Tuesday, July 8, 2008

5.പാഠ പുസ്തകം - എവിടെയാണ് ശരി?

പാഠ പുസ്തക സംബന്ധിയായ നടക്കുന്ന കോലാഹങ്ങള്‍ എല്ലാവരും കണ്ണു നിറച്ചു കാണുകയും ഇതിനകം സ്വന്തമായ നിലപാടുകളില്‍ എത്തിച്ക്ഗേരുകയും ചെയ്തിട്ടുണ്ടാകും.

ഒരു സാധാരണകാരനായ ഞാനും ആരാണ് ഈ വിവാദങ്ങളുടെ ഇരു പക്ഷത്തും എന്നു നോക്കുകയും,അതിനനുസരിച്ച് ഒരു മുന്‍‌വിധിയോടു കൂടെയുമാണ് ഈ പ്രക്ഷോപണങ്ങളെ കാണുകയും അഭിപ്രായം പറയുകയും ചെയ്തിരുന്നത്.

ക്രിസ്ത്യാനിത്വത്തിന്റെ അധഃപതിച്ച മുഖമായ (കത്തോലിക്ക) പുരോഹിതന്മാര്‍ ഏറ്റു പിടിച്ചപ്പോള്‍, പുരോഗമന വാദി ആകണമെങ്കില്‍ മറുപക്ഷം കൂടിയെ തീരൂ എന്ന ഗതി വന്നു. അതിനിടയില്‍, ഏഴാം ക്ലാസ് പാഠപുസ്തകം ഉയര്‍ത്തുന്ന അപകടകരമായ ആശയം വിസ്മരിക്കപ്പെട്ടു പോവുകയും ചെയ്തൂ.

മതമില്ലാത്ത ജീവന്‍:ഇതാണ് ആരോപണ വിധേയമായ പ്രധാന പാഠം

സ്കൂളില്‍ ചേര്‍ക്കാന്‍ കുട്ടിയോടൊപ്പം എത്തിയ രക്ഷിതാക്കളെ മുന്നിലുള്ള കസേരകളില്‍ ഇരുത്തി ഹെഡ്മാസ്റ്റര്‍ അപേക്ഷ പൂരിപ്പിക്കാന്‍ തുടങ്ങി.

'മോന്റെ പേരെന്താ?"
'ജീവന്‍'
'കൊള്ളാം . നല്ലപേര്‌. അച്ഛന്റെ പേര്‌?'
'അന്‍വര്‍ റഷീദ്‌'
'അമ്മയുടെ പേര്‌?'
'ലക്ഷ്മീ ദേവി'
ഹെഡ്മാസ്റ്റര്‍ മുഖമുയര്‍ത്തി രക്ഷിതാക്കളെ നോക്കി ചോദിച്ചു.
'കുട്ടിയുടെ മതം ഏതാ ചേര്‍ക്കേണ്ടത്‌?'
'ഒന്നും ചേര്‍ക്കേണ്ട. മതമില്ലെന്ന് ചേര്‍ത്തോളൂ.'

"വലുതാകുമ്പോള്‍ ഇവന് ഏതെങ്കിലും മതം വേണമെന്ന് തോന്നിയാലോ?"

"അങ്ങനെ വേണമെന്ന് തോന്നുമ്പോള്‍ അവനു ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കട്ടെ."


ഒരു മിശ്ര വിവാഹത്തില്‍ ജനിച്ച കുട്ടിയെ സംബന്ധിച്ച് മാതാ പിതാക്കള്‍ അവരവരുടെ മതങ്ങളില്‍ തന്നെ തുടരുന്നു പക്ഷം, ഇതാണ് ഏറ്റവും നല്ല തീരുമാനം എന്നതില്‍ ആര്‍ക്കും തര്‍ക്കം ഉണ്ടാകാന്‍ ഇടയില്ല.

പക്ഷേ, നമ്മുടെ നാട്ടില്‍ മിശ്രവിവാഹങ്ങള്‍ അപൂര്‍വ്വമായിട്ടാണ് ഇക്കാലത്തും നടക്കുന്നത്. അതുകൊണ്ട് അതിനെ സാമന്യവല്‍കരിക്കുന്നത് (generalize)ശരിയാവുകയില്ല.

