Tuesday, August 11, 2009

എന്റെ വിശ്വാസം തെറ്റായാല്‍?

ജീവന്റെ ഉല്‍പ്പത്തിയേപ്പറ്റി പരിശോധിച്ചു ഉറപ്പു വരുത്താനാവും വിധം കൃത്യമായ വിവരങ്ങള്‍ ഇന്നുവരെ കണ്ടെത്തിയിട്ടില്ലാത്തതിനാല്‍,ജീവിതത്തേക്കുറിച്ചുള്ള അടിസ്ഥാനപരമായ വിഷയങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഏതെങ്കിലും ഒരു വിശ്വാസത്തില്‍ ആശ്രയിക്കുക എന്ന പോംവഴിയാണ് അവശേഷിക്കുന്നത്! ആ നിലയില്‍ മനുഷ്യരാശി മുഴുവന്‍ താഴെ‍പ്പറയുന്ന ഏതെങ്കിലും ഒരു വിശ്വാസത്തിന്റെ അടിമകളായാണ് ജീവിക്കുന്നത് എന്നു പറയാം.

1. ഏക -ജന്മ വിശ്വാസം ( ക്രിസ്ത്യന്‍, മുസ്ലിം, യഹൂദ.. മതങ്ങള്‍)
2. പുനര്‍ജ്ജന്മ വിശ്വാസം (ഹിന്ദു, ജൈന.. മതങ്ങള്‍)
3. നിരീശ്വര വാദം

തത്വ ചിന്തകന്മാര്‍ നൂറ്റാണ്ടുകളായി ഈ വിശ്വാസങ്ങള്‍ ഒരോന്നും ശരിയാണെന്നു സ്ഥാപിക്കുവാന്‍ നിരന്തരം സംവാദങ്ങള്‍ നടത്തി വരുന്നു. ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെടത്തിടത്തോളം കാലം, ഊഹാപോഹങ്ങളിലും, വ്യക്തിപരമായ ബോധ്യപ്പെടലുകളിലും,സങ്കല്‍പ്പങ്ങളിലും,നിഗമനങ്ങളിലും അടിസ്ഥാനപ്പെടുത്തി ഏതെങ്കിലും ഒന്നില്‍ വിശ്വസിക്കിക്കുകയേ തരമുള്ളൂ.

ഇതില്‍ ഏതെങ്കിലും ഒന്നില്‍ വിശ്വസിക്കുകയും മറ്റു ര‍ണ്ടും തള്ളിക്കളയുകയും ചെയ്യുവാന്‍,അടിസ്ഥാനപരമായ ചില വിഷയങ്ങളില്‍ എങ്കിലും ചോദ്യം ചെയ്യാത്ത,അന്ധമായ വിശ്വാസം ആവശ്യമാണ്.പരി‍ശോധിച്ചു തെളിയിക്കാന്‍ കഴിയാത്ത നിഗമനങ്ങളെയാണ് അന്ധമായ വിശ്വാസം എന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കുന്നത്.

ഈ മൂന്നു വിശ്വാസ ധാരകള്‍ക്കും അതിന്റേതായ അന്ധ-വിശ്വാസ മേഘലകള്‍ ഉണ്ട്. ഓരോ വിശ്വാസത്തിലും നിലനില്‍ക്കുവാന്‍ അതിന്റെ അനുയായികള്‍ ചോദ്യം ചെയ്യാതെ ഇവയെ അംഗീകരിക്കുകയേ വഴിയുള്ളൂ.

അടിസ്ഥാനപരമായ ചില അന്ധവിശ്വാസങ്ങള്‍ ഇവയാണ്:

1.ഏക -ജന്മ വിശ്വാസം
ബൈബിള്‍, ഖുര്‍-ആന്‍, തോറ, അല്ലെങ്കില്‍ ഏതെങ്കിലും വിശുദ്ധഗ്രന്ഥം ദൈവത്തിന്റെ വചനമാണെന്നും, തിരുത്തുവാന്‍ ആര്‍ക്കും അധികാരമില്ലെന്നും, അതില്‍ പറഞ്ഞിരിക്കുന്നത് മുഴുവനും സത്യമാണെന്നും വിശ്വസിക്കണം. തങ്ങള്‍ സൃഷ്ടിക്കപ്പെട്ടതാണെന്നും, ഒരു പ്രാവശ്യം മാത്രമേ,ഈ ഭൂമിയില്‍ ജീവിക്കുവാന്‍ അവകാശം ഉള്ളൂ എന്നും അതിനുശേഷം നിത്യ നരകം അല്ലെങ്കില്‍ നിത്യ സ്വര്‍ഗ്ഗം ലഭിക്കും എന്നും വിശ്വസിക്കണം.

2. പുനര്‍ജ്ജന്മ വിശ്വാസം
ഇവര്‍, ഭൌതിക ജനനത്തിനും മുന്‍പേ ഉണ്ടായിരുന്നു, അല്‍പ്പകാലത്തെ വാസത്തിനുവേണ്ടി ഒരു ശരീരം ലഭിച്ചിരിക്കുന്നു, അതുകൊണ്ടു തന്നെ മരണത്തിലൂടെ ഈ ശരീരം ഉപേക്ഷിക്കുമെങ്കിലും, മറ്റൊരു ശരീരത്തില്‍ ഈ പ്രപഞ്ചത്തില്‍ ഇനിയും വസിക്കുവാനെത്തുന്ന ആത്മാവാണ് എന്നും വിശ്വസിക്കുന്നു.

3. നിരീശ്വര വാദം

നിരീശ്വര വാദികള്‍ തങ്ങല്‍ക്ക് ശരീരം മാത്രമേയുള്ളൂ,എന്നു കരുതുന്നു. ഭൌതിക വസ്തുക്കളുടെ പ്രത്യേക അനുപാതത്തിലൂടെയുള്ള സങ്കലനത്തിലൂടെയോ,പരിണാമത്തിലോടെയോ, സവിശേഷബുദ്ധിയും, ജീവനും, ഈ ശരീരത്തിനു ലഭിച്ചു എന്നും മരണത്തോടെ എല്ലാം അവസാനിക്കുന്നു എന്നും വിശ്വസിക്കുന്നു.

ഊഹാപോഹത്തിലൂന്നി ജീവിക്കുന്ന മനുഷ്യകുലം.

സൂക്ഷ്മമായി പരിശോധിച്ചാല്‍ ഈ മൂന്നു വിശ്വാസങ്ങളില്‍ പൊതുവായ ചിലവയെ എടുത്തുകൊണ്ടോ, തള്ളിക്കളഞ്ഞുകൊണ്ടോ, ഇതിനുള്ളില്‍ തന്നെ അവാന്തര വിഭാഗങ്ങള്‍ ഉണ്ടെന്നു കണ്ടെത്താമെങ്കിലും, സ്ഥൂലമായി നോക്കിയാല്‍ എല്ല്ലാ മനുഷ്യരേയും ഇവ ഇതില്‍ ഏതിലെങ്കിലും പെടുത്താവുന്നതേയുള്ളൂ. മേല്‍പ്പറഞ്ഞ മൂന്നു വിശ്വാസ സംഹിതകളുടേയും ഒരു പൊതുസ്വഭാവം, ഓരോ വിശ്വാസവും മറ്റു രണ്ടിനേയും തള്ളിപ്പറയുന്നു എന്നതാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഒരോ വിശ്വാസം മറ്റു രണ്ടു വിശ്വാസങ്ങള്‍ക്കു ഘടക വിരുദ്ധമാണ് എന്നു കാണാം.

ചുരുക്കത്തില്‍, ഇതില്‍ ഏതെങ്കിലും ഒന്നു ശരിയായാല്‍ മറ്റു രണ്ടും തെറ്റ് ആയിരിക്കും. ഏതു ശരി ഏതു തെറ്റ് എന്നത് അവിടെ നില്‍ക്കട്ടെ.പക്ഷേ ഏതെങ്കിലും ഒന്നു ശരിയാവാതെ തരമില്ല.എന്നു വച്ചാല്‍, ഏതെങ്കിലും രണ്ടെണ്ണം തെറ്റാവാതെ നിര്‍വ്വാഹമില്ല. അതായത്,മൂന്നില്‍ ര‍ണ്ടു വിശ്വാസങ്ങള്‍ സാങ്കല്‍പ്പികമാണ്, അയദാര്‍ത്ഥമാണ്.

