപ്പോലെ സ്വന്ത ഇഷ്ടങ്ങളും സുഖങ്ങളും  മാറ്റിവച്ചു, ഒറ്റപ്പെട്ടു പോയവര്‍ക്കു വേണ്ടി നിങ്ങള്‍ ജീവിക്കുന്നു എന്നാണോ?

എന്നേപ്പോലെ ഏകദേശം അഞ്ഞൂറു പേര്‍ ഈ പട്ടണത്തില്‍ ഉണ്ട്. എല്ലാവര്‍ക്കും കുടുംബവും ഉണ്ട്. എന്റെ ഭാര്യ നാലു മാസം മുന്‍പ് മരിച്ചു. അവള്‍ രക്ഷപ്പെട്ടതില്‍ ഇപ്പോള്‍ എനിക്കു സന്തോഷം തോന്നുന്നു. ഒരു ജോലി ശരിയാകുന്നതുവരെ നോക്കുന്നതിനു എന്റെ മകളെ മറ്റൊരു വീട്ടില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്.
എന്റെ ക്രൂശുമെടുത്ത്  നിന്നെ അനുഗമിക്കുന്നു പാടുന്ന പല ക്രിസ്ത്യാനികളും അതി സമ്പന്നതയില്‍ ഈ പട്ടണത്തില്‍ കഴിയുന്നതു കാണുമ്പോള്‍ എനിക്കു   ഒന്നും മനസിലാകുന്നില്ല.
 ന്യൂയോര്‍ക്കു പട്ടണത്തിലെ ഒരു കൂരയിയില്‍ വച്ചു എന്റെ ഭാര്യ മരിച്ചരംഗം എന്റെ കണ്മുന്‍പിലുണ്ട്. ദരിദ്രമായ ഈ ലോകത്തില്‍ നിന്നും അവളുടെ മകളേക്കൂടി  കൊണ്ടുപോകുവാന്‍ അവള്‍ ആഗ്രഹിച്ചു. വിശന്നും പോഷകാഹാരവുമില്ലാതെ ചേരിയില്‍  മരിക്കുന്ന എല്ലാവരേയും രക്ഷപ്പെടുത്തുവാന്‍ നിങ്ങള്‍ക്കു കഴിയില്ലെന്നു എനിക്കു അറിയാം. പക്ഷേ, അവനെ പിന്തുടരുന്നു എന്നു പറയുന്നത് എനിക്കു ഇനിയും മനസിലാകുന്നില്ല. ക്രിസ്ത്യാനികള്‍ക്കു പലര്‍ക്കും ഭേദപ്പെട്ട പല വീടുകള്‍ പലയിടത്തായിട്ടും ഉണ്ട് എന്ന് എനിക്കു അറിയാം. എന്റെ ഭാര്യ മരിക്കുമ്പോള്‍ ഞങ്ങള്‍ പാര്‍ത്തിരുന്നതും ഒരു ക്രിസ്ത്യാനിയുടെ കൂരയില്‍ ആയിരുന്നു. അദ്ദേഹം ക്രിസ്തുവിനെ പിന്തുടരുന്നവന്‍ ആയിരുന്നെങ്കില്‍ ഞാന്‍ ആഗ്രഹിച്ചു പോകുന്നു.

നിങ്ങള്‍ ആ പാട്ടു പാടുമ്പോള്‍ ഞാന്‍ പുറത്തു നടയില്‍ ഇരിക്കുകയായിരുന്നു. ആ പാട്ടു പാടിയിരുന്നവര്‍ പുറത്തു പോയി അതുപോലെ ജീവിച്ചിരുന്നെങ്കില്‍ ഈ ലോകത്തിന്റെ ദയനീയമായ പല പ്രശ്നങ്ങളും ഉണ്ടാകുമായിരുന്നില്ലെന്നു തോന്നിപ്പോകുന്നു. ഒരു പക്ഷേ എനിക്ക് ഇതൊന്നും മനസിലാകാത്തതുകൊണ്ട് ആയിരിക്കും. യേശുവായിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നു ? അതാണോ അവനെ പിന്തുടരുന്നു എന്നു പാടിയ നിങ്ങള്‍ ചെയ്യുന്നത്..?
വലിയ പള്ളികളില്‍ ഇരിക്കുന്ന പലര്‍ക്കും നല്ല വസ്ത്രങ്ങള്‍ ഉണ്ട്, ആര്‍ഭാടത്തിനു ചിലവഴിക്കാന്‍ ധാരാളം പണമുണ്ട്, മനോഹരങ്ങളായ വീടുകളുണ്ട്, വേനലവധിക്കു പുറത്തുപോകുവാന്‍ സംവിധാനങ്ങളുണ്ട്, അതേസമയം-ഈ പള്ളിക്കു പുറത്ത്, പാവപ്പെട്ടവന്‍ ചേരികളില്‍ മരിക്കുന്നു, തെരുവില്‍ ജോലിയില്ലാതെ അലയുന്നു, പാട്ടുപാടുവാന്‍ സംഗീത ഉപകരണമോ ആരാധനയ്ക്കു ചിത്രങ്ങളൊ ഇല്ലാതെയിരിക്കുന്നു, ദാരിദ്ര്യത്തിലും പാപത്തിലും മദ്യത്തിലും വളര്‍ന്ന് നശിക്കുന്നു

യേശുവായിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നു ?“

 പെട്ടെന്നു അയാള്‍ നിര്‍ത്തി....അയാളുടെ തൊപ്പി കൈയ്യില്‍ നിന്നും നിലത്തു വീണു..കര്‍തൃമേശ ഒരുക്കിയിരുന്നതിന്റെ നേരെ ആ മെല്ലിച്ച കൈകള്‍ നീണ്ട് ചെന്നു ..സാവധാനം  തറയിലേക്കു കുഴഞ്ഞു വീണു.





കുറച്ചു ദിവസങ്ങള്‍ക്കു ശേഷം, ആ ദരിദ്രനായ മനുഷ്യന്‍ മരിച്ചു, പക്ഷേ ആ സഭ പിന്നീട് ഒരിക്കലും പഴയതുപോലെ ആയിരുന്നില്ല. ഒരു വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു അത്.

(തുടരും....)

============================================

മൂന്നു കോടി പ്രതികള്‍ വിറ്റഴിഞ്ഞ ചാര്‍ത്സ് ഷെലഡമിന്റെ ഇന്‍ ഹിസ് സ്റ്റെപ്സ് എന്ന വിഖ്യാത നോവലിന്റെ ആദ്യ അദ്ധ്യായത്തിന്റെ സ്വതന്ത്ര പരിഭാഷയാണ് ഇത്. പദാനുപദ വിവര്‍ത്തനരീതിയല്ല ഇവിടെ അവലംബിച്ചിരിക്കുന്നത്. ഒന്നു മാത്രം ഉറപ്പാണ്, ഈ പുസ്തകം വായിച്ചിട്ടു നിങ്ങള്‍ക്ക് പഴയ ഒരാളായി ഇരിക്കുവന്‍ കഴിയില്ല. ഈ ലിങ്കില്‍ നിന്നും ഇഷ്ടമുള്ള ഫോമാറ്റില്‍ ഈ പുസ്തകം ഡൌണ്‍ലോഡ് ചെയ്യാം.