ക്രിസ്ത്യാനി ആയ എനിക്കും ക്രിസ്ത്യാനിയായ എന്റെ ഭാര്യയ്ക്കും ജനിച്ച മകനെ വളര്‍ത്തേണ്ട വഴിയെ പറ്റി ബൈബിളില്‍ കൃത്യമായ നിര്‍ദേശം ഉണ്ട്. അതു “അവന്‍ പ്രായമാകുമ്പോള്‍ തിരഞ്ഞെടുക്കട്ടെ” എന്ന ആശയത്തിനു ഘടക വിരുദ്ധമാണത്..

“ബാലന്‍ നടക്കേണ്ടുന്ന വഴിയില്‍ അഭ്യസിപ്പിക്കുക, അവന്‍ വൃദ്ധനായാലും അതില്‍ നിന്നും പിന്മാറുകയില്ല” (സദൃശ്യവാക്യങ്ങള്‍ .22:6)എന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നത്.
മാത്രമല്ല, പൂര്‍വ്വപിതാക്കന്മാരെ ദൈവം നടത്തിയ വഴികളെക്കുറിച്ച് വരും തലമുറയോട് പറഞ്ഞുകൊടുക്കുവാന്‍ യഹോവ മാതാപിതാക്കളെ ഭരമേല്‍പ്പിക്കുകയും ചെയ്തിട്ടൂണ്ട്.

പഴയ നിയമ പെരുന്നാളികളില്‍ പ്രധാനപ്പെട്ട ഒന്നായ ‘പെസഹ’ആചരിക്കുമ്പോള്‍ അതിലെ മുഖ്യമായ ഒരു ചടങ്ങ്, അപ്പം മുറിച്ച് ഭക്ഷിച്ചു കഴിഞ്ഞു, വീട്ടിലെ കുട്ടികള്‍ ആരെങ്കിലും എഴുന്നേറ്റ് വീട്ടിലെ കാരണവരോടു ചോദിക്കും, “നമ്മള്‍ എന്തിനാണ് ഈ പെസഹ ആഘോഷിക്കുന്നത് ?”

അപ്പോള്‍, തങ്ങളുടെ പിന്‍‌തല മുറക്കാര്‍ ഈജിപ്റ്റില്‍ കഷ്ടപ്പെട്ടതും, അവസാനം ദൈവം അവരെ സ്വതന്ത്രരാക്കിയ ചരിത്രവും വിശദമായി പറഞ്ഞു കേള്‍‍പ്പിക്കുമായിരുന്നു.ഇതു തലമുറ തലമുറയായി തുടരണമെന്നത് യഹോവയുടെ ഒരു കല്പനയാണ്.(പുറപ്പാട്. 12:24-26)

അതുകൊണ്ട് വള‍ന്നു വരുമ്പോള്‍ തിരഞ്ഞെടുക്കുവാന്‍, മക്കളെ വിടുന്നത് ക്രിസ്ത്യന്‍ കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധമാണ്, അനുവദിക്കാവുന്നതല്ല.

അദ്ധായം പ്രതി ഈ പാഠ പുസ്തകം വായിച്ചാല്‍ മിക്ക ഭാഗങ്ങളും ശ്രേഷ്ഠ്കരമായ ആശയമായി തോന്നും. എന്നാല്‍ ഈ പുസ്തകത്തിന്റെ രചയിതാക്കള്‍ വള്രെ, സമര്‍ത്ഥമായി, എന്നാല്‍ ഒട്ടൊക്കെ ഗൊപ്യമായി, ഒരൊറ്റ ആശയം മാത്രം വിദ്യാര്‍ഥിയുടെ ചിന്തയിലേക്ക് കടത്തിവിടുവാന്‍ ശ്രമിക്കുന്നു. അതു മത വിശ്വാസത്തേക്കള്‍ , മതമില്ലായ്മയാണ് മേത്തരം എന്ന ആശയമാണ്.അതാണ് ഈ പുസ്തകത്തിന്റെ അപകടവും!