ആ മൂന്നില്‍ രണ്ടില്‍പ്പെടുന്ന കോടിക്കണക്കിനു മനുഷ്യരുടെ ജിവിതത്തിന്റെ അധാര വിശ്വാസങ്ങള്‍ സങ്കല്‍പ്പങ്ങളിലൂന്നിയ കെട്ടുകഥളിലാണെന്നതാണ് സത്യം!

പൊതുവെ പറഞ്ഞാല്‍ ഈ വിഷയത്തില്‍ മനുഷ്യകുലത്തിന്റെ നില പരിതാപകരമാണെന്നു സമ്മതിക്കേണ്ടി വരും!

ഇതില്‍ ഏതിലെങ്കിലും ഒന്നില്‍ വിശ്വസിക്കുക എന്നത് തീരെ ചെറിയതോ,തികച്ചും വ്യക്തിപരമോ ആയ കാര്യം മാത്രമല്ല. “ഈ ഭൂമിയെന്ന കൊച്ചു ഗ്രഹത്തില്‍ ചുരുങ്ങിയ കാലയളവ് ഞാന്‍ എങ്ങിനെ ജീവിക്കണം ?” എന്ന് നിശ്ചയിക്കുന്നത് ഈ ആധാര വിശ്വാസ ത്തെ അടിസ്ഥാനമാക്കിയാണ്. സഹജീവികളേയും, പ്രപഞ്ചത്തേയും എങ്ങിനെ നോക്കിക്കാണുന്നു എന്നതിന് ഈ വിശ്വാസങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല.

നിലപാടുകളിലും മനോഭാവങ്ങളിലും വൈരുധ്യം പുലര്‍ത്തുന്ന അനേക മേഖലകള്‍ ‍ഈ മൂന്നു വിഭാഗങ്ങളില്‍ ഉണ്ടെങ്കിലും, സാമൂഹിക പ്രതിഫലങ്ങള്‍ ഉണ്ടാക്കുന്ന പ്രധാനപ്പെട്ടവ ഇവയാണ്:

1. എന്താണ് മനുഷ്യ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം?
2. ഓരോരുത്തന്റെ പ്രവൃത്തിയുടെ വരും വരായ്കകള്‍ എന്തൊക്കെയാണ്?
3. ഈ ഭൂമി എന്ന ഗ്രഹത്തോടും സഹ ജീവികളോടും എത്തരത്തിലുള്ള ബന്ധമാണ് സൂക്ഷിക്കേണ്ടത്?
4. മരണ ശേഷം എന്ത്?
5. ലൈംഗികതയോടുള്ള നിലപാട്
7. പാപത്തോടുള്ള നിലപാട്
8. ഭൌതിക ശരീരത്തോടുള്ള മനോഭാവം
9. അബോര്‍ഷന്‍, ദയാവധം, വിവാഹമോചനം

ഏതായിരിക്കാം ഈ മൂന്നു വിശ്വാസങ്ങളില്‍ ശരി?

കേവല യാഥാര്‍ത്ഥ്യതിലൂന്നി ആര്‍ക്കും ഉത്തരം പറയാനാവാത്ത ചോദ്യമാണിത്.മേല്‍ പരാമര്‍ശിച്ചതുപോലെ, ഇതില്‍ ഏതു ശരി എന്നു പറയണമെങ്കിലും, പരീക്ഷിച്ചു തെളിയിക്കപ്പെടാത്ത ചില വിശ്വാസങ്ങളെ അംഗീകരി‍ക്കേണ്ടി വരും. പൊതുവേ അംഗീകരിക്കുന്നതും ബഹുഭൂരിപക്ഷവും തുടരുന്നതുമായ രീതി, ഇപ്പോള്‍ നിലനില്‍ക്കുന്ന വിശ്വാസത്തില്‍ തന്നെ തുടരുക എന്നതാണ്.അനുഭങ്ങളേയും, ചുറ്റുപാടുകളേയും അടിസ്ഥാനപ്പെടുത്തി അവനവനു യോജിക്കുന്നതു തിരഞ്ഞെടുക്കുന്ന വരും കുറവല്ല.

വിശ്വാസം തെറ്റായാല്‍?

ഈ ലേഖനത്തിന്റെ ഉദ്ദേശ്യം ഈ ചോദ്യത്തിന്റെ ഉത്തരമാണ്.ഏതെങ്കുലും ഒന്നില്‍ വിശ്വസിക്കുക്കുകയും മറ്റു രണ്ടില്‍ ഏതെങ്കിലും ഒരെണ്ണം സത്യമാവുകയും ചെയ്താല്‍ ആര്‍ക്കാണ് കൂടുതല്‍ നഷ്ടം?

ദൈവത്തില്‍ വിശ്വസിക്കുകയും, സ്വര്‍ഗ്ഗമുണ്ടെന്നു ഭയക്കുകയും, കഴിയുന്നിടത്തോളം അതിനോടു നീതി പുലര്‍ത്തി ജീവിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക്, തന്റെ വിശ്വാസം തെറ്റായാലും പ്രത്യേകിച്ചു ഒന്നും നഷ്ടപ്പെടാനില്ല. മനുഷ്യര്‍ക്കും ദൈവത്തിനും കൊള്ളാവുന്ന ഒരുവനായി ജീവിച്ചാല്‍ നിരീശ്വര വാദം സത്യമായാലും, പുനര്‍ജന്മ വിശ്വാസം സത്യമായാലും, ഒന്നും നഷ്ടപ്പെടുന്നില്ല. ജീവിതകാലത്തു മുഴുവന്‍, വിശ്വാസത്തോടെ ആശ്രയിക്കുവാന്‍ ഒരു ദൈവം ഉണ്ടു താനും. ആ അശ്വാസത്തില്‍ ജീവിതം പ്രതിസന്ധികളെ നേരിടാനാവും.

പുനര്‍ജന്മത്തില്‍ വിശ്വസിക്കുകയും, നിരീശ്വര വാദം സത്യമാണെന്നും കരുതുക. കാര്യമായി ഒന്നും നഷ്ടപ്പെടാനില്ല. ഇനി ഒരു ജന്മമുണ്ടെന്ന് വിശ്വാസത്തില്‍, ജീവിത പ്രശ്നങ്ങളേയും, യാദാര്‍ത്ഥ്യങ്ങളേയും നേരിടാനാവും. പക്ഷേ, പുനര്‍ജന്മ വിശ്വാസത്തില്‍ ജീവിക്കുകയും, ഏക ജന്മ വിശ്വാസം സത്യമാവുകയും ചെയ്താല്‍, നഷ്ടം ചെറുതല്ല.

പക്ഷേ, ഏറ്റവും പരിതാപകരമായ അവസ്ഥ ആരുടെതെന്ന് അറിയാമോ? നിരീശ്വര വാദിയായി ജീവിക്കുകയും, ഏക ജന്മ വിശ്വാസം സത്യമാവുകയും ചെയ്താല്‍...ഒരിക്കലും തിരുത്താനാവാ‍ത്ത ഒരു വന്‍ വിപത്ത്- നരകത്തോളം ഭയാനകമായ ഒരു വിപത്താണ് കാത്തിരിക്കുന്നത്!


ഓര്‍ക്കുക, ഒരു പരീക്ഷണത്തിനു വേണ്ടിയായാലും, വിദൂര സാധ്യതയേ ഉള്ളൂ എങ്കിലും, നരകം കാത്തിരിക്കുന്ന വഴിയില്‍ നിന്നും മാറി നടക്കുന്നതാണ് നല്ലത്!
.



അവലംബം:www.truth101.org