Sunday, May 29, 2011

ആരാണീ ആകാശപ്പറവകൾ.??/

ആകാശപ്പറവകൾ വാർത്തയിൽ ഇടം നേടിക്കൊണ്ടിരിക്കുന്നു . ബസ്സിലും ബ്ലൊഗിലും  പോസ്റ്റുകളും റീഷെയറുകളും തകൃതിയായിനടക്കുന്നു. ദാരുണമായി കൊലചെയ്യപ്പെട്ട സൗമ്യയുടെ കൊലപാതകക്കേസിലെ കുറ്റവാളി ഗോവിന്ദചാമി മതം മാറി ചാർളി തോമസ് ആയി എന്നും മതം മാറ്റത്തിനു പിന്നിൽ  ആകാശപ്പറവകൾ എന്ന പ്രാർത്ഥനാ ഗ്രൂപ്  ആണെന്നും ഡെയ്`ലി മലയാളം റിപ്പോർട്ട് ചെയ്യുന്നു.
സുവിശേഷം മനുഷ്യനെ തെറ്റില്‍നിന്നും ശരിയിലേക്ക് നയിക്കാനുള്ള ദൈവനിയോഗമാണ്. എന്നാല്‍ കുറ്റവാളികളേയും കൊള്ളക്കാരേയും സംരക്ഷിക്കാനും സുവിശേഷത്തിന്റെ മഹത്തായ ലക്ഷ്യങ്ങള്‍ ഉപയോഗിക്കുകയാണോ - എന്നും പത്രം ചോദിക്കുന്നു.

 ആകാശപ്പറവകൾ എന്ന പ്രാർത്ഥനാഗ്രൂപ് ആരു നടത്തുന്നുവെന്നോ, എന്താ അവരുടെ ആശയമെന്നോ, നടത്തുന്നവരുടെ ഉദ്ദേശമെന്തെന്നോ- എനിക്കറിയില്ല. അങ്ങിനെ ഒരു ഗ്രൂപ് ഉണ്ടോ എന്നു പോലും അറിയില്ല.
 എന്തായാലും അവരുടെ ഇടപെടൽ  സുവിശേഷപ്രവർത്തനത്തിൽ ഏർപ്പെടുന്നവരുടെ ഉദ്ദേശശുദ്ധി  ചോദ്യം ചെയ്യുന്ന നിലയിലേക്കു കാര്യങ്ങൾ എത്തിയിരിക്കുന്നു.  സുവിശേഷപ്രവർത്തനത്തിൽ ഏർപ്പെടുന്ന ഒരാൾ എന്ന നിലയിൽ, ഞാൻ മനസിലാക്കിയ സുവിശേഷം കുറ്റവാളിയേയും കൊള്ളക്കാരേയും  ഒരു തരത്തിലും രക്ഷപ്പെടാൻ കൂട്ടു നിൽക്കുന്നതല്ല.
മറിച്ച് കോടതികൾക്ക് ചെയ്യുവാൻ കഴിയാത്ത ഒരു മഹത്കാര്യം സുവിശേഷത്തിനു ചെയ്യുവാൻ കഴിയും . ചെയ്ത കുറ്റത്തിനു തക്ക ശിക്ഷ നൽകുവാൻ കോടതി ശ്രമിക്കുമ്പോൾ കുറ്റവാളിക്കു പാപബോധം വരുത്തുവാനണ് സുവിശേഷം ശ്രമിക്കുന്നത്. . പാപബോധം വന്ന ഒരുവനെ  മാനസാന്തരത്തിലേയ്ക്കു നയിക്കുന്നതാണ് യദാർത്ഥ സുവിശേഷപ്രവർത്തനം.  മാനസാന്തരം വന്ന ഒരാൾ പിന്നീട് പപത്തിലേയ്ക്കു തിരിച്ചുപോവുകയുമില്ല എന്നു സുവിശേഷം പഠിപ്പിക്കുന്നു.

എന്നാൽ ഇപ്പറഞ്ഞതിൽ നിന്നും കുറ്റം ചെയ്തയാൾ മാനസാന്തരപ്പെട്ടാൽ   ശിക്ഷ ഇളവുചെയ്യണമെന്നോ രക്ഷെപ്പെടുത്തണമെന്നോ അർത്ഥമില്ല.