ഈ ആശയം സാധൂകരിക്കുന്നതിന്, രചയിതാക്കള്‍, നെഹ്രുവിന്റെ ഒസ്യത്ത് തപ്പി പിടിച്ചു എടുത്തു പാഠഭാഗമാക്കി.പ്രകൃതിക്ഷോഭം വിഷയമാക്കി.എല്ലാ മത ഗ്രന്ഥങ്ങളുടെ ഉദ്ധരിണികളേയും നിരത്തി വച്ചു. ഓരോ അധ്യായത്തിന്റെ ഒടുവിലും, ചേര്‍ത്തിരുക്കുന്ന ചര്‍ച്ചയിലും, ചോദ്യങ്ങളിലും, പുസ്തക രചയിതാക്കള്‍ ആഗ്രഹിച്ച നിഗമനത്തില്‍ കുട്ടികള്‍ എത്തിച്ചേരത്തക്ക വിധം വിഷയങ്ങളെ കൃമീകരിച്ചിരിക്കുന്നു.

വിദ്യാര്‍ത്ഥിയുടെ സ്വതന്ത്ര ചിന്തയെ ഉദ്ദീപിപ്പിക്കുകയല്ല, മറിച്ച് ഒരു കുഴലിലൂടെ വെള്ളം ഒഴുകുന്നതുപോലെ, ഇടത്തോട്ടൊ വലത്തൊട്ടൊ തിരിയാന്‍ അനുവദിക്കാതെ കൃത്യമായി ഗ്രന്ഥ കര്‍ത്ത്ക്കള്‍ ഉദ്ദേശിച്ച ഒരു ഉത്തരത്തില്‍ കൊണ്ടു പോയി എത്തിക്കുന്ന ചോദ്യങ്ങള്‍ നിരത്തി വയ്ക്കുന്നു.അവിടെയാണു ഡിസെപ്ഷന്‍.

ആ പുസ്തകം ഒരു കൊണ്‍‌‌വെക്സ് ലെന്‍സുപ്പോലെയാണ്. അതിലൂടെ ഏതു കോണില്‍ നിന്നു വരുന്ന പ്രകാശരശ്മി കടത്തിവിട്ടാലും ഒരൊറ്റ ബിന്ദുവില്‍ ‍(ഫോക്കസ്) ചെന്നു കൂട്ടിമുട്ടും.ജെവഹരിലാല്‍ നെഹ്രുവിന്റെ ഒസ്യത്തായാലും, കേരള ചരിത്രമായാലും, കാര്‍ഷിക സമരങ്ങളായാലും,പ്രകൃതി ക്ഷോഭം ആയാലും, “ജീവന്റെ“ മതത്തേക്കുറിച്ച് ആയാലും,ബൈബിള്‍, ഖുര്‍-ആന്‍ (മിസ്)കോട്ടിങ് ആയാലും ഈ ലെന്‍സിലൂടെ കടന്നു പോയിട്ട് ഒരൊറ്റ ബിന്ദുവില്‍ ചെന്നു മുട്ടുന്നു.
“മതമില്ലായ്മയാണ്“ മേത്തരം എന്ന ഒരൊറ്റ ബിന്ദുവില്‍.

വിദ്യാലയങ്ങളെ അതിന് ഉപയോഗിക്കുന്നത് ശരിയല്ല.

മതം പഠിപ്പിക്കുന്നതിന് വിദ്യാലയങ്ങള്‍ ഉപയോഗിക്കേണ്ടതില്ല. എന്നാല്‍ മതം ഇല്ലായ്മയാണ് ശ്രേഷ്ഠം എന്ന് സ്ക്കൂളുകള്‍ വഴി പഠിപ്പിക്കുവാനും പാടില്ല.മതമില്ലാത്ത ജീവിതത്തിന്റെ മഹനീയത പഠിപ്പിക്കാന്‍, സാഹാഹ്ന ക്ലാസ്സൂകളൊ, പുസ്തകങ്ങളൊ ഉപയോഗിക്കട്ടെ! മതേതര സര്‍ക്കാറിന്റെ പാഠ പുസ്തകത്തെ ഉപയോഗിക്കരുത്.