Saturday, July 2, 2011

അഞ്ചു കല്‍പ്പനകള്‍ (പുതിയത്)


1. മതസ്ഥാപനത്തില്‍ നിന്നുള്ള വരുമാനം കൊണ്ട് ജീവിക്കുന്ന ഒരു പുരോഹിതനും ആ ഇടവകയിലെ ഏറ്റവും ദരിദ്രനേക്കാള്‍ ഉയര്‍ന്ന നിലവാര്‍ത്തില്‍ ജീവിച്ചുകൂടാ


2. മത സ്ഥാപനത്തിലെ സ്വത്തുക്കള്‍ ദൈനംദിന ചിലവിനും ശേഷിക്കുന്നവ ഇട്ടവകയിലെ ദരിദ്രര്‍ക്കും രോഗികള്‍ക്കും ആവശ്യാനുസരണം കൊടുക്കണം


3. മിച്ചം വരുന്നവ റോഡുകള്‍ -പാലങ്ങള്‍ മുതലായ പണിയുവാന്‍ പ്രത്യേക നിധിശേഖരം ഉണ്ടാക്കി സര്‍ക്കാരിനു കൈമാറണം.


4. ഒരു മത സ്ഥാപനവും ധനം ആര്‍ജ്ജിക്കുവാന്‍ ലാഭാധിഷ്ടിതമായ വ്യാപാര-വ്യവസായങ്ങള്‍ ആരംഭിക്കുകയോ നടത്തുകയോ ചെയ്യരുത്.


5. റോഡിനരികില്‍ സ്ഥാപിച്ചിരിക്കു ന്ന ഭിക്ഷാടന-ഭണ്ടാരക്കുറ്റികള്‍ എടുത്തുമാറ്റുക. (ദൈവം മനുഷ്യനോടല്ല, മനുഷ്യന്‍ ദൈവത്തോടാണ് യാചിക്കേണ്ടത്)

Sunday, May 29, 2011

ആരാണീ ആകാശപ്പറവകൾ.??/

ആകാശപ്പറവകൾ വാർത്തയിൽ ഇടം നേടിക്കൊണ്ടിരിക്കുന്നു . ബസ്സിലും ബ്ലൊഗിലും  പോസ്റ്റുകളും റീഷെയറുകളും തകൃതിയായിനടക്കുന്നു. ദാരുണമായി കൊലചെയ്യപ്പെട്ട സൗമ്യയുടെ കൊലപാതകക്കേസിലെ കുറ്റവാളി ഗോവിന്ദചാമി മതം മാറി ചാർളി തോമസ് ആയി എന്നും മതം മാറ്റത്തിനു പിന്നിൽ  ആകാശപ്പറവകൾ എന്ന പ്രാർത്ഥനാ ഗ്രൂപ്  ആണെന്നും ഡെയ്`ലി മലയാളം റിപ്പോർട്ട് ചെയ്യുന്നു.
സുവിശേഷം മനുഷ്യനെ തെറ്റില്‍നിന്നും ശരിയിലേക്ക് നയിക്കാനുള്ള ദൈവനിയോഗമാണ്. എന്നാല്‍ കുറ്റവാളികളേയും കൊള്ളക്കാരേയും സംരക്ഷിക്കാനും സുവിശേഷത്തിന്റെ മഹത്തായ ലക്ഷ്യങ്ങള്‍ ഉപയോഗിക്കുകയാണോ - എന്നും പത്രം ചോദിക്കുന്നു.

 ആകാശപ്പറവകൾ എന്ന പ്രാർത്ഥനാഗ്രൂപ് ആരു നടത്തുന്നുവെന്നോ, എന്താ അവരുടെ ആശയമെന്നോ, നടത്തുന്നവരുടെ ഉദ്ദേശമെന്തെന്നോ- എനിക്കറിയില്ല. അങ്ങിനെ ഒരു ഗ്രൂപ് ഉണ്ടോ എന്നു പോലും അറിയില്ല.
 എന്തായാലും അവരുടെ ഇടപെടൽ  സുവിശേഷപ്രവർത്തനത്തിൽ ഏർപ്പെടുന്നവരുടെ ഉദ്ദേശശുദ്ധി  ചോദ്യം ചെയ്യുന്ന നിലയിലേക്കു കാര്യങ്ങൾ എത്തിയിരിക്കുന്നു.  സുവിശേഷപ്രവർത്തനത്തിൽ ഏർപ്പെടുന്ന ഒരാൾ എന്ന നിലയിൽ, ഞാൻ മനസിലാക്കിയ സുവിശേഷം കുറ്റവാളിയേയും കൊള്ളക്കാരേയും  ഒരു തരത്തിലും രക്ഷപ്പെടാൻ കൂട്ടു നിൽക്കുന്നതല്ല.
മറിച്ച് കോടതികൾക്ക് ചെയ്യുവാൻ കഴിയാത്ത ഒരു മഹത്കാര്യം സുവിശേഷത്തിനു ചെയ്യുവാൻ കഴിയും . ചെയ്ത കുറ്റത്തിനു തക്ക ശിക്ഷ നൽകുവാൻ കോടതി ശ്രമിക്കുമ്പോൾ കുറ്റവാളിക്കു പാപബോധം വരുത്തുവാനണ് സുവിശേഷം ശ്രമിക്കുന്നത്. . പാപബോധം വന്ന ഒരുവനെ  മാനസാന്തരത്തിലേയ്ക്കു നയിക്കുന്നതാണ് യദാർത്ഥ സുവിശേഷപ്രവർത്തനം.  മാനസാന്തരം വന്ന ഒരാൾ പിന്നീട് പപത്തിലേയ്ക്കു തിരിച്ചുപോവുകയുമില്ല എന്നു സുവിശേഷം പഠിപ്പിക്കുന്നു.

എന്നാൽ ഇപ്പറഞ്ഞതിൽ നിന്നും കുറ്റം ചെയ്തയാൾ മാനസാന്തരപ്പെട്ടാൽ   ശിക്ഷ ഇളവുചെയ്യണമെന്നോ രക്ഷെപ്പെടുത്തണമെന്നോ അർത്ഥമില്ല.

പത്ര വാർത്തയിൽ നിന്നും ഗോവിന്ദചാമിയെന്ന  ചാർളി തോമസ് പ്രാഥമിക വാദത്തിൽ തന്നെ കുറ്റം നിഷേധിച്ചിരിക്കുകയാണ്.

ഗോവിന്ദചാമിയ്ക്കു  ബൈബിളിന്റെ അടിസ്ഥാനത്തിൽ മാനസാന്തരം ഉണ്ടായിട്ടില്ല എന്നതിന്റെ ഒന്നാമത്തെ തെളിവു ഇതു തന്നെ.
 യദാർത്ഥമായി ഗോവിന്ദചാമി ബൈബിൾ കേൾക്കുകയോ ക്രിസ്തുവിൽ വിശ്വസിക്കുകയോ  ചെയ്തിരുന്നെങ്കിൽ ഒരിക്കലും കുറ്റം നിഷേധിക്കുമായിരുന്നില്ല, ഒരൊറ്റ വക്കീലിനേയും വയ്ക്കുമായിരുന്നുമില്ല. (ഗോവിന്ദചാമി തന്നെയാണ് കുറ്റം ചെയ്തത് എന്ന മാധ്യമങ്ങളുടെ വാർത്തയെയും പോലീസിനേയും  വിശ്വസിച്ചുകൊണ്ണ്ടാണ് ഇതെഴുതുന്നത്)

കോടതിയോടും, സമൂഹത്തോടും, സൗമ്യയുടെ കുടുംബത്തോടും തെറ്റു ചെയ്തത്  താൻ തന്നെയാണ് ഏറ്റു പറയുമ്പോൾ മാത്രമേ സുവിശേഷത്തിലൂടെയുള്ള മാനസാന്തരത്തിന്റെ ഒന്നാമത്തെ പടി പൊന്നുച്ചാമി ചവിട്ടുകയുള്ളൂ.  ജഡത്തിൽ വിതച്ചത് ജഡത്തിൽ കൊയ്യും എന്നാണ് ബൈബിളിന്റെ പ്രമാണം. മനുഷ്യൻ നിർമ്മിച്ച നിയമ സംഹിതയ്ക്കനുസരിച്ചുള്ള ശിക്ഷഅനുഭവിച്ചേപറ്റുകയുള്ളൂ. എന്നാൽ നിത്യ ശിക്ഷയിനിന്നുമുള്ള മോചനത്തിന്റെ മാർഗ്ഗമാണ് ക്രിസ്തുവിന്റെ സുവിശേഷം.

ക്രിസ്തുവിനോടൊപ്പം കുരിശിൽ തറയ്ക്കപ്പെട്ട രണ്ടു കള്ളന്മാരുടെ സംഭാഷണം ബൈബിളിൽ പരാമർശിച്ചിട്ടുണ്ട്. ഒരാൾ മറ്റേയാളോട് പറയുകയാണ്, "നാമോ കുറ്റം ചെയ്തിട്ടു ശിക്ഷ അനുഭവിക്കുന്നു - "
അതെ, ഇതാണ് മാനസാന്തരത്തിലേയ്ക്കുള്ള വാതിൽ- അപ്രകാരം പറഞ്ഞകള്ളന്  ക്രിസ്തു ശിക്ഷയിൽ നിന്നും ഇളവു ചെയ്യുകയോ മോചിപ്പിക്കുകയല്ല മറച്ചു ആർക്കും കൊടുക്കുവാൻ കഴിയാത്ത ഒരു ഉറപ്പ് കൊടുക്കുകയാണ് ,

"ഇന്ന് നീ പറുദീസയിൽ എന്നോടോപ്പം ഇരിക്കും"

ആകാശപ്പറവകൾ, ഗോവിന്ദചാമിയെ മോചിപ്പിക്കാൻ വക്കീലന്മാരെ നിയോഗിക്കുന്നു എന്ന പത്രവാർത്ത ശരിയാണെങ്കിൽ- നിങ്ങൾ വെല്ലുവിളിക്കുന്നത്, ഭാരതത്തേയും   നമ്മുടെ നിയമ സംഹിതകളേയും മാത്രമല്ല.
പാപികൾക്കു വേണ്ടി മരിച്ച യേശുവിനോടും അവന്റെ വചനങ്ങളോടുമുള്ള വെല്ലുവിളിയാണത്- 

നിങ്ങൾ ക്രിസ്തുവിനെ അപമാനിക്കുന്നു എന്നു പറയാതെ തരമില്ല.

Friday, September 24, 2010

വായിച്ചിരിക്കേണ്ട പുസ്തകം -ഭാഗം. 2


ഭാഗം-1 ഇവിടെ വായിക്കാം


അടുത്ത ഒരാഴ്ച ഫര്‍സ്റ്റ് ചര്‍ച്ചിലെ വിശ്വാസികളുടെ ചര്‍ച്ചാ വിഷയം ഇതു മാത്രമായിരുന്നു. കഠിനമായ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ അയാളെ ഒരു മാനസിക രോഗത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുന്നു എന്നു പലരും വിലയിരുത്തി. എങ്കിലും, ആര്‍ക്കും അയാളോട് അപ്രിയം തോന്നിയിരുന്നില്ല. കാരണം, മൃദുവായ ശബ്ദത്തില്‍, ക്ഷമാപണത്തോടുകൂടിയായിരുന്നു അയാളുടെ വാക്കുകള്‍. ആരേയും പരോക്ഷമായിപ്പോലും കുറ്റപ്പെടുത്തിയിരുന്നതുമില്ല. ആ സഭ വിശ്വാസികളില്‍ ഒരാളെപ്പോലെതന്നെ  ഒരു  ആത്മീയ വിഷയത്തിന്റെ ഉത്തരം തോടുന്നവനായി  തോന്നി.

" ഇന്നത്തെ യോഗം കഴിഞ്ഞു"

ആ ചെറുപ്പക്കാരന്‍ നിലത്തു വീണ ഉടനെ  മാക്സ്‌വെല്‍ സഭയേ അറിയിച്ചു. എല്ലാവരും സ്തബ്ദരായി ഇരിക്കുകയായിരുന്നു.

സഭ പിരിഞ്ഞു, അവര്‍ അയാളെ  എടുത്ത് ഒരു കട്ടിലില്‍ കിടത്തി. ചുരുക്കം ചിലര്‍ ചുറ്റും കൂടി നിന്നും.

"ഇനി എന്തു ചെയ്യും ?"

"എന്തായാലും എന്റെ വീട്ടിലേയ്ക്കു തന്നെ കൊണ്ടു പോകാം." മാക്സ്‌വെല്‍.

"എന്റെ വീട്ടില്‍ അമ്മ തനിച്ചല്ലേ ഉള്ളൂ "ഉടന്‍ തന്നെ റേയ്ച്ചല്‍ വിന്‍സ്ലോ ഇടപെട്ടു.

“ഇദ്ദേഹം നിശ്ചയമായിട്ടും അമ്മയ്ക്കു നല്ലൊരു കൂട്ട് ആയിരിക്കും“

അവര്‍ പറഞ്ഞു നിര്‍ത്തി. വല്ലാത്ത ഒരു പരിഭ്രമം അവളുടെ മുഖത്തു  പടര്‍ന്നു. റേയ്ച്ചലിനു മാത്രമല്ല, ഫസ്റ്റ് ചര്‍ച്ചിന്റെ  തന്നെ ചരിത്രത്തില്‍ ഇത്തരം ഒരു സംഭവം അരങ്ങേറിയിട്ടില്ല.

പക്ഷേ, മാക്സ്‌വെല്‍ വഴങ്ങാന്‍ കൂട്ടാക്കിയില്ല. ജീവനറ്റതുപോലെ കിടന്ന ആ ചെറുപ്പക്കാരനെ തന്റെ വീട്ടില്‍ കൊണ്ടുപോയി കിടത്തുമ്പോള്‍ ‍, മാക്സ്‌വെല്ലിന്റെ ജീവിതത്തിലെ മനുഷ്യത്വത്തിന്റെ പുതിയ ഒരു വാതായനം തുറക്കുകയായിരുന്നു.

കൃസ്ത്യാനി എന്ന നിലയില്‍ അദ്ദേഹത്തിന്റെ  ജീവിതത്തിലെ ഏറ്റവും  നിര്‍ണ്ണായകരമായ വഴിത്തിരുവില്‍ എത്തി നില്‍ക്കുകയാണെന്നു മാക്സ്‌വെല്‍ തിരിച്ചറിഞ്ഞു.

മൂന്നാമത്തെ ദിവസം ആ ചെറുപ്പക്കാരന്റെ നിലയ്ക്കു ചെറിയ വ്യത്യാസം വന്നു, എങ്കിലും പ്രതീക്ഷയ്ക്കുള്ള വക ഇല്ല എന്നു ഡോക്ടര്‍ അറിയിച്ചു.


ശനിയാഴ്ച അര്‍ദ്ധരാത്രി.

ഏകമകള്‍ ഇതുവരെ എത്തിയില്ലേ എന്നയാള്‍ നേര്‍ത്ത ശബ്ദത്തില്‍ അന്വേഷിച്ചു.

" മകള്‍ യാത്രയില്‍ ആണ്, ഉടനെ എത്തും"

എല്ലാ ദിവസവും രാത്രിയില്‍ ഉറക്കമൊഴിഞ്ഞു അയാളെ ശുശ്രൂഷിച്ചുകൊണ്ടിരുന്നതിനാല്‍ മാര്‍ക്സ്‌വെല്ലിന്റെ ശബ്ദവും തളര്‍ന്നതായിരുന്നു.

അയാള്‍ മെല്ലെ കണ്ണുതുറന്നു.

" ഈ ലോകത്തില്‍ വച്ച് ഇനിയെന്റെ മകളെ കാണാന്‍ കഴിയുകയില്ല." അയാള്‍ പിറുപിറുത്തു.

"നിങ്ങള്‍ എല്ലാവരും എന്നോടു കരുണ കാണിച്ചു, ഇപ്പോല്‍ എനിക്കു തോന്നുന്നു, യേശു ആയിരുന്നു നിങ്ങളുടെ സ്ഥാനത്ത് എങ്കില്‍ ഇതു തന്നെ ചെയ്യുമായിരുന്നു"

അയാള്‍ പറഞ്ഞു നിര്‍ത്തി. അല്പ നിമിഷം കഴിഞ്ഞു, അയാളുടെ ശിരസ്സ് ഒരു വശത്തേയ്ക്കു ചരിഞ്ഞു,
"അയാള്‍  പോയിക്കഴിഞ്ഞു" ഡോക്ടര്‍ ശാന്തമായി പറഞ്ഞു.

ആ പാവം ചെറുപ്പക്കാരന്റെ  മകള്‍ എത്തിയതു പിന്നേയും ഒരു മണിക്കൂര്‍ കഴിഞ്ഞാണ്.

അടുത്ത ഞായറാഴ്ച.
 റെയ്മണ്ട് പട്ടണത്തിനു ഒരു വ്യത്യാസവും ഉണ്ടായിരുന്നില്ല. എങ്കിലും ഫര്‍സ്റ്റ് ചര്‍ച്ചില്‍ പതിവിലേറെ വിശ്വാസികള്‍ തടിച്ചുകൂടിയിരുന്നു.


"നമ്മുടെ സഹോദരന്‍ ഇന്നു രാവിലെ  മരിച്ചു" 

വിറയ്ക്കുന്ന ചുണ്ടുകളോടെ മാര്‍ക്സ്വെല്‍ പ്രസംഗപീഠത്തില്‍ കൈയൂന്നിക്കൊണ്ട് വിശ്വാസികളെ അറിയിച്ചു. മാക്സ്‌വെല്‍ തന്റെ പ്രസം‌ഗത്തിന്റെ അവസാന ഭാഗത്ത് എത്തിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട  സഭാ പരിപാലന ചരിത്രത്തില്‍ അന്നു ആദ്യമായി പ്രസം‌ഗ കുറിപ്പ് ഇല്ലാതെ ആയിരുന്നു മാക്സ്വെല്‍ പ്രസം‌ഗ പീഠത്തില്‍ എത്തിയത്.

അദ്ദേഹത്തിന്റെ മുഖം ദീര്‍ഘകാലം രോഗം ബാധിച്ചു കിടന്ന രോഗിയേപ്പോലെ  തോന്നിച്ചു. വല്ലാത്ത ഒരു മാനസിക വ്യഥ അദ്ദേഹം അനുഭവിക്കുന്നുണ്ടായിരുന്നു. എന്തോ ഗഹനമായത് വിശ്വാസികളുമായി പങ്കു വെയ്ക്കുവാന്‍ അദ്ദേഹം ശ്രമിക്കുകയായിരുന്നു.
 ഹാളിനുള്ളിലെ പൂര്‍ണ്ണമായ നിശബ്ദതയില്‍ അദ്ദേഹം തുടര്‍ന്നു,

"അയാളുടെ മകള്‍ ഇപ്പോള്‍ ഞങ്ങളുടെ കൂടെയാണുള്ളത്."
ഓരോ വാക്കും സൂക്ഷിച്ചു പെറുക്കി പെറുക്കി പറയുന്നത്പോലെ തോന്നിച്ചു.

 "കഴിഞ്ഞ ആഴ്ച ആ ചെറുപ്പക്കാരന്‍ ഇവിടെ വച്ച് പറഞ്ഞത്,  എനിക്കു മറക്കാന്‍ കഴിയുന്നില്ല. അന്നുമുതല്‍,  ഞാന്‍ എന്നോടു തന്നെ ഒരിക്കലും ചോദിച്ചിട്ടില്ലാത്ത ഒരു ചോദ്യം എന്നെ വേട്ടയാടുന്നു, 'യേശുവിനെ അനുഗമിക്കുക എന്നു പറഞ്ഞാല്‍ എന്താണു അര്‍ത്ഥമാക്കുന്നത്?'. നിങ്ങളെയോ എന്നെയോ, ഈ ലോകത്തിലുള്ള മറ്റാരെയെങ്കിലുമോ വിധിക്കുവാന്‍ ഞാന്‍ ആളല്ല.  പക്ഷേ, ഈ ചോദ്യത്തിനു ഒരു  ഉത്തരം നമ്മള്‍ ഓരോരുത്തരും  സ്വയം കണ്ടെത്തേണ്ടതാണെന്നു ഞാന്‍ വിശ്വസിക്കുന്നു. "

" ഈ ചോദ്യത്തിനു തൃപ്തികരമായ ഉത്തരം നല്‍കുവാന്‍ ഒരു പദ്ധതി മുന്നോട്ടു വയ്ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. "

വിശ്വാസികള്‍ മുഖത്തോടു മുഖം നോക്കി. റെയ്മണ്ട് പട്ടണത്തിലെ ഏറ്റവും പുരാതനമായ സഭ അയിരുന്നു അത്. ആ സഭയിലെ അംഗമായിരിക്കുന്നത് പലരും അഭിമാനമായിക്കണ്ടിരുന്നു. സമൂഹത്തിലെ സ്വാധീന ശക്തിയുള്ള പല പ്രമുഖരും അവിടുത്തെ അംഗങ്ങള്‍ ആയിരുന്നു.

അവരില്‍ എത്ര പേര്‍ ഈ നിര്‍ദ്ദേശത്തെ സ്വീകരിക്കുമെന്നു അറിയാനുള്ള ആകംഷയോടെ മാക്സ്‌വെല്‍ സാവധാനം തുടര്‍ന്നു.

"അസാധ്യമായ ഒരു കര്‍മ്മ പരിപാടിയല്ല  എന്റെ മുന്നിലുള്ളത് എന്നു ഞാന്‍ ആശിക്കുന്നു.  പക്ഷേ എല്ലാവര്‍ക്കും സ്വീകാര്യമായി തോന്നിക്കൊള്ളണമെന്നും ഇല്ല.  "

അദ്ദേഹം പ്രസം‌ഗത്തിന്റെ ഏറ്റവും, കാതലായ ഭാഗത്തേയ്ക്കു കടന്നു.

"എന്തു പ്രവര്‍ത്തി ചെയ്യുന്നതിനു മുന്‍പും "യേശുവായിരുന്നു എങ്കില്‍ എന്തു ചെയ്യുമായിരുന്നു?" എന്നു സ്വയം ചോദിച്ചിട്ടു അതിനു ലഭിക്കുന്ന ഉത്തരം മാത്രം പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം വിശ്വാസികളെ തിരഞ്ഞെടുക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.  അങ്ങിനെ ചെയ്യുന്ന പ്രവര്‍ത്തിയുടെ ഫലം എന്തു തന്നെയായിരുന്നാലും നേരിടാന്‍ കെല്പ്പും ദൃഢനിശ്ചയവുമുള്ളരെയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. തീര്‍ച്ചയായും ഞാന്‍ ആ കൂട്ടത്തിലെ ഒരം‌ഗം ആയിരിക്കും. യേശു ഇന്നു, ഇവിടെ, ജീവിച്ചിരുന്നെങ്കില്‍ നമ്മുടേ ഓരുത്തരുടെ സ്ഥാനത്ത് എന്തു ചെയ്യുമായിരുന്നോ അതാണ് ഈ കൂട്ടത്തില്‍ അംഗമായിരിക്കുന്നവര്‍ ചെയ്യേണ്ടത്.  ആ നിലവാരത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വരുന്ന എല്ലാ പ്രതികൂലങ്ങള്‍ക്കും പ്രത്യാഘാതങ്ങള്‍ക്കും സഭ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും ഞാന്‍ ഉറപ്പു തരുന്നു"

" അങ്ങിനയുള്ള സംഘത്തിന്റെ ഭാഗമാകുവാന്‍ ആഗ്രഹിക്കുന്നവര്‍ മാത്രം, ഈ യോഗത്തിനു ശേഷം ഇവിടെ നിക്കണമെന്ന് അപേക്ഷിക്കുന്നു"

മാക്സ്‌വെല്‍ പറഞ്ഞു നിര്‍ത്തി.

"ഇന്നത്തെ യോഗം അവസാനിച്ചിരിക്കുന്നു."



( തുടരും.)
===========================================
മൂന്നു കോടി പ്രതികള്‍ വിറ്റഴിഞ്ഞ ചാര്‍ത്സ് ഷെലഡമിന്റെ ഇന്‍ ഹിസ് സ്റ്റെപ്സ് എന്ന വിഖ്യാത നോവലിന്റെ രണ്ടാമത്തെ അദ്ധ്യായത്തിന്റെ സ്വതന്ത്ര പരിഭാഷയാണ് ഇത്. പദാനുപദ വിവര്‍ത്തനരീതിയല്ല ഇവിടെ അവലംബിച്ചിരിക്കുന്നത്

Tuesday, September 14, 2010

വായിച്ചിരിക്കേണ്ട പുസ്തകം. ഭാഗം -1


“ഞാന്‍ ഇവിടെ വന്നിരുന്നപ്പോള്‍ മുതല്‍ ചിന്തിക്കുകയായിരുന്നു " ഹാളിന്റെ പിന്നില്‍ നിന്നും ഉയര്‍ന്ന ശബ്ദം കേട്ടു എല്ലാവരും അമ്പരന്നു.

റവ. മാക്സ്‌വെല്‍ പ്രസംഗം പൂര്‍ത്തിയാക്കിട്ട് ഇരുപ്പിടത്തിനരികില്‍ എത്തിയതേയുള്ളൂ. ഇന്നത്തെ പ്രസംഗം ഇത്ര കണ്ടു വിജയിക്കുമെന്നു കരുതിയിരുന്നതല്ല.  ആരുടെ മനസിനേയും ഇളക്കാന്‍ പോന്ന ചിന്തകളായിരുന്നു പ്രസംഗത്തിലുടനീളം. മാക്സ്‌വെല്ലിന്റെ നാടകീയ അവതരണം ഫസ്റ്റ് ചര്‍ച്ചിലെ വിശ്വാസികള്‍ക്കു എന്നും ഇഷ്ടമായിരുന്നു. അദ്ദേഹം വെറുതെ ഒന്നും പറയാറില്ല. ജീവിതത്തെ മാറ്റിമറിക്കാന്‍ തക്ക ആഴമുള്ളതും പ്രയോചനപ്രദമായതും മാത്രമേ ഞായറാഴ്ച ശുശ്രൂഷയില്‍ മാക്സ്‌വെല്‍ പറയുകയുള്ളൂ. അതറിയാവുന്ന പ്രേക്ഷകരും  അദ്ദേഹം പ്രസംഗ പീഠത്തില്‍ എത്തിയാല്‍ ശ്വാസം വിടാതെ പൂര്‍ണ്ണ നിശബ്ദതയില്‍ ശ്രവിച്ചുകൊണ്ടിരിക്കും.

ചന്നം പിന്നം പെയ്തു തുടങ്ങുന്ന മഴ, ക്രമേണ വളര്‍ന്ന് ആര്‍ത്തലച്ചു പെയ്തു, മണ്ണിനേയും അന്തരീക്ഷത്തേയും കുളിരണിയിപ്പിച്ചു, അവസാനം ശാന്തമായി പെയ്തൊടുങ്ങുന്നതുപോലെയായിരുന്നു മാര്‍ക്സ്‌വെല്ലിന്റെ പ്രസംഗങ്ങള്‍. ഒരു തരത്തിലും ഒരു മോശം പ്രസംഗകനെന്നു അദ്ദേഹത്തെ ആരും പറയുമായിരുന്നില്ല.
റേയ്ച്ചല്‍ വിന്‍സ്ലോയുടെ നേര്‍ത്ത ശബ്ദത്തിലുള്ള അതിമനോഹരമായ ഗാനത്തിനു ശേഷമാണ് പ്രസംഗം ആരംഭിച്ചത്.  ഓക് മരത്തില്‍ കടഞ്ഞെടുത്ത കുരുശു രൂപത്തിന്റെ പിന്നില്‍ നിന്നും പാടുന്ന  അവള്‍ എന്നെത്തേക്കാളും സുന്ദരിയായിത്തോന്നി. രൂപത്തേക്കാള്‍ സൗന്ദര്യം അവളുടെ ശബ്ദത്തിനുണ്ടായിരുന്നു.

"എന്റെ ക്രൂശുമായി .. ഞാനിതാ യേശുവെ..
എന്നാളും നിന്നെ അനുഗമിക്കും......"

യാചകരോടും കുഷ്ഠരോഗികളോടും കൂടെ സഹവസിച്ച നല്ല ഇടയന്റെ രക്തം വീണ കാലടികളെ തുടരുമെന്ന റേയ്ച്ചലിന്റെ നേര്‍ത്ത ശബ്ദത്തിലുള്ള ഗാനം, എല്ലാവരുടെ മനസിനേയും സ്വാധീനിച്ചു. ഏറ്റവും വിലകൂടിയ സംഗീത ഉപകരണങ്ങള്‍ അവര്‍ക്ക് ഉണ്ടായിരുന്നു.

 പാട്ടും പ്രസംഗവും സൃഷ്ടിച്ച ആത്മീയ അന്തരീക്ഷത്തിന് ഭംഗം വരുത്തിക്കൊണ്ടാണ് ആ ശബ്ദം പിന്നില്‍ നിന്നും കേട്ടത്.

 അതു ഒരു പുരുഷന്റെ ശബ്ദമായിരുന്നു.

എല്ലാവരും ആശ്ചര്യപ്പെട്ടു തിരിഞ്ഞു നോക്കി. സഭാ ഹാളിന്റെ പിന്നില്‍ നിന്നും ഒരു മനുഷ്യന്‍ എഴുന്നേറ്റു നടന്നു വരുന്നു. എന്തു സംഭവിക്കുന്നു എന്നു ആളുകള്‍ തിരിച്ചറിയുന്നതിനകം അദ്ദേഹം പ്രസംഗ പീഠത്തിന്റെ മുന്നില്‍ എത്തിക്കഴിഞ്ഞു.

"ഞാന്‍ ഇനിടെ വന്നിരുന്നപ്പോള്‍ മുതല്‍ ഇതു തന്നെ ചിന്തിക്കുകയായിരുന്നു" അദ്ദേഹം ആ വാക്കുകള്‍ ആവര്‍ത്തിച്ചു.

"ഈ യോഗം അവസാനിക്കുന്നതിനു മുന്‍പ് ഇതു  എങ്ങിനെ നിങ്ങളൊട് ഒന്നു പറയണമെന്ന്."

"നിങ്ങള്‍ ആരും ഭയപ്പെടേണ്ടതില്ല, ഞാനൊരു മദ്യപാനിയല്ല, ഭ്രാന്തനും അല്ല.  പൂര്‍ണ്ണമായും നിരുപ്രവകാരിയായ മനുഷ്യനാണ്  . ഞാനിവിടെ വീണു മരിച്ചാല്‍, ഒരു പക്ഷേ വരും ദിവസങ്ങള്‍ക്കുള്ളില്‍ അങ്ങിനെ തന്നെ സംഭവിക്കാന്‍ സാധ്യതയുണ്ട്,   ഇതു പോലൊരു സ്ഥലത്ത്, നിങ്ങളേപ്പോലുള്ളവരുടെ   മുന്‍പില്‍ എനിക്കു പറയുവാനുള്ളത് പറഞ്ഞു എന്നു സംതൃപ്തിയെങ്കിലുമുണ്ടാവും"

മാക്സ്‌വെല്‍ ഒരു ഞെട്ടലോടെ അയാളെ തിരിച്ചറിഞ്ഞു. അതേ, കഴിഞ്ഞ വെള്ളിയാഴ്ച വീട്ടില്‍ വന്ന അതേ ചെറുപ്പക്കാരന്‍!

ഞായറാഴ്ചക്കുള്ള  പ്രസംഗം പൂര്‍ത്തിയാകാത്തതില്‍ അന്നു മാക്സ്‌വെല്‍ അസ്വസ്ഥനായിരുന്നു. എന്തെങ്കിലും കുത്തിക്കുറിക്കാന്‍ തുടങ്ങുമ്പോഴേയ്ക്കും ആരെങ്കിലും വരും. തികഞ്ഞ ഏകാഗ്രതയില്ലാതെ അദ്ദേഹത്തിനു പ്രസംഗക്കുറിപ്പു തയ്യാറാക്കാന്‍ കഴിയില്ലായിരുന്നു.

"മേരീ" അദ്ദേഹം ഭാര്യയെ വിളിച്ചു.
"ഇനി ആരെങ്കിലും വന്നാല്‍ ഞാന്‍ തിരക്കാണെന്നു പറഞ്ഞേക്കുക. അത്ര അത്യാവശ്യമില്ലെങ്കില്‍ കുറച്ചു സമയത്തിനു താഴെ ഇറങ്ങി വരാന്‍ എനിക്കു പറ്റില്ല "

“പക്ഷേ, എനിക്കു നേഴ്സറിയില്‍ പോകേണ്ടതുണ്ടെല്ലോ , അതു കൊണ്ട് ഞാനിവിടെ ഉണ്ടാകില്ല." മേരി.

മാക്സ്‌വെല്‍ മുകളിലത്തെ നിലയിലെ പഠന മുറിയില്‍ കയറി വാതിലടച്ചു. അല്പ സമയത്തിനുള്ളില്‍  ഭാര്യ പുറത്തു പോകുന്നതിന്റെ ശബ്ദവും കേട്ടു. പൂര്‍ണ്ണ നിശബ്ദതയില്‍,  ഹൃദയത്തെ വേദ പുസ്തകത്തില്‍  കേന്ദ്രീകരിച്ചു,

പത്രോസ് 2:20
"നിങ്ങൾ കുറ്റം ചെയ്തിട്ടു അടികൊള്ളുന്നതു സഹിച്ചാൽ എന്തു യശസ്സുള്ളു? അല്ല, നന്മ ചെയ്തിട്ടു കഷ്ടം സഹിച്ചാൽ അതു ദൈവത്തിന്നു പ്രസാദം.അതിന്നായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നതു. ക്രിസ്തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിൻ തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു."

മനുഷ്യനു പിന്തുടരുവാന്‍ നന്മയുടെ വഴി ശേഷിപ്പിച്ച നല്ല ഇടയന്റെ ത്യാഗ നിര്‍ഭരമായ ജീവിതവും മരണവും - ഒരു നല്ല പ്രസംഗത്തിനുള്ള വിഷയം മനസ്സില്‍ രൂപമെടുത്തു.  കടാസും പേനയുമെടുത്തു കുറിച്ചു തുടങ്ങി. "എങ്ങിനെ ക്രിസ്തുവിനെ പിന്തുടരാം ?"

പെട്ടെന്നു കാളിം‌ഗ് ബെല്‍ ശബ്ദിച്ചു. അദ്ദേഹം അനങ്ങിയില്ല. നിമിഷങ്ങള്‍ക്കകം, ശബ്ദം വീണ്ടും ആവര്‍ത്തിച്ചു.
അദ്ദേഹം സാവധാനം എഴുന്നേറ്റ് മുകളിലുള്ള ജനല്‍ തുറന്നു നോക്കി. അവിടെ നിന്നും താഴേയ്ക്കു നോക്കിയാല്‍ മുന്‍ വാതിലില്‍ നില്‍ക്കുന്നവരെ നന്നായി കണാമായിരുന്നു. മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു ചെറുപ്പക്കാരന്‍.

"ഭിക്ഷക്കാരനാണെന്നു തോന്നുന്നല്ലോ?"

താഴെയിറങ്ങി വാതി തുറന്ന ഉടനെ ആചെറുപ്പക്കാരന്‍ പറഞ്ഞു,
"സര്‍, എന്റെ ജോലി നഷ്ടപ്പെട്ടിരിക്കുന്നു, താങ്കള്‍ക്ക് എന്നെ സഹായിക്കാന്‍ കഴിമെന്നു വിചാരിച്ച് വന്നതാണ്"
"എനിക്കു ഒന്നും അറിയില്ല, അല്ലെങ്കിലും ഇപ്പോള്‍ പൊതുവേ ജോലികള്‍ ഒന്നും ഇല്ലല്ലോ..."

വാതില്‍ അടയ്ക്കാന്‍ തുടങ്ങുമ്പോള്‍ അയാള്‍ തുടര്‍ന്നു.

"ആയിരിക്കാം, പക്ഷേ, ഏതെങ്കിലും കടയുടെ ഉടമയേയോ മറ്റാരെങ്കിലും പരിചയമുണ്ടെങ്കില്‍..മറ്റെന്തെങ്കിലും ഒരു വഴി കാണിച്ചു തന്നിരുന്നെങ്കില്‍ .."
അയാള്‍ തന്റെ നരച്ച തൊപ്പി കൈയ്യിലെടുത്തു, ദയനീയ ഭാവത്തില്‍ നിന്നു.

" ക്ഷമിക്കണം, എനിക്കു ഒന്നും ചെയ്യാനാവുമെന്നു തോന്നുന്നില്ല. എനിക്കു ഒരു കുതിരയും ഒരു പശുവും മാത്രമേയുള്ളൂ. എനിക്കു ചെയ്യാവുന്നതില്‍ കവിഞ്ഞ ഒരു ജോലിയും ഇവിടെയില്ല. മാത്രമല്ല ഞാന്‍ നല്ല തിരക്കിലാണ്. താങ്കള്‍ മറ്റെവിടെയെങ്കിലും അന്വേഷിക്കൂ, എന്തെങ്കിലും കിട്ടാതിരിക്കില്ല"

വാതിലടച്ചു മാര്‍ക്സ്‌വെല്‍ മുകളിലേയ്ക്കു കയറിപ്പോയി. മുകളിലത്തെ ജനാല വഴി അയാള്‍ ആ ചെറുപ്പക്കാരനെ നോക്കി.
വളരെ സാവധാനം അയാള്‍ തെരുവിലേയ്ക്കിറങ്ങി നടന്നു തുടങ്ങി.ആ തൊപ്പി കയ്യില്‍ തന്നെ പിടിച്ചിരുന്നു. അയാള്‍ ദരിദ്രനായ, വീടില്ലാത്ത, ഒരു അവഗണിക്കപ്പെട്ടവനേപ്പോലെ തോന്നി.
അതു കണ്ടു നില്‍ക്കാന്‍ മടി തോന്നിയ മാക്സ്‌വല്‍ പ്രസംഗക്കുറിപ്പിന്റെ അവസാന മിനുക്കു പണികള്‍ കൂടി ചെയ്തു ഒരു നല്ല പ്രസംഗം തയ്യാറാക്കുന്നതില്‍ വ്യാപൃതനായി.

മേരി തിരിച്ചു വന്നപ്പോള്‍ നേഴ്സറിയുടെ വാതില്‍ക്കല്‍ തളര്‍ന്ന് ഇരുന്ന ഒരു ഭിക്ഷക്കാരനേപ്പറ്റി പറഞ്ഞു.
“അയാള്‍ ഇവിടെയും വന്നിരുന്നു“ - മാക്സ്‌വെല്‍ പറഞ്ഞു.


 “ഞാന്‍ ഒരു വെറും ഭിക്ഷക്കാരന്‍ അല്ല.“ പ്രസംഗ പീഠത്തിനരികേ എത്തിയ അദ്ദേഹം ശാന്തനായി പറഞ്ഞു.
“എനിക്കു യേശുവിന്റെ പഠിപ്പിക്കലുകളും അറിയില്ല”  നിര്‍ത്തിയിട്ട് അദ്ദേഹം ഒന്നു രണ്ടു വട്ടം ചുമച്ചു. അസഹ്യമായ വേദന ആ മുഖത്ത പ്രതിഫലിക്കുന്നുണ്ടായിരുന്നു.

“ പത്തു മാസങ്ങള്‍ക്കു മുന്‍പ് എന്റെ ജോലി നഷ്ടപ്പെട്ടു. ഞാന്‍ ഒരു പ്രിന്റിം‌ഗ് പ്രസ്സ് തൊഴിലാളിയാണ്. ലിനോ ടൈപ്പ് യന്ത്രങ്ങളുടെ വരവോടെ ഞങ്ങള്‍ക്കു ജോലിയില്ലാതെയായി.  പത്രക്കമ്പനികള്‍ ആ യന്ത്രം വാങ്ങുന്നതില്‍ കുറ്റം പറയാന്‍ ആവില്ല, കാരണം അത്രയ്ക്കും നന്നായി അച്ചടിക്കാന്‍ ഞങ്ങള്‍ക്ക് ആവില്ല. പക്ഷേ, എന്നേപ്പോലൊരു മനുഷ്യനു എന്തു ചെയ്യുവാന്‍ ആകും? എനിക്കു ഒരു തൊഴിലേ അറിയൂ.. അത്രയുമേ ആകുമായിരുന്നുള്ളൂ.  ഞാന്‍ ഒരു ജോലിക്കുവേണ്ടി ഈ പട്ടണം മുഴുവന്‍ ഇരക്കുകയാണ്. എന്നേപ്പോലെ പലരും ഉണ്ട് ഈ പട്ടണത്തില്‍. ഞാന്‍ പരാതി പറയുകയല്ല, നിങ്ങള്‍ക്ക് അങ്ങിനെ തോന്നുന്നുവോ? ചില സത്യങ്ങള്‍ പറയുന്നുവെന്നു മാത്രം!“

“നിങ്ങള്‍ യേശുവിനെ പിന്തുടരുന്നു എന്നു അല്പം മുന്‍പ് പാടിയല്ലോ?  യേശു  പഠിപ്പിച്ചതു പോലെ നിങ്ങള്‍ അവനെ പിന്തുടരുന്നു എന്നാണോ ആ പാടിയതിന്റെ അര്‍ത്ഥം?  ഇവിടെ വന്നതുമുതല്‍ ഞാന്‍ അതു തന്നെ ചിന്തിക്കുകയായിരുന്നു”


“എന്നെ അനുഗമിക്കുക എന്നു പറഞ്ഞാല്‍ എന്താണര്‍ത്ഥം ? നിങ്ങളുടെ ശുശ്രൂഷകന്‍ പറഞ്ഞു,”
അയാള്‍ പ്രസംഗ പീഠത്തിലേക്കു ഒരു നിമിഷം നോക്കിയിട്ടു തുടര്‍ന്നു,

”അനുസരണം, വിശ്വാസം, സ്നേഹം പിന്നെ അനുകരണം- ഇവയാണ് അനുഗമിക്കുന്നതിന്റെ വിവിധ പടികള്‍ എന്ന്. പക്ഷേ, ഇതുകൊണ്ടൊക്കെ എന്താണ് അര്‍ത്ഥമാക്കുന്നതെന്നു അദ്ദേഹം പറഞ്ഞുകേട്ടില്ല, അവസാന പടിയേപ്പറ്റി പ്രത്യേകിച്ചും”

“ കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഒരു ജോലിക്കുവേണ്ടി ഈ പട്ടണത്തിന്റെ തെരുവുകളില്‍ ഞാന്‍ അലയുന്നു. കഴിഞ്ഞ ദിവസം നിങ്ങളുടെ ശുശ്രൂഷകനില്‍ നിന്നല്ലാതെ അല്പം ആശ്വാസത്തിന്റെയോ, സഹാനുഭൂതിയുടെയോ ഒരു വാക്കു പോലും ഞാന്‍ കേട്ടില്ല.ഞാന്‍ ആരേയും പഴിക്കുകയല്ല, ആണെന്നു തോന്നിയോ? ചില സത്യങ്ങള്‍ പറയുകയാണ് ‍.! നിങ്ങള്‍ക്ക് ഈ പട്ടണം മുഴുവന്‍ അന്വേഷിച്ചു നടന്ന് ഞങ്ങളേപ്പോലുള്ളവര്‍ക്കു ജോലി തരാന്‍‌കഴിയില്ലെന്ന് എനിക്കു അറിയാം. പക്ഷേ, "എന്റെ ക്രൂശുമായി .. ഞാനിതാ യേശുവെ..
എന്നാളും നിന്നെ അനുഗമിക്കും......" എന്നു പറഞ്ഞാല്‍ എന്താണ് അതിന്റെ അര്‍ത്ഥം?  യേശുവിനേപ്പോലെ സ്വന്ത ഇഷ്ടങ്ങളും സുഖങ്ങളും  മാറ്റിവച്ചു, ഒറ്റപ്പെട്ടു പോയവര്‍ക്കു വേണ്ടി നിങ്ങള്‍ ജീവിക്കുന്നു എന്നാണോ?

എന്നേപ്പോലെ ഏകദേശം അഞ്ഞൂറു പേര്‍ ഈ പട്ടണത്തില്‍ ഉണ്ട്. എല്ലാവര്‍ക്കും കുടുംബവും ഉണ്ട്. എന്റെ ഭാര്യ നാലു മാസം മുന്‍പ് മരിച്ചു. അവള്‍ രക്ഷപ്പെട്ടതില്‍ ഇപ്പോള്‍ എനിക്കു സന്തോഷം തോന്നുന്നു. ഒരു ജോലി ശരിയാകുന്നതുവരെ നോക്കുന്നതിനു എന്റെ മകളെ മറ്റൊരു വീട്ടില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്.
എന്റെ ക്രൂശുമെടുത്ത്  നിന്നെ അനുഗമിക്കുന്നു പാടുന്ന പല ക്രിസ്ത്യാനികളും അതി സമ്പന്നതയില്‍ ഈ പട്ടണത്തില്‍ കഴിയുന്നതു കാണുമ്പോള്‍ എനിക്കു   ഒന്നും മനസിലാകുന്നില്ല.
 ന്യൂയോര്‍ക്കു പട്ടണത്തിലെ ഒരു കൂരയിയില്‍ വച്ചു എന്റെ ഭാര്യ മരിച്ചരംഗം എന്റെ കണ്മുന്‍പിലുണ്ട്. ദരിദ്രമായ ഈ ലോകത്തില്‍ നിന്നും അവളുടെ മകളേക്കൂടി  കൊണ്ടുപോകുവാന്‍ അവള്‍ ആഗ്രഹിച്ചു. വിശന്നും പോഷകാഹാരവുമില്ലാതെ ചേരിയില്‍  മരിക്കുന്ന എല്ലാവരേയും രക്ഷപ്പെടുത്തുവാന്‍ നിങ്ങള്‍ക്കു കഴിയില്ലെന്നു എനിക്കു അറിയാം. പക്ഷേ, അവനെ പിന്തുടരുന്നു എന്നു പറയുന്നത് എനിക്കു ഇനിയും മനസിലാകുന്നില്ല. ക്രിസ്ത്യാനികള്‍ക്കു പലര്‍ക്കും ഭേദപ്പെട്ട പല വീടുകള്‍ പലയിടത്തായിട്ടും ഉണ്ട് എന്ന് എനിക്കു അറിയാം. എന്റെ ഭാര്യ മരിക്കുമ്പോള്‍ ഞങ്ങള്‍ പാര്‍ത്തിരുന്നതും ഒരു ക്രിസ്ത്യാനിയുടെ കൂരയില്‍ ആയിരുന്നു. അദ്ദേഹം ക്രിസ്തുവിനെ പിന്തുടരുന്നവന്‍ ആയിരുന്നെങ്കില്‍ ഞാന്‍ ആഗ്രഹിച്ചു പോകുന്നു.

നിങ്ങള്‍ ആ പാട്ടു പാടുമ്പോള്‍ ഞാന്‍ പുറത്തു നടയില്‍ ഇരിക്കുകയായിരുന്നു. ആ പാട്ടു പാടിയിരുന്നവര്‍ പുറത്തു പോയി അതുപോലെ ജീവിച്ചിരുന്നെങ്കില്‍ ഈ ലോകത്തിന്റെ ദയനീയമായ പല പ്രശ്നങ്ങളും ഉണ്ടാകുമായിരുന്നില്ലെന്നു തോന്നിപ്പോകുന്നു. ഒരു പക്ഷേ എനിക്ക് ഇതൊന്നും മനസിലാകാത്തതുകൊണ്ട് ആയിരിക്കും. യേശുവായിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നു ? അതാണോ അവനെ പിന്തുടരുന്നു എന്നു പാടിയ നിങ്ങള്‍ ചെയ്യുന്നത്..?
വലിയ പള്ളികളില്‍ ഇരിക്കുന്ന പലര്‍ക്കും നല്ല വസ്ത്രങ്ങള്‍ ഉണ്ട്, ആര്‍ഭാടത്തിനു ചിലവഴിക്കാന്‍ ധാരാളം പണമുണ്ട്, മനോഹരങ്ങളായ വീടുകളുണ്ട്, വേനലവധിക്കു പുറത്തുപോകുവാന്‍ സംവിധാനങ്ങളുണ്ട്, അതേസമയം-ഈ പള്ളിക്കു പുറത്ത്, പാവപ്പെട്ടവന്‍ ചേരികളില്‍ മരിക്കുന്നു, തെരുവില്‍ ജോലിയില്ലാതെ അലയുന്നു, പാട്ടുപാടുവാന്‍ സംഗീത ഉപകരണമോ ആരാധനയ്ക്കു ചിത്രങ്ങളൊ ഇല്ലാതെയിരിക്കുന്നു, ദാരിദ്ര്യത്തിലും പാപത്തിലും മദ്യത്തിലും വളര്‍ന്ന് നശിക്കുന്നു

യേശുവായിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നു ?“

 പെട്ടെന്നു അയാള്‍ നിര്‍ത്തി....അയാളുടെ തൊപ്പി കൈയ്യില്‍ നിന്നും നിലത്തു വീണു..കര്‍തൃമേശ ഒരുക്കിയിരുന്നതിന്റെ നേരെ ആ മെല്ലിച്ച കൈകള്‍ നീണ്ട് ചെന്നു ..സാവധാനം  തറയിലേക്കു കുഴഞ്ഞു വീണു.





കുറച്ചു ദിവസങ്ങള്‍ക്കു ശേഷം, ആ ദരിദ്രനായ മനുഷ്യന്‍ മരിച്ചു, പക്ഷേ ആ സഭ പിന്നീട് ഒരിക്കലും പഴയതുപോലെ ആയിരുന്നില്ല. ഒരു വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു അത്.

(തുടരും....)

============================================

മൂന്നു കോടി പ്രതികള്‍ വിറ്റഴിഞ്ഞ ചാര്‍ത്സ് ഷെലഡമിന്റെ ഇന്‍ ഹിസ് സ്റ്റെപ്സ് എന്ന വിഖ്യാത നോവലിന്റെ ആദ്യ അദ്ധ്യായത്തിന്റെ സ്വതന്ത്ര പരിഭാഷയാണ് ഇത്. പദാനുപദ വിവര്‍ത്തനരീതിയല്ല ഇവിടെ അവലംബിച്ചിരിക്കുന്നത്. ഒന്നു മാത്രം ഉറപ്പാണ്, ഈ പുസ്തകം വായിച്ചിട്ടു നിങ്ങള്‍ക്ക് പഴയ ഒരാളായി ഇരിക്കുവന്‍ കഴിയില്ല. ഈ ലിങ്കില്‍ നിന്നും ഇഷ്ടമുള്ള ഫോമാറ്റില്‍ ഈ പുസ്തകം ഡൌണ്‍ലോഡ് ചെയ്യാം.



Sunday, August 8, 2010

എന്തിനാണ് വിശ്വാസം ?

ആദ്യമായി പട്ടണത്തില്‍ എത്തിയപ്പോല്‍ എന്നെ അല്‍ഭുതപ്പെടുത്തിയ കാഴ്ച സൈക്കിളുകള്‍ ആയിരുന്നു. പല നിറത്തിലും വലിപ്പത്തിലും ഉള്ള സൈക്കിളുകള്‍.

വീതികുറഞ്ഞ കുണ്ടുംകുഴിയും നിറഞ്ഞ ഞങ്ങളുടെ ഗ്രാമത്തിനു അത് പറ്റിയ വാഹനമായിരുന്നു. ഗ്രാമ വാസികള്‍ സൈക്കിളിനേപറ്റി കേട്ടിട്ടുപോലും ഉണ്ടാവില്ല. ദൂരെയുള്ള വയലിലേയ്ക്കു വളം കൊണ്ടുപോകുവാനും, ഉച്ചയ്ക്കു ആഹാരം കൊണ്ടെത്തിക്കുവാനും ഇത്രയ്ക്കും യോജ്യമായ മറ്റൊന്നും ഉണ്ടാവാനിടയില്ല.

ഒരു സൈക്കിള്‍ വാങ്ങി നാട്ടിലേയ്ക്കു കൊടുത്തയക്കുന്നതിനേപറ്റി ഗൌരവമായി ചിന്തിച്ചു തുടങ്ങിയതും അങ്ങിനെയാണ്.അതു ഗ്രാമത്തിലെ ഒരു അല്‍ഭുത കാഴ്ചയാകും എന്നതിനു ഒരു സംശയമും ഇല്ല. പക്ഷേ സൈക്കിളുകൊണ്ട് വീട്ടുകാര്‍ അനുഭവിക്കാന്‍ പോകുന്ന സൌ‍കര്യങ്ങളാണ് കൂടുതല്‍ ആഹ്ലാദിപ്പിച്ചത്.

മാസങ്ങള്‍ കഴിഞ്ഞു. സ്വരുക്കൂട്ടി വച്ച പണം തികഞ്ഞപ്പോള്‍ ഒരു സൈക്കിള്‍ വാങ്ങി.നാട്ടിലേയ്ക്കു കൊടുത്തയക്കാന്‍ തിരക്കായിരുന്നു.
പ്രവര്‍ത്തിപ്പിക്കേണ്ട വിധങ്ങളും പെട്ടെന്നു വരാവുന്ന കേടുപാടുകള്‍ നന്നാക്കുനുള്ള വിവരങ്ങളും എഴുതിയ ഒരു കുറിപ്പട കൂടി കൊടുത്തയച്ചു.

പിന്നീടുവന്ന കത്തുകളിലെല്ലാം നിറയെ സൈക്കിള്‍ വിശേഷങ്ങള്‍ ആയിരുന്നു.
ഗ്രാമ വാസികള്‍ക്കെല്ലാം കൌതുകം സമ്മാനിച്ച സൈക്കിളിലിന്റെ ഉപയോഗങ്ങള്‍ വിശദമായിത്തന്നെ എഴുതിയിരുന്നു.

വളവും ഭക്ഷണവും മാത്രമല്ല ഞാറ്റുകൊട്ടകളും സൈക്കിളില്‍ പിന്നില്‍ വച്ചു കൊണ്ടുപോകാമത്രേ!

മാസങ്ങള്‍ കഴിഞ്ഞു പോയി. പഴയതു പോലെ കത്തില്‍ നിറയെ സൈക്കിള്‍ വിശേഷങ്ങള്‍ ഇല്ലെങ്കിലും ഒരു വാക്കെങ്കിലും എല്ലാ കത്തിലും കാണാതിരിക്കില്ല.

അവധി അനുവദിച്ചു കിട്ടിയപ്പോള്‍ എങ്ങിയും നാട്ടില്‍ എത്തിയാല്‍ മതിയെന്നായി എനിക്ക്.

ഗ്രാമത്തില്‍ എത്തിയ ഞാന്‍ ഞെട്ടിപ്പോയി. വീട്ടുകാര്‍ സൈക്കിള്‍ ഉന്തിക്കൊണ്ട് നടക്കുന്നു!

സെക്കിളിന്റെ ഇരു വശങ്ങളിലും കഴ വച്ചുകെട്ടി അതില്‍ ചാക്കും കൊട്ടയും ഒക്കെ തൂക്കിയിട്ടുണ്ട്. സീറ്റിലും എന്തൊക്കെയോ വച്ചുകെട്ടിയിട്ടുണ്ട്!

നിരാശയോടെ ഞാന്‍ പറഞ്ഞു, “അതേയ്, സൈക്കിള്‍ ഇങ്ങനെ ഉന്തിക്കൊണ്ട് നടക്കാനുള്ളതല്ല. അതിലെ സീറ്റില്‍ കെട്ടിവച്ചിരിക്കുന്ന കൊട്ട അഴിച്ചെടുത്തിട്ടു അവിടെ കയറി ഇരുന്നു ചവിട്ടി ചവിട്ടി പോകാനുള്ളതാണ്. അങ്ങിനെ ഇതിനു വളരെ വേഗതയില്‍ പോകാന്‍ കഴിയും“

ചിരിച്ചു തള്ളിയ ഗ്രാമവാസികള്‍, ഞാന്‍ ഗൌരവത്തിലാണ് എന്നു കണ്ടപ്പോള്‍, സംശയം പ്രകടിപ്പിച്ചു, ”അതെങ്ങെയാണ്, വെറും രണ്ടു ചക്രമുള്ള ഒരു വണ്ടിയില്‍ കയറി ഇരിക്കുന്നത്? അതു മറിഞ്ഞു പോകില്ലേ?”

എനിക്കു ദേഷ്യവും സങ്കടവും വന്നു.

വാദപ്രതിവാദം മുറുകിയപ്പോള്‍ മൂത്തജ്യേഷ്ഠന്‍ ഒരു പരിഹാരവുമായി മുന്നോട്ടു വന്നു.
“എങ്കില്‍ നീയൊന്നു കയറി കാണിക്കൂ.. വേഗതയില്‍ , വീഴാതെ പോകുന്നത് ഞങ്ങള്‍ ഒന്നു കാണട്ടെ!!!”

സൈക്കിന്റെ എന്റെ അരികില്‍ കൊണ്ടുവന്നു, എല്ലാവരും ആകംഷയോടെ നോക്കി നിന്നു.

പക്ഷേ,അപ്പോഴാണു ആസത്യം ഞാനും ഗ്രഹിച്ചത്, എനിക്കു സൈക്കിള്‍ ചവിട്ടാന്‍ അറിയില്ലായിരുന്നു.!

ഒത്തിരിപേര്‍ ഇതു ചവിട്ടിപ്പോകുന്നതു ഞാന്‍ കണ്ടിട്ടുണ്ട്! എത്തേണ്ട സമയത്തു, കുറഞ്ഞ അധ്വാനത്തില്‍ പലരും ലക്ഷ്യസ്ഥാനത്ത് എത്തിയത് എനിക്ക് അറിയാം. പക്ഷേ..


=============================================

വിശുദ്ധ ബൈബിള്‍ ഇന്നു പലരും ഉപയോഗിക്കുന്നതു ഇങ്ങനെയാണ്.

വശങ്ങളില്‍ കമ്പുകള്‍ വച്ചുകെട്ടി..

വലിയ വലിയ കൊട്ടകള്‍ സീറ്റില്‍ കെട്ടിവച്ച്...
ഉന്തിക്കൊണ്ട് നടക്കുന്നു!..


വളരെ ചുരുക്കം പേര്‍ - ഇതില്‍ കയറി അനായാസമായി ചവിട്ടിപ്പോയതു എനിക്കു അറിയാം.

പോള്‍,പീറ്റര്‍,വില്യം ബൂത്ത്,ജോര്‍ജ്ജു മുള്ളര്‍,വില്യം കേറി...വളരെ ചുരുക്കം പേര്‍ മാത്രം.


കന്‍‌വെന്‍ഷന്‍ വേദികളില്‍ ഉന്തിക്കൊണ്ട് നടക്കുന്നവരുണ്ട്....
മറ്റുള്ളവരെ മതം മാറ്റാന്‍ ഇതു ഉന്തിക്കൊണ്ട് നടക്കുന്നവരുണ്ട്......
മരുന്നു കഴിക്കാതെയും, സ്വര്‍ണ്ണമിടാതെയും ഇതു ഉന്തിക്കൊണ്ട് നടക്കുന്നവരുണ്ട്.....

തനിയെ നടക്കുന്നതിലും ഭാരമായി തീര്‍ന്നിരിക്കുന്നു പലര്‍ക്കും.


എനിക്കു ഇതു പറഞ്ഞുകൊടുക്കണമെന്നുണ്ട്, പക്ഷേ സത്യം പറയട്ടെ, ഇതു വേണ്ടുവണ്ണം ചവിട്ടാന്‍ എനിക്കും അറിയില്ല.

Friday, March 12, 2010

പഴയ നിയമവും പുതിയ നിയമവും.

സമീപ കാലത്തു ബ്ലോഗിലെ ഒട്ടു മിക്ക ചര്‍ച്ചകളും ബൈബിളിനെ ആധാരമാക്കിയാണല്ലോ? രസകരമായ രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കുവാന്‍ ഇടവന്നു. ഒന്ന്, നിരന്തരമായി ചില മുസ്ലീമത വിശ്വാസികള്‍/പ്രചാരകര്‍ ബൈബിളിനുള്ളിലൂടെ സ്വന്തം മതം തെളിയിക്കാന്‍ പെടാപ്പാടു പെട്ടുകൊണ്ടിരിക്കുന്നു. രണ്ട്, ഇവയ്ക്കെല്ലാം എതിര്‍വാദവുമായി ക്രിസ്ത്യാനികളെ ലജ്ജിപ്പിക്കുന്ന വിധം
(ബൈബിള്‍ അടിസ്ഥാനത്തില്‍) കൃത്യമായി വിശദീകരണമുമായി ചില യുക്തിവാദികള്‍ രംഗത്തു വരുന്നു.
ലോകത്തിനു ഏറ്റവും വലിയ ഭീഷിണിയായി മതതീവ്രവാദികള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവരെ പിന്തിരിപ്പിക്കുന്നതിനും വികൃതവും ഭീകരവുമായ സ്വന്ത മതത്തിന്റെ പ്രതിഛായ വീണ്ടെടുക്കുന്നതിനും പകരം അതേ മതത്തിലെ പണ്ഡിതന്മാര്‍ മറ്റു മതങ്ങളുടെ പിന്നാമ്പുറങ്ങളിലൂടെ മുറി വാക്യങ്ങളുമായി കറങ്ങിനടക്കുന്നു. അതായിരിക്കാം ഒരു മതത്തിലും താല്പര്യമില്ലാത്തവരെപ്പോലും ചൊടിപ്പിച്ചിരിക്കുന്നത്!

സാത്താന്‍ ആദ്യമായി ഏദന്‍ തോട്ടത്തില്‍ കടന്നു വന്നിട്ടു ഹവ്വയോടു ചോദിക്കുന്ന ഒരു ചോദ്യം ബൈബിളിലുണ്ട്.
‍‘ദൈവം വാസ്തമായി അങ്ങിനെ തന്നെ കല്‍പ്പിച്ചിട്ടുണ്ടോ‘, എന്നായിരുന്നു ആ ചോദ്യം. (ഉല്പത്തി 3:1) സാത്താന്റെ ആദ്യത്തെ രംഗ പ്രവേശം തന്നെ ദൈവ വചനത്തിന്റെ വാസ്തവികതയെ ചോദ്യം ചെയ്തു കൊണ്ടായിരുന്നു. അന്നു പാമ്പിന്റെ രൂപത്തിലായിരുന്നു എന്നു മാത്രം!

പുതിയ നിയമത്തിന്റെ ആദ്യഭാഗത്തും യേശുവിനെ പരീക്ഷിക്കുവാന്‍ സാത്താന്‍ വരുന്നത് ബൈബിള്‍ ക്വോട്ടു ചെയ്തു കൊണ്ടു തന്നെ!(മത്തായി 4:6) ഈ രണ്ടു സാഹചര്യങ്ങളും വച്ചു നോക്കിയാല്‍, ബൈബിള്‍ ഉദ്ധരിച്ചു കൊണ്ടു വരുന്ന ഇക്കൂട്ടരെ ഭരിക്കുന്നതു ഏതു ആത്മാവാണ് എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

പശ്ചാത്തലം ഇതാണെങ്കിലും ഇവിടെ ചിന്തിക്കുവാന്‍ ആഗ്രഹിക്കുന്ന വിഷയം മറ്റൊന്നാണ്. പഴയ നിയമത്തിലെ പല പ്രമാണങ്ങളും ഉദ്ധരിച്ചിട്ടു ദൈവം അങ്ങിനെ പറഞ്ഞിട്ടില്ലേ, എന്ന് ആരോപണം പലപ്പോഴും കേള്‍ക്കാറുണ്ട്. പലപ്പോഴും ക്രിസ്ത്യാനികള്‍ക്കു പോലും കൃത്യമായി ധാരണ ഇല്ലാത്ത വിഷയമാണ് ദൈവ ശാസ്ത്രപരമായ പഴയ നിയമ-പുതിയ നിയമ ബന്ധം.

ചരിത്രപരമായി ഒന്ന് മറ്റൊന്നിന്റെ തുടര്‍ച്ചയാണെങ്കിലും, ഉപദേശപരമായി പുതിയനിയമം പഴനിയമത്തിന്റെ തുടര്‍ച്ചയല്ല എന്നതാണ് സത്യം.

തികച്ചും നൂതനവും, വളരെ ഉന്നതും, മേത്തരവുമാണ് പുതിയ നിയമ ഉപദേശങ്ങള്‍. ബൈബിള്‍ ഭാഷയില്‍ പറഞ്ഞാല്‍ പഴയ നിയമം ഭൌമികവും, പുതിയ നിയമം സ്വര്‍ഗ്ഗീയവുമാണ്. (ഉദാഹരണമായി ദൈവം തരുന്ന അനുഗ്രഹങ്ങള്‍ നോക്കിയാല്‍ ഈ വ്യത്യാസം എളുപ്പം മനസിലാവും. പഴയ നിയമത്തില്‍ സമ്പത്തും, ധാരാളം മക്കള്‍, ആരോഗ്യം ദീര്‍ഘായുസ് തുടങ്ങിയ ദൈവിക അനുഗ്രഹത്തിന്റെ അടയാളമായിരിക്കുമ്പോള്‍ പുതിയ നിയമത്തില്‍, സമാധാനം, പ്രത്യാശ, തുടങ്ങിയവയാണ്. നിര്‍ഭാഗ്യവശാല്‍ പഴയ നിയമത്തിന്റെ അളവുകോലിലൂടെ പുതിയ നിയമത്തെ നോക്കൊക്കാണുന്ന വിശ്വാസികള്‍ ഇക്കാലത്ത് കുറവല്ല. സമ്പത്തും സമൃദ്ധിയും ദൈവിക അനുഗ്രഹത്തിന്റെ അടയാളമായി കരുതുകയും സ്വരൂപിച്ചു കൂട്ടുകയും ചെയ്യുന്ന പ്രേഷിതപ്രവര്‍ത്തര്‍ പോലും ധാരാളമുണ്ട്. അന്നന്നത്തെ അപ്പം തരുന്ന ദൈവം ബൈബിളിനുള്ളില്‍ ഒതുങ്ങിപ്പോയിരിക്കുന്നു. ഒരു ബാങ്ക് അക്കൌണ്ട് പോലും ഇല്ലാതെ, ഒരു മനുഷ്യന്റെ മുന്‍പിലും കൈനീട്ടാതെ ഇരുപതിനായിരത്തിലധികം അനാഥ കുഞ്ഞുങ്ങളെക്ക് എല്ലാ ദിവസവും ഭക്ഷണം കൊടുത്ത ജോര്‍ജ്ജു മുള്ളറുടെ ചരിത്രം പ്രം‌ഗിക്കാന്‍ കൊള്ളാത്ത പഴങ്കഥയായി മാറി)

ക്രിസ്തുവിന്റെ പരസ്യ ശുശ്രൂഷയിലെ അദ്യത്തെ അല്‍ഭുത പ്രവര്‍ത്തി പഴയനിയമത്തേയും പുതിയ നിയമത്തേയും വിശദീകരിക്കുന്ന നല്ല ഒരു ഉദാഹരണമായിക്കാണാം.

കല്യാണ വീട്ടില്‍ തീര്‍ന്നു പോയ വീഞ്ഞ് പഴയ നിയമത്തെ ഏറ്റവും നല്ല ഉദാഹണമാണെന്നു തന്നെ പറയാം. അതു മനുഷ്യന്റെ അധ്വാനത്തിന്റെ ഉല്‍പ്പന്നമായിമായിരുന്നു. അത്യാവശ്യ സമത്തു തികയാതെ വരുന്ന മനുഷ്യപ്രയത്ന ത്തിന്റെ ഉത്തമദൃഷ്ടാന്തം

എന്നാല്‍ ക്രിസ്തു ഉണ്ടാക്കിയ വീഞ്ഞു ദൈവികമായിരുന്നു. അതിന്റെ പിന്നില്‍ മനുഷ്യന്റെ പ്രയത്നം ഇല്ലായിരുന്നു. ഗുണം നോക്കിയാല്‍, വിരുന്നുകാര്‍ പറഞ്ഞ അഭിപ്രായം ഇത്രയും മേത്തരമായത് ആദ്യം വിളമ്പാഞ്ഞത് എന്ത് എന്നാ‍യിരുന്നുവല്ലോ? മാത്രമല്ല, യഹൂദന്മാര്‍ കാല്‍ കഴുകുവാന്‍ വെളിയില്‍ വച്ചിരുന്ന കല്‍പാത്രങ്ങളിലിലാണ് ആ വിഞ്ഞ് നിറച്ചിരിക്കുന്നത്. കലവറയ്ക്കുള്ളിലെ വിശിഷ്ടമായ പാത്രങ്ങള്‍ ശൂന്യമായിത്തീര്‍ന്നപ്പോള്‍, ആവശ്യ സമത്തു വീട്ടുകാരനു ഉപയോഗമില്ലാതെ വന്നപ്പോള്‍, അവഗണിക്കപ്പെട്ടു കിടന്ന് പാത്രങ്ങളെ കര്‍ത്താവു ഉപയോഗിക്കുകയായിരുന്നു.
പുതിയ നിയമ പ്രവര്‍ത്തകരില്‍ ഒരൊറ്റ ലേവ്യാപുരോഹിതനും ശാസ്ത്രിയും ഇല്ലായിരുന്നു എന്നു ബൈബിള്‍ പഠിക്കുന്ന എല്ലാവര്‍ക്കും അറിയാം. ഉപദേശിച്ചു നടത്തേണ്ടവര്‍ നിസ്സഹായരായപ്പോള്‍ മുക്കുവരേയും ചുങ്കക്കാരേയും ആ ജോലി കര്‍ത്താവു ഏല്‍പ്പിച്ചു.

സഹസ്രാബ്ദങ്ങളുടെ ചരിത്രം പഴയ നിയമത്തില്‍ വിവരിക്കുന്നുണ്ട്.ആ നീണ്ട കാലയളവിലെല്ലാം പത്തു കല്‍പ്പനകളും ന്യായപ്രമാണവും പാലിക്കേണ്ട ബാധ്യത മനുഷ്യന്റെ ചുമലില്‍ തന്നെ ആയിരുന്നു. പ്രമാണം തെറ്റിച്ചാല്‍ പരിഹാര ബലികള്‍, വിശുദ്ധീകരണത്തിനായി ഉപവാസങ്ങള്‍, നോമ്പുകള്‍, പെരുന്നാളുകള്‍- ഇവയെല്ലാം കൊണ്ടും മനുഷ്യന്റെ ആത്മീയ രോഗത്തിനു സൌഖ്യം ഇല്ലാത്ത അവസ്ഥയിലാണ് യേശു ജനിക്കുന്നത്. മനോഹരമായ ദേവാലയം ഉണ്ടായിരുന്നു. മഹാപുരോഹിതന്മാരുടെ വലിയ കൂട്ടം, ബൈബിള്‍ പണ്ഡിതന്മാരുടെ സന്‍ഹിദ്രിം സംഘം - ഒന്നിനും കുറവില്ലായിരുന്നു. എങ്കിലും പ്രലോഭനത്തിനു മുന്‍പില്‍ ഏദന്‍ തോട്ടത്തിലെ ഹവ്വയുടെ നിലവാരത്തില്‍ നിന്നും മനുഷ്യകുലം ഒരു പടി പോലും മുന്‍പോട്ടു പോയില്ല.

ഒരു വശത്തു മോഹിപ്പിക്കുന്ന പഴവുമായി സാത്താന്‍, മറുവശത്തു വിട്ടുവീഴ്ചയില്ലാത്ത ദൈവകലപ്പന. രണ്ടിന്റേയും മദ്ധ്യത്തില്‍ നിസ്സഹായനായ മനുഷ്യന്‍ പാപത്തിന്റെ മുന്‍പില്‍ പിന്നേയും പിന്നേയും തോറ്റു പൊയ്ക്കൊണ്ടിരുന്നു. ന്യായപപ്രമാണം പൂര്‍ണ്ണമായും പാലിച്ച ഒരൊറ്റ മനുഷ്യനും ഭൂമുഖത്ത് ഉണ്ടായില്ല.

ഒരു സഹായകന്‍, ഒരു രക്ഷകന്‍ അല്ലാതെ ഇതിനൊരു പരിഹാരമില്ലായിരുന്നു.

അവിടെയാണ് യേശു ജനിക്കുന്നത്. മരണത്തിന്റെയും രോഗത്തിന്റേയും പാപത്തിന്റേയും മുന്‍പില്‍ പകച്ചു നിന്നും പോയ മനുഷ്യനോടു യേശു പറഞ്ഞു “ഞാന്‍ നല്ല ഇടയന്‍ ആകുന്നു!!“. ലോകത്തിനു ലഭിച്ച ഏറ്റവും നല്ല വാര്‍ത്ത (സുവിശേഷം) ഇതായിരുന്നു. കൂടെ ജീവിച്ച മൂന്നര വര്‍ഷം വേണ്ട പഠിപ്പിക്കലുകള്‍, ചില സ്വര്‍ഗ്ഗീയ നീതികള്‍ ഒക്കെ നിവര്‍ത്തിച്ചിട്ട് പിരിഞ്ഞു പോകുന്ന ദിനങ്ങളൊന്നില്‍ യേശു പറഞ്ഞു , “ഞാന്‍ പോയിട്ടു സത്യ്യത്തിന്റെ അത്മാവു എന്ന ഒരു കാര്യസ്ഥനെ നിങ്ങള്‍ക്കു അയച്ചു തരും, അവന്‍ നിങ്ങളെ സകല സത്യത്തിലും വഴി നടത്തും. സത്യത്തില്‍ നടക്കുവാന്‍ കഴിയാതിരുന്ന മനുഷ്യവംശത്തോട് ദൈവം പറയുന്നു, ഇനി നിങ്ങള്‍ തനിയെ നടക്കേണ്ടതില്ല- ഞാന്‍ നിങ്ങളെ വഴി നടത്തും.



സ്വന്ത കഴിവുകേടു തിരിച്ചറിയുന്നവനെ ആത്മാവു നടത്തുന്ന ജീവിതമാണ് പുതിയനിയമ വിശ്വാസ ജീവിതം. അതിന്റെ പിന്നില്‍ മനുഷ്യന്റെ പ്രയത്നമില്ല. പൂര്‍ണ്ണമായ വിധേയത്വം, തനിയെ ഈ പാപം നിറഞ്ഞ ലോക സാഗരം നീന്തുവാന്‍ കഴിയില്ലെന്ന ബോധ്യം - ഇതു രണ്ടും ഉള്ള ഏതു മനുഷ്യനേയും ദൈവത്തിന്റെ ആത്മാവു നടത്തും.

അല്ലാത്തവര്‍ക്കെല്ലാം ബൈബിള്‍ ഒരു നല്ല നേരമ്പോക്കിനുള്ള വക- അത്ര മാത്രം. ചര്‍ച്ച ചെയ്യാം, കുഴിച്ചു നോക്കാം, വായിച്ചു പരിഹസിക്കാം, ബ്ലൊഗ് എഴുതി കമെന്റു നേടാം.


ബൈബിളിനോട് കൌതുകം തോന്നിയ ദിനങ്ങളിലൊന്നില്‍ കേട്ട ഒരു കഥയുണ്ട്.പുതിയ നിയമത്തേയും പഴയ നിയമത്തേയും പറ്റി.
ഒരു സ്ത്രീയ്ക്ക് ഒരു ഭര്‍ത്താവുണ്ടായിരുന്നു. കര്‍ശക്കശ സ്വഭാവക്കാരനയ അദ്ദേഹം നിമിത്തം ആ സ്ത്രീ വല്ലാതെ വലഞ്ഞു. സ്നേഹ നിധിയായിരുന്നങ്കിലും, ശീലങ്ങളിലും ദിനചര്യകളിലും ഒരു വിട്ടുവീഴചയ്ക്കും അദ്ദേഹം തയ്യാറല്ലായിരുന്നു. അതിരാവിലെ എഴുന്നേല്‍ക്കുന്നതു മുതല്‍ ഉറങ്ങുന്നതു വരെ അദ്ദേഹത്തെ പ്രസാദിപ്പിക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചുകൊണ്ടിരുന്നെങ്കിലും, എന്നും എവിടെയെങ്കിലും തെറ്റു പറ്റും. അതോടെ അന്നു ചെയ്തതു മുഴുവന്‍ വൃഥാവിലായി.(ഒരുവന്‍ ന്യായപ്രമാണം എല്ലാം അനുസരിച്ചിട്ടു ഒന്നില്‍ പിഴച്ചാല്‍ എല്ലാത്തിലും പിഴതിനു തുല്യം! യാക്കോബ് 2:10 )

അങ്ങിനെയിരിക്കെ, അയാള്‍ മരിച്ചു.
അല്പകാലം കഴിഞ്ഞു ആ സ്ത്രീ മറ്റൊരു വിവാഹം കഴിച്ചു. സന്തോഷകരമായ കുടുംബ ജീവിതം അവള്‍ ആഗ്രഹിച്ചെങ്കിലും അവള്‍ക്കു തെറ്റു പറ്റി. ആദ്യത്തേതിനേക്കാള്‍ അതികഠിനമായ ദിനചര്യകളും കണിശക്കാരനുമായിരുന്നു പുതിയ ആള്‍. ആദ്യത്തെ ഭര്‍ത്താവിനു 5 മണിക്കു കാപ്പി വേണമായിരുന്നങ്കില്‍ പുതിയ അള്‍ക്കു 4 മണിക്കേ കാപ്പി വേണമായിരുന്നു.

പക്ഷേ ഒരു വ്യത്യാസമുണ്ടായിരുന്നു - ഇപ്പോഴത്തെ ഭര്‍ത്താവു, രാവിലെ എഴുന്നേറ്റു കാപ്പിക്കുള്ളതെല്ലാം തയാറാക്കി വച്ച്, വെള്ളവും ചൂടാക്കിയിട്ടു ഭാര്യയേ വിളിച്ചുണര്‍ത്തും. ദിനചര്യകള്‍ മുന്‍പത്തേക്കാള്‍ അതികഠിനമെങ്കിലും സന്തോഷത്തോടെ ഒരുമിച്ചു ഒരു ജീവിത യാത്ര! സ്നേഹവും കൂട്ടായ്മയും ഉള്ള സന്തോഷകരമായ ജീവിതം. ഒന്നും തനിയെ ചെയ്യാന്‍ വിടാറില്ല. നല്ലൊരു സഹായിയായി, തുണയായി ഒരുമിച്ചു വസിച്ചു.

ഇതു ഒരു പൂര്‍ണ്ണമായും നല്ല ഉദാഹരണമല്ലായിരിക്കാം. പക്ഷേ, പുതിയനിയമ വിശ്വാസജീവിതവും പഴയ നിയമജീവിതവും തമ്മില്‍ ഉളള വ്യത്യാസത്തിന്റെ ഒരു ഏകദേശ രൂപം ഇങ്ങിനെയൊക്കെയാണ്. സകല സത്യത്തിലും -എളുപ്പമുള്ള കുറെ കാര്യങ്ങളില്‍ മാത്രമല്ല- ദൈവത്തിന്റെ ആത്മാവും കൈപിടിച്ചു നടത്തും. പരീക്ഷകളിലും, പ്രലോഭനങ്ങളിലും, ശക്തിതരുന്ന ആത്മാവിനോടോത്തുള്ള വിശ്വാസ ജീവിതം.

അതു മുന്‍കൂട്ടി കണ്ടുകൊണ്ടു പാടുന്ന പാട്ടാണ് 23 ആം സങ്കീര്‍ത്തനം.

ഒരു ഇടയന്റെ കൈയ്യില്‍ ഇരിക്കുന്ന കുഞ്ഞാട് നിര്‍ഭയനായി പറയുകയാണ്-
യഹോവ എന്റെ ഇടയന്‍ ആകുന്നു, എനിക്കു ഒരു കുറവും ഉണ്ടാകയില്ല.....
സുരക്ഷിതമായ പച്ചപുല്‍പ്പുറങ്ങള്‍ എവിടെയെന്നു എനിക്കു അറിയില്ല.ഞാന്‍ തനിയേ നടന്നു കയറിയ പല പുല്‍മേടുകള്‍ പാഴ്മരു ഭൂമി ആയിരുന്നു. എന്നാല്‍ എല്ലാ കാടുംമേടും അറിയുന്ന എന്റെ നല്ല ഇടയന്‍ പാച്ചയായപുല്‍പ്പുറങ്ങളിലേക്കുതന്നെ എന്നെ നടത്തുന്നു.......

പിന്നീട് ശാന്തമായ ജലാശയത്തിനടുത്തേയ്ക്കു അവന്‍ എന്നെ കൊണ്ടുപോകുന്നു......

മരണ നിഴലിന്റെ താഴ്വരയില്‍ക്കൂടെയാണ് എന്റെ സഞ്ചാരം എങ്കിലും മരണത്തെ ജയിച്ചവന്റെ കൈകളില്‍ ഞാന്‍ സുരക്ഷിതനാണ്.....
ഇന്നലെ വരെ നന്മയുടെയുടെ പിന്നാലെ ഞാന്‍ ഓടി നടന്നു. എന്നാല്‍ ഇന്നിതാ നന്മയും കരുണയും എന്നെ പിന്തുടരുന്നു........

അങ്ങിനെ, അങ്ങിനെ യാത്ര ചെയ്ത്, ഒരു ദിവസം ഞാന്‍ യഹോവയുടെ ആലയത്തില്‍ എത്തിച്ചേരും. പിന്നെ അവിടെ ഏന്നേക്കും വസിക്കും!

യഹോവയോടൊപ്പം നടന്നു നടന്നു ഒരു ദിവസം കാണാതായ ഹാനോക്കിനെപ്പോലെ..





(ഈ ലേഖനം പ്രധാനമായും ബൈബിള്‍ വിശ്വാസികളായ വായനക്കാരെ ഉദ്ദേശിച്ചാണ് എഴുതിയിട്ടുള്ളത്.)


Friday, February 12, 2010

ബൈബിളിലെ അക്ഷരം കുഴിക്കുന്നവര്‍!

ബൈബിളിലെ വാചകങ്ങളും വാക്യങ്ങളും കീറി മുറിച്ച് അപഗ്രഥിച്ചു പഠിച്ചിട്ട് മറ്റേതൊക്കെയോ മത ഗ്രന്ഥങ്ങള്‍ സത്യമാണെന്നും കൃസ്ത്യാനികളാകപ്പാടെ തെറ്റിപ്പോയിരിക്കുന്നു എന്നും തെളിയിക്കാനുള്ള വ്യഗ്രത ചില പോസ്റ്റുകളില്‍ അനുസ്യൂതം തുടര്‍ന്നു വരുന്നതു കാണുന്നു. ഇരപിടിക്കുവാനുള്ള ലാക്കോടെ ഉദ്വേഗജനകമായ തലക്കെട്ടുമായി വരുന്ന ഇത്തരം പോസ്റ്റുകള്‍ അവഗണിക്കപ്പെടുന്നതു തികച്ചും സ്വാഭാവികം മാത്രം.

അക്ഷരം കുഴിച്ചു നോക്കി സത്യം കണ്ടെത്താനാവും എന്ന തെറ്റിദ്ധാരണ കുറച്ചു മുന്‍പ് കൃസ്ത്യാനികള്‍ക്കും പറ്റിയിരുന്നു.

ഹൈന്ദവ വേദോപനിഷത്തുക്കളില്‍ ക്രിസ്തുവിനു സമാനമായ ഒരു വ്യക്തിപ്പറ്റിയുള്ള പരാമര്‍ശനങ്ങളെ പൊക്കിയെടുത്ത്, ക്രോഡീകരിച്ചു, ഈ വേദങ്ങള്‍ എല്ലാം ബൈബിളിനെ സാധൂകരിക്കുന്നു എന്ന മട്ടിലുള്ള പ്രസം‌ഗങ്ങളും ചില പുസ്തകങ്ങളും വരെ പ്രചരിക്കുകയുണ്ടായി. അതെന്തായാലും അവസാ‍നിച്ച മട്ടാണ്.

ഇതേ മാതൃകയാണ് ഇപ്പോള്‍ ചില പോസ്റ്റുകളില്‍ ബൈബിളിനെതിരെ അരോപിച്ചു കാണുന്നത്. എത്ര പറഞ്ഞാലും ബോദ്ധ്യപ്പെടില്ല എന്നറിയാവുന്നതുകൊണ്ട് ,ഒരോന്നിനും മറുപടി പറയാന്‍ സമയം കളയുന്നില്ല. എന്നാല്‍ ഒരു കാര്യം പറയാതെ വയ്യ. പൌലോസ് കൊരിന്ത്യര്‍ക്ക് എഴുതിയ കത്തില്‍ ഒരു കാര്യം സൂചിപ്പിക്കുന്നു, “ അക്ഷരം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കും.“ (2 കൊരിന്ത്യര്‍ 3:6)

ബൈബിളിലെ വാചകങ്ങള്‍ കീറി മുറിക്കുന്നവരോട് ബൈബിള്‍ പറയുന്നു, “അക്ഷരം നിങ്ങളെ കൊല്ലും !” മറ്റുള്ള മത ഗ്രന്ഥങ്ങളുടെ വികലമായ അപഗ്രഥനത്തിലൂടെ സ്വന്തം മതം സാധൂ‍കരിക്കേണ്ട ഗതികേടിലേക്ക് പല മത വിശ്വാസികളും വന്നു പെട്ടിരിക്കുന്നു.

ആയിരിത്തിഅറുന്നൂറു വര്‍ഷങ്ങള്‍ക്കിടയില്‍ , വിവിധ നിലവാരത്തില്‍ ജീവിച്ചിരുന്ന നാല്‍പ്പതിലധികം പേര്‍ പല ഭാഷയില്‍ എഴൂതിയ ഗ്രന്ഥമാണ് ബൈബിള്‍. ഒറ്റ കേന്ദ്ര കഥാപാത്രവും, രണ്ടു പ്രധാനാ സംഭവവുമാണ് ബൈബിളിന്റെ ഇതിവൃത്തം എന്നു വേണമെങ്കില്‍ ചുരുക്കി പറയാം. യേശുവാണ് കേന്ദ്ര കഥാ പാത്രം. രണ്ടു കാലങ്ങളിലുള്ള യേശുവിന്റെ ഭൂമിയിലേക്കുള്ള ആഗമനമാണ് പ്രധാന സംഭവങ്ങള്‍. ഒന്നാമത്തെ വരവു രണ്ടായിരം വര്‍ഷങ്ങള്‍ക്കു കഴിഞ്ഞു. ബൈബിളില്‍ യേശുവിന്റെ ആദ്യ വരവിനേപറ്റി പറഞ്ഞതിന്റെ മൂന്നിരട്ടി പ്രാവശ്യം രണ്ടാം വരവിനേപറ്റി പ്രവചിച്ചിട്ടുണ്ട്.

ഇനി ഏതു സമയത്തും യേശുവിന്റെ വരവു ഉണ്ടാകുമെന്നു ബൈബിള്‍ പഠിപ്പിക്കുന്നു. മനുഷ്യനു നിശ്ചയമില്ലാത്ത രണ്ടു ആകസ്മികസംഭവങ്ങള്‍- ഒന്നുകില്‍ നമ്മുടെ മരണം,അല്ല്ലെങ്കില്‍ യേശുവിന്റെ ആഗമനം- ഇതിനിടയിലെ ക്ഷണിക ജീവിതം അതീവ സൂക്ഷ്മതയോടെ ജീവിക്കാന്‍ വേണ്ട നിര്‍ദ്ദേശക തത്ത്വങ്ങളാണ് പുതിയ നിയമത്തില്‍ ഉടനീളം. അര്‍ത്ഥ ശൂന്യമായ ആവര്‍ത്തനങ്ങളായ കര്‍മ്മങ്ങള്‍ ഒന്നും മനുഷ്യനെ ദൈവമായി അടുപ്പിക്കുന്നില്ല എന്നതാണ് യേശുവിന്റെ ഉപദേശങ്ങളില്‍ മൂഖ്യം.

യേശുവിന്റെ രണ്ടാമത്തെ വരവിനു ശേഷംഈ ബൈബിള്‍ എന്ന പുസ്തകം ഉത്സവം കഴിഞ്ഞ പറമ്പിലെ ഉത്സവത്തിന്റെ നോട്ടീസു പോലെ ഈ ഭൂമിയില്‍ ചിതറിക്കിടക്കും. ഇതിനു ഒരു പ്രാധാന്യവും ഉണ്ടാകുകയില്ല. കാരണം, ബൈബിളിലെ വചനങ്ങള്‍ക്കു ജീവന്‍ നല്‍കുന്ന ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഇവിടെയുണ്ടാകില്ല. പിന്നെ ഇതു വെറും പഞ്ചതന്ത്രം കഥ പോലെ മാത്രമേ തോന്നുകയുള്ളൂ. നിര്‍ഭാഗ്യവശാല്‍ ഈ അക്ഷരം കുഴിക്കുന്നവര്‍ക്ക് ഇന്നും ഇതു തന്നെയാണ് ബൈബിള്‍. കീറി മുറിച്ച് അപഗ്രഥിച്ച് സ്വ്വന്തം മതത്തെ തെളിയിച്ചെടുക്കാനുള്ള ഒരു പരീക്ഷണ ശാല.


എന്നാല്‍, ഈ പണ്ഡിതന്മാര്‍ക്കായി ഒരു ഉദാഹരണം പറയാം. യേശു ജീവിച്ചിരുന്ന കാലത്ത് , വെറും മൂന്നു മണിക്കൂര്‍ നേരം മാത്രം യേശുവിനെ കണ്ട് പരിചയിച്ച ഒരു മനുഷ്യനെ ബൈബിള്‍ പരിചയപ്പെടുത്തുന്നുണ്ട്. യേശുവിന്റെ അത്ഭുത പ്രവര്‍ത്തികള്‍ കാണുകയോ, പ്രസം‌ഗങ്ങള്‍ കേള്‍ക്കുകയോ ആദ്ദേഹം ചെയ്തിരുന്നില്ല. മാത്രമല്ല അദ്ദേഹം യേശുവിനെക്കാണുമ്പോല്‍, യേശു ഏറ്റവും അപമാനിതനായി നഗ്നനായി കുരിശില്‍ കിടക്കുകയുയായിരുന്നു. ഞാന്‍ പറയുന്നതു യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ട കള്ളന്മാരില്‍ ഒരുവനേക്കുറിച്ചാണ്. അയാള്‍ വലത്തു വശത്തു കിടന്നവനോ ഇടതു വശത്തുകിടന്നവനോ ആകാം. പക്ഷേ, ചുരുങ്ങിയ സമയം കൊണ്ട്, അയാള്‍ യേശുവില്‍ രക്ഷകനെ കണ്ടു. കുരിശിന്റെ മുകളില്‍ എഴുതി വച്ചിരിക്കുന്ന മേലെഴുത്തിന്റെ അന്തഃസത്ത ഗ്രഹിച്ചു. അവനോട് യേശു പറഞ്ഞു, “നീ ഇന്ന് എന്നോടു കൂടെ പറുദീസയില്‍ ഇരിക്കും!”
ഒരു ജന്മം കൊണ്ടു നേടാന്‍ ഒരു ക്രിസ്ത്യാനി ആഗ്രഹിക്കുന്നത്, ഒരു വാക്കു കൊണ്ട് ആ കുറ്റവാളി നേടിയെടുത്തു!


ആ കുറ്റവാളിയുടെ ബുദ്ധിയെങ്കിലും ഈ വിശകലന വിശാരദന്മാര്‍ക്കു കിട്ടിയുരുന്നെങ്കില്‍!!