പത്ര വാർത്തയിൽ നിന്നും ഗോവിന്ദചാമിയെന്ന  ചാർളി തോമസ് പ്രാഥമിക വാദത്തിൽ തന്നെ കുറ്റം നിഷേധിച്ചിരിക്കുകയാണ്.

ഗോവിന്ദചാമിയ്ക്കു  ബൈബിളിന്റെ അടിസ്ഥാനത്തിൽ മാനസാന്തരം ഉണ്ടായിട്ടില്ല എന്നതിന്റെ ഒന്നാമത്തെ തെളിവു ഇതു തന്നെ.
 യദാർത്ഥമായി ഗോവിന്ദചാമി ബൈബിൾ കേൾക്കുകയോ ക്രിസ്തുവിൽ വിശ്വസിക്കുകയോ  ചെയ്തിരുന്നെങ്കിൽ ഒരിക്കലും കുറ്റം നിഷേധിക്കുമായിരുന്നില്ല, ഒരൊറ്റ വക്കീലിനേയും വയ്ക്കുമായിരുന്നുമില്ല. (ഗോവിന്ദചാമി തന്നെയാണ് കുറ്റം ചെയ്തത് എന്ന മാധ്യമങ്ങളുടെ വാർത്തയെയും പോലീസിനേയും  വിശ്വസിച്ചുകൊണ്ണ്ടാണ് ഇതെഴുതുന്നത്)

കോടതിയോടും, സമൂഹത്തോടും, സൗമ്യയുടെ കുടുംബത്തോടും തെറ്റു ചെയ്തത്  താൻ തന്നെയാണ് ഏറ്റു പറയുമ്പോൾ മാത്രമേ സുവിശേഷത്തിലൂടെയുള്ള മാനസാന്തരത്തിന്റെ ഒന്നാമത്തെ പടി പൊന്നുച്ചാമി ചവിട്ടുകയുള്ളൂ.  ജഡത്തിൽ വിതച്ചത് ജഡത്തിൽ കൊയ്യും എന്നാണ് ബൈബിളിന്റെ പ്രമാണം. മനുഷ്യൻ നിർമ്മിച്ച നിയമ സംഹിതയ്ക്കനുസരിച്ചുള്ള ശിക്ഷഅനുഭവിച്ചേപറ്റുകയുള്ളൂ. എന്നാൽ നിത്യ ശിക്ഷയിനിന്നുമുള്ള മോചനത്തിന്റെ മാർഗ്ഗമാണ് ക്രിസ്തുവിന്റെ സുവിശേഷം.

ക്രിസ്തുവിനോടൊപ്പം കുരിശിൽ തറയ്ക്കപ്പെട്ട രണ്ടു കള്ളന്മാരുടെ സംഭാഷണം ബൈബിളിൽ പരാമർശിച്ചിട്ടുണ്ട്. ഒരാൾ മറ്റേയാളോട് പറയുകയാണ്, "നാമോ കുറ്റം ചെയ്തിട്ടു ശിക്ഷ അനുഭവിക്കുന്നു - "
അതെ, ഇതാണ് മാനസാന്തരത്തിലേയ്ക്കുള്ള വാതിൽ- അപ്രകാരം പറഞ്ഞകള്ളന്  ക്രിസ്തു ശിക്ഷയിൽ നിന്നും ഇളവു ചെയ്യുകയോ മോചിപ്പിക്കുകയല്ല മറച്ചു ആർക്കും കൊടുക്കുവാൻ കഴിയാത്ത ഒരു ഉറപ്പ് കൊടുക്കുകയാണ് ,

"ഇന്ന് നീ പറുദീസയിൽ എന്നോടോപ്പം ഇരിക്കും"

ആകാശപ്പറവകൾ, ഗോവിന്ദചാമിയെ മോചിപ്പിക്കാൻ വക്കീലന്മാരെ നിയോഗിക്കുന്നു എന്ന പത്രവാർത്ത ശരിയാണെങ്കിൽ- നിങ്ങൾ വെല്ലുവിളിക്കുന്നത്, ഭാരതത്തേയും   നമ്മുടെ നിയമ സംഹിതകളേയും മാത്രമല്ല.
പാപികൾക്കു വേണ്ടി മരിച്ച യേശുവിനോടും അവന്റെ വചനങ്ങളോടുമുള്ള വെല്ലുവിളിയാണത്- 

നിങ്ങൾ ക്രിസ്തുവിനെ അപമാനിക്കുന്നു എന്നു പറയാതെ തരമില്ല.

18 comments:

സജി said...

കാശപ്പറവകൾ, പൊന്നുച്ചാമിയെ മോചിപ്പിക്കാൻ വക്കീലന്മാരെ നിയോഗിക്കുന്നു എന്ന പത്രവാർത്ത ശരിയാണെങ്കിൽ- നിങ്ങൾ വെല്ലുവിളിക്കുന്നത്, ഭാരതത്തേയും നമ്മുടെ നിയമ സംഹിതകളേയും മാത്രമല്ല.
പാപികൾക്കു വേണ്ടി മരിച്ച യേശുവിനോടും അവന്റെ വചനങ്ങളോടുമുള്ള വെല്ലുവിളിയാണത്-

നിങ്ങൾ ക്രിസ്തുവിനെ അപമാനിക്കുന്നു എന്നു പറയാതെ തരമില്ല.

വാഴക്കോടന്‍ ‍// vazhakodan said...

എല്ലാ മതങ്ങളേയും തെറ്റായി അവതരിപ്പിക്കാന്‍ ഇത്തരുണത്തിലുള്ള ആളുകളും പ്രവൃത്തികളും എല്ലാ മതത്തിലുമുണ്ട്. അതിനൊക്കെ അവരവരുടേതായ താലപര്യങ്ങളുമുണ്ട്.അവരിലൂടെ മതത്തേയോ ദൈവത്തേയോ വിലയിരുത്തുന്നതില്‍ ഒരു അര്‍ത്ഥവുമില്ല എന്നാണ് എന്റെ പക്ഷം!

Sudeesh Rajashekharan ¦ സുധി. said...
This comment has been removed by the author.
കൂതറHashimܓ said...

മ്മ്.....

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

സുവിശേഷമെന്നും ക്രിസ്തുവെന്നും പറഞ്ഞ് ഇറങ്ങുന്ന പലര്‍ക്കും ലക്ഷ്യം മറ്റ് പലതും ആണ്. ആ ലക്ഷ്യം എന്താണ് എന്ന് കണ്ടത്തി ജന സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കേണ്ടത് ഞാന്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ കര്‍ത്തവ്യം ആണ്.

ഭായി said...

വളരെ ശരിയാണ്. ചാമിക്ക്(ചാർളിക്ക്) മാനസാന്തരം വന്നാൽ അന്ത്യനാളിലെ ദൈവത്തിന്റെ കഠിന ശിക്ഷയിൽ നിന്നും ഇളവ് ലഭിച്ചേക്കം.
തെമ്മാടിത്തരം കാട്ടിയിട്ട് മാനസാന്തരപ്പെട്ടെന്ന് പറഞാൽ..! ഇതെവിടുത്തെ ന്യായം.??!!

ദൈവത്തെ പോലും ക്രിമിനൽവൽക്കരിക്കുന്ന കാലം..കലികാലം!!!!

MKERALAM said...

അതെ, മതത്തിന്റെ പേരില്‍ രാജ്യദ്രോഹവും ദേശദ്രോഹവും സാ‍മൂഹ്യദ്രോഹവും പീന്നെ ഇതുപോലെയുള്ള ക്രിമിനല്‍ പ്രവര്‍ത്തികളും ചെയ്യുമ്പോള്‍ എല്ലാ ഇന്‍സ്റ്റിറ്റൂഷനലൈസ്ഡ് മത വിശ്വസികലുടെയും ഒരു കൈകഴുകല് കേള്‍ക്കാനും വായിക്കാനും നല്ല രസമുണ്ട്.

ഞങ്ങള്‍ നല്ലവരാണ്, ആരാണീ വകുപ്പ് എന്നു ഞങ്ങള്‍ക്കറിഞ്ഞേ കൂടാ എന്നൊരു വക.

എന്നാല്‍ ഹിന്ദുക്കള്‍ അങ്ങനെയല്ല, (ഹന്ദുത്വയുടെ കാര്യമല്ല ഞാന്‍ പറഞ്ഞത്).അവരത്ര ഓര്‍ഗനൈസ്ഡ് അല്ലല്ലോ.

സജിയോടൊരു ചോദ്യം-നാളെ ഈ ‘ആകാശപ്പറവകളേ’ നേരില്‍ കണ്ടാല്‍, അവരുടെ ഈ കേസിലുള്ള ഇന്‍വോള്‍വ്മെന്റു തെളിഞ്ഞാല്‍, ഗോവിന്ദച്ചാമി തെറ്റുകാരനാണെന്നു തെളിഞ്ഞാല്‍, സജി എന്തു ചെയ്യും. അവരെ ഒരു പ്രതിഷേധം ഒരു നിസ്സഹകരണം അറിയിക്കുമോ? :)

ബൈബിളിന്റെ പേരിലൊരു ഡാമേജ് കണ്ട്രോള്‍! അല്ലാതെ മറ്റൊന്നുമല്ല് ഈ പോസ്റ്റ് എന്നു ബുദ്ധി ഉപദേശിക്കുന്നു സജീ.

kARNOr(കാര്‍ന്നോര്) said...

ആകാശപ്പറവകളെ (കേട്ടതു ശരിയാണെങ്കിൽ) ആകാശത്തീടെ പറപ്പിയ്ക്കണം. [ചിലരുടെ കമന്റിനോടു സഹതപിക്കാം. അതിബുദ്ധിയെന്ന ബുദ്ധിശൂന്യത ഒരു തെറ്റാണോ?. കേരളസുഹൃത്തേ ആന്ത്രവായുകൂടിയാൽ എവിടെയെങ്കിലും ഒറ്റയ്ക്ക് മാറിനിന്നു റിലീസു ചെയ്യുകയല്ലേ നല്ലത്. ഇല്ലെങ്കിൽ അത് സുഷുന്മനാഡി വഴി തലച്ചോറിലെത്തി ഇതുപോലുള്ള വികട ആശയങ്ങൾക്ക് ജന്മം കൊടുക്കും]

ബിജുകുമാര്‍ alakode said...

ആകാശപറവകള്‍ എന്നൊരു ഗ്രൂപ്പ് ഉണ്ട്. എന്റെ നാട്ടില്‍ അവര്‍ ഉണ്ടായിരുന്നു. വിശ്വാസം തലയ്ക്കു പിടിച്ചവര്‍ എന്നാണ് എനിയ്ക്ക് തോന്നിയത്. ചിലര്‍ ചാക്കുടുത്തും ചാരം പൂശിയും നടക്കും. ചിലര്‍ കാവിയും കൊന്തയും ധരിയ്ക്കും. ചെരിപ്പ് ഉപയോഗിയ്ക്കില്ല. ഒരാള്‍ ആലക്കോട് നിന്നും മരക്കുരിശും ഏന്തി നടന്ന് മലയാറ്റൂര്‍ പോകുകയുണ്ടായി. ഇവര്‍ അനാഥരെയും മറ്റും പരിപാലിയ്ക്കുന്നത് കണ്ടിട്ടുണ്ട്. സാമ്പത്തിക സ്രോതസ്സിനെ പറ്റി അറിയില്ല. എങ്കിലും സാധു സംരക്ഷണം ചെയ്യുന്നതിനാല്‍ ആരും ഇവരെ അങ്ങനെ സംശയിയ്ക്കാറില്ല.

നെല്‍സണ്‍ താന്നിക്കല്‍ said...

ഇതിനെക്കുറിച്ച് കുറെ കഥകള്‍ ഇപ്പോള്‍ തന്നെ ഉണ്ടായി ഇതില്‍ ഏതാണ് സത്യം ഏതാണ് നുണ എന്ന് ആര്‍ക്കറിയാം. എന്തായാലും ഗോവിന്ദചാമി തെറ്റുകാരനാണെങ്കില്‍ അവനെ ഒരു കാരണവശാലും വെറുതെ വിടരുത്.
ഈ പത്രത്തില്‍ ഒന്നും വരുന്നത് വിശ്വസിക്കാന്‍ കൊള്ളില്ല അല്ലേ(ഇത് എനിക്ക് കുറച്ചു കാലം ആയിട്ട് തോന്നുന്നതാ )

മുരളിക... said...

ആകാശപറവകള്‍ എന്നൊരു ഗ്രൂപ്പ് എന്റെ വീടിനു അടുത്തും ഉണ്ടായിരുന്നു അച്ചായാ, (കാഞ്ഞങ്ങാട് മൂനാം മൈല്‍ എന്ന സ്ഥലത്തും രാജപുരം എന്ന സ്ഥലത്തും ) ഇപ്പോള്‍ ഉണ്ടോ എന്ന് ഉറപ്പില്ല. മൂന്നാല് വര്ഷം മുന്പ് വരെ എന്തായാലും ഉണ്ടായിരുന്നു.
ഉച്ചത്തില്‍ ചൊല്ലി നടക്കുക തന്നെ പരിപാടി. നാട്ടുകാര്‍ ഇവര്‍ക്കെതിരെ പരാതിപ്പെടുക എന്നതും നിത്യ സംഭവം ആയിരുന്നു .

ഓണ്‍ ടോപ്പിക്ക്: ആസ് യൂഷ്വല്‍, വളരെ അര്‍ത്ഥവത്തായ പോസ്റ്റ്‌.

കാഴ്ചകളിലൂടെ said...

പ്രിയ സജി
കുറെ ദിവസങ്ങളായി നടക്കുന്ന ഒരു കഥയുടെ ഒരു അറ്റം മാത്രമേ നമ്മള്‍ കണ്ടിട്ടുള്ളു. ഒരു കൊടും കുറ്റവാളിക്ക് വേണ്ടി പ്രമുഘരായ അഞ്ചു വക്കീലന്മാര്‍ അണിനിരക്കുന്നു. ഗോവിന്ദചാമി മതം മാറുന്നു. ആകാശ പറവകള്‍ രംഗപ്രവേശം നടത്തുന്നു. ഇനി എന്തെല്ലാം കാണാനിരിക്കുന്നു.

സജീവ്‌

അപ്പു said...

ആകാശപ്പറവകൾ ആരാണെന്ന് കേട്ടിട്ടില്ല. എങ്കിലും മുരളികയും ബിജുകുമാറും പറഞ്ഞകമന്റുകളീൽ നിന്ന് “വിശ്വാസം തലക്കുപിടിച്ച” ഒരു ടീം എന്നുമനസ്സിലായി. എന്തായാലും ‘സുവിശേഷം’ എന്ന പേരും പറഞ്ഞ് ഒരു ക്രിമിനലിനെ രക്ഷിക്കാൻ അഞ്ചാറുവക്കീലന്മാരെയും വച്ചത് അവരാണെങ്കിൽ, അത് ഒട്ടും ന്യായീകരിക്കാനാവുന്നില്ല. തീർച്ചയായും അത് ക്രിസ്തുവിനെ അപമാനിക്കലാണ്.

Subair said...

സജിം പറഞ്ഞതിനോട് യോചിക്കുന്നു, ഗോവിന്ദ ചാമിയെ പോലെയുള്ള ക്രിമനലുകളുമായി സുവിശേഷ സംഘങ്ങളെ ചേര്‍ത്ത് പറയുമ്പോള്‍ ഉണ്ടാകുന്ന വിഷമം മനസിലാക്കുന്നു.

കാണാപ്പുറം നകുലന്‍ said...

മാസങ്ങൾക്കു മുമ്പ്‌ - സൌ‌മ്യ വധിക്കപ്പെടുന്നതിന്റെ അന്നോ അതിന്റെ പിറ്റേന്നോ - ആദ്യം പുറത്തുവന്ന ചില പത്രവാർത്തകളിൽ - മനോരമയിലുൾപ്പെടെ - “ചാർലി“ എന്നു തന്നെയായിരുന്നു പേരു കൊടുത്തിരുന്നത്‌. പിന്നീട്‌ പെട്ടെന്നത്‌ ഗോവിന്ദച്ചാമിയാകുകയും പ്രചാരം നേടുകയും ചെയ്തു.

ഈയൊരു പേരുമാറ്റം കുറച്ചെങ്കിലും ശ്രദ്ധിക്കപ്പെടാതെയുമിരുന്നില്ല. ഗോവിന്ദച്ചാമി നാലു വർഷങ്ങൾക്കു മുമ്പേ മതം മാറി ചാർലിയായതായിരുന്നു എന്നും, യാചകരേയും മറ്റും മതം മാറ്റാനായി പ്രവർത്തിക്കുന്ന ആകാശപ്പറവകൾ എന്ന സംഘടനയുടെ പ്രവർത്തകനാണ് അയാൾ എന്നും അന്നേ തന്നെ ചർച്ച ചെയ്യപ്പെട്ടതാണ്. എന്നാൽ, അത്തരം ചർച്ചകളൊക്കെ, നിർബന്ധിതമതപരിവർത്തനത്തെ എതിർക്കുന്നവരുടെ സ്വകാര്യവേദികളിൽ ഒതുങ്ങി നിന്നതല്ലാതെ പൊതുവേദിയിലേക്ക്‌ ഉയർന്നുവന്നിരുന്നില്ല. കേരളത്തിലെ സവിശേഷമായ മാധ്യമപരിസരത്തിൽ അതു സാധ്യവുമായിരുന്നില്ല.

എന്നാൾ ഇപ്പോൾ, ഈയൊരു കാര്യം പൊതുവെ ചർച്ചചെയ്യപ്പെട്ടുകാണുന്നു. വിലകൂടിയ വക്കീലന്മാർ രംഗത്തെത്തിയതോടെ പ്രതിയുടെ ആൾബലം വെളിപ്പെട്ടതും, പ്രാർത്ഥനക്കാർ സൌ‌മ്യയുടെ വീട്ടിലെ നിത്യസന്ദർശകരാകുന്നു എന്ന വാർത്ത പുറത്തുവന്നതുമാകണം ഈയൊരു മാറ്റത്തിനു കാരണമെന്നു തോന്നുന്നു. ചാർലി എന്നാണു പേര് എന്നതും ആകാശപ്പറവകളിലെ അംഗത്വവുമെല്ലാം ഇപ്പോൾ പരക്കെ ചർ‌ച്ചചെയ്യപ്പെടുന്നുണ്ട്‌. എന്നാൽ, കഥയുടെ മറ്റൊരു വേർഷനാണ് ഇപ്പോൾ ചിലർ പറഞ്ഞുകേൾ‌ക്കുന്നത്‌. ചാമി അടുത്തിടെ മാത്രമാണ് ചാർലിയായത്‌ എന്ന മട്ടിലാണ് ആ വേർഷൻ. സജി ഇവിടെ പറഞ്ഞതും അത്തരത്തിലൊരു വേർഷനാണെന്നു തോന്നുന്നു. അതു തെറ്റാവാനാണ് സാദ്ധ്യത. കൊലപാതകത്തിനു ശേഷമല്ല മതവും പേരും മാറിയിരിക്കുന്നത്‌. ആദ്യവാർത്തകളിൽ‌ത്തന്നെ ചാർലി എന്നു പരാമർശിക്കപ്പെട്ടിരുന്നത്‌ അതിന്റെ തെളിവ്‌.

ഇതേക്കുറിച്ചൊക്കെ പറയാനാണെങ്കിൽ ഒത്തിരിയുണ്ട്‌. പക്ഷേ താൽ‌പര്യം തോന്നുന്നില്ല!

കാണാപ്പുറം നകുലന്‍ said...

എന്നാൽ - ചിലതു പറയാതെയും വയ്യ! ആ കുറ്റവാളിയുടെ കാര്യത്തിൽ ‘വഴി മാറി’ സഞ്ചരിക്കുന്നവർ, യഥാർത്ഥവഴിയിലൂടെ സഞ്ചരിക്കുന്നവർക്കും പേരുദോഷവും അതിനാൽത്തന്നെ വിഷമവും ഉണ്ടാക്കുന്നു എന്ന - ഈ പോസ്റ്റിന്റെ പൊതുവായ ഒരു ധ്വനിയെ - പൂർണ്ണമായും ബഹുമാനിച്ചുകൊണ്ടും ആ വികാരം അനുതാപപൂർവ്വവും ആത്മാർത്ഥതയോടെയും ഉൾക്കൊണ്ടുകൊണ്ടും.

കൊലപാതകത്തിനു ശേഷമാണ്‌ ചാമി മതം മാറി ചാർലിയായത്‌ എന്നു തന്നെയാണ്‌ സജിയും കരുതിയിരിക്കുന്നതെന്ന്‌ പോസ്റ്റ്‌ ഒരാവർത്തികൂടി വായിച്ചപ്പോൾ വ്യക്തമാകുന്നു. “ബൈബിൾ കേട്ടു മാനസാന്തരം വന്നിരുന്നെങ്കിൽ കുറ്റം നിഷേധിക്കുമായിരുന്നില്ല” എന്ന മട്ടിൽ എഴുതിയിരിക്കുന്നതിൽ നിന്ന്‌ അതാണു വ്യക്തമാകുന്നത്‌.

എന്നാൽ - ഇവിടെ, “കുറ്റം നിഷേധിക്കുമായിരുന്നില്ല” എന്നല്ല സജീ - മറിച്ച്‌ - “കുറ്റം ചെയ്യുമായിരുന്നില്ല” എന്നു തന്നെയാണെഴുതേണ്ടത്‌. കാരണം - സൗമ്യയെ ക്രൂരമായി കൊലപ്പെടുത്തുന്നത്‌ മതം അതിനകം തന്നെ മാറിക്കഴിഞ്ഞിരുന്ന ചാർലിയാണ്‌. അതിനുമുമ്പുള്ള നാലുകൊല്ലക്കാലത്തിനിടയ്ക്ക്‌ എപ്പോളെങ്കിലും അയാൾ ബൈബിൾ കേട്ടിരുന്നോ എന്നൊന്നും യാതൊരു നിശ്ചയവുമില്ല. എന്തായാലും അയാളുടെ ക്രിമിനൽ സ്വഭാവത്തിന്‌ യാതൊരു ഉലച്ചിലുമുണ്ടായിട്ടില്ലെന്ന്‌ തീർച്ചയാണ്‌.

വ്യക്തിപരമായ ഒരു നിരീക്ഷണം പറയുകയാണെങ്കിൽ, ഇവിടെ രണ്ടു സാധ്യതകളാണ്‌ ഉള്ളത്‌. ഒന്നെങ്കിൽ, പല മതപരിവർത്തനക്കേസുകളിലും സംഭവിക്കാറുള്ളതുപോലെ - വ്യാപകമായി ആരോപിക്കപ്പെടാറുള്ളതുപോലെ - ചാമിയെ ചാർലിയാക്കിയവർ തലയെണ്ണി കണക്കു പറഞ്ഞ്‌ ഡോളർ വാങ്ങി പോക്കറ്റിലിട്ടതല്ലാതെ - ചാർലിയിൽ ഏതെങ്കിലും തരത്തിലുള്ള ഒരു മനപരിവർത്തനം വരുത്താനോ ഒന്നും തരിമ്പും മെനക്കെട്ടിട്ടുണ്ടാവില്ല. അവർ അടുത്ത ഇരയെത്തേടി ആർത്തിയോടെ നിങ്ങിയിട്ടുണ്ടാകണം. അതല്ലെങ്കിൽ, അവർ ബൈബിൾ കേൾപ്പിച്ചും മതം പഠിപ്പിച്ചും ചാമിയെ ഒരു തികഞ്ഞ മതവിശ്വാസിയും അതിനാൽത്തന്നെ നല്ലകുട്ടിയും ആക്കി മാറ്റിയെടുക്കാൻ കുറേയെങ്കിലുമൊക്കെ ശ്രമിച്ചിട്ടുണ്ടാകണം. എന്നാൽ, വർഷങ്ങൾ നീണ്ട പ്രയത്നം കുടം കമിഴ്ത്തിവെള്ളമൊഴിക്കുന്നതുപോലെ പാഴ്ശ്രമമായി അവശേഷിച്ചിരുന്നിരിക്കാം. ഡോളറിന്റെ ഒരു അംശം തനിക്കും ലഭിക്കുമെന്നതിനാൽ താൽക്കാലിക ലാഭം മാത്രം ലക്ഷ്യമിട്ട്‌, അക്ഷരാർത്ഥത്തിൽത്തന്നെ ‘പേരിന്‌’ മതം മാറിയ ചാർലി മതപ്രഘോഷണങ്ങൾക്കും അനുശാസനങ്ങൾക്കുമൊക്കെ പുല്ലുവില കൽപ്പിച്ചിരുന്നിരിക്കാം. അതുമല്ലെങ്കിൽ, മാനസാന്തരം, രോഗശാന്തി എന്നിങ്ങനെയൊക്കെ ‘ആത്മമാരി പെയ്തിറങ്ങു’മെന്നൊക്കെയുള്ള അവകാശവാദങ്ങളിൽ ഇത്രയേ കഴമ്പുള്ളൂ എന്നു വാദിക്കേണ്ടവർക്ക്‌ അതുമാകാം.

പറവകൾ വീണ്ടും പണമെറിയുന്നതിനു പിന്നിലെ ചൂണ്ടക്കൊളുത്തുകൾ ആരെയൊക്കെ - എന്തിനെയൊക്കെ - ലക്ഷ്യം വയ്ക്കുന്നു എന്നത്‌ ഇനിയും വെളിപ്പെടാനിരിക്കുന്നതേയുള്ളൂ. എന്തായാലും ശരി - ചാർലിക്കുവേണ്ടിയൊക്കെ വാദിക്കാനെത്തുന്ന വക്കീലന്മാരോട്‌ ആരും ചോദിച്ചുപോകുന്ന ഒരു ചോദ്യമുണ്ട്‌. "അന്തസ്സുള്ള വേറേ എന്തെല്ലാം പണികിടക്കുന്നു മാഷേ" എന്ന്‌. മതം വിറ്റു കാശാക്കുന്നതിലൂടെ ലോകത്തുള്ള സകല ക്രൈസ്തവർക്കും നാണക്കേടുണ്ടാക്കുന്ന ആസൂത്രിതമതപരിവർത്തനബിസിനസുകാർക്കു മുന്നിലുയരുന്ന ചോദ്യവും മറ്റൊന്നല്ല. ജീവിക്കാൻ മാർഗ്ഗമില്ലാഞ്ഞിട്ടാണെങ്കിൽ - അന്തസ്സുള്ള എന്തെല്ലാം ജോലി കിടക്കുന്നു!

ഓൺ ടോപ്പിക്‌:- നിക്ഷിപ്തതാല്പര്യങ്ങളോടെയെത്തുന്നവരോടു നീരസം പ്രകടിപ്പിച്ചുകൊണ്ടു തുറന്നെഴുതുവാൻ ആർജ്ജവം കാണിച്ചതിന്‌ താങ്കൾക്ക്‌ അഭിവാദ്യങ്ങൾ - സജീ. വിമർശനങ്ങൾ ആർക്കെതിരെയെന്ന തിരിച്ചറിവോടെ മാത്രം എന്റെ കമന്റുകൾ സ്വീകരിക്കുമെന്നു പ്രതീക്ഷയും.

സ്നേഹപൂർവ്വം,

MANIKANDAN [ മണികണ്ഠൻ ] said...

ഗോവിന്ദച്ചാമിയ്ക്കു വേണ്ടി അഞ്ചു വക്കീലന്മാർ ഹാജരാകുന്നു എന്ന വാർത്ത ശരിക്കും ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇപ്പോൾ അതിന്റെ പിന്നിലെ കളികൾ പുറത്തുവരുമ്പോൾ “അച്ഛനുറങ്ങാത്ത വീട്” എന്ന ചിത്രമാണ് മനസ്സിൽ എത്തുന്നത്. യേശുവിന്റെ പേരിൽ ഇങ്ങനേയും നരാധമന്മാരുണ്ടോ? ഇതിന്റെയെല്ലാം പിന്നിലെ യാഥാർത്ഥ്യം പുറത്തുവരുമ്പോൾ ഈ പറവകളേയും ഇവിടെ നിന്നും പറത്തേണ്ടി വരും.

ഗൗരിനാഥന്‍ said...

തെമ്മാടിത്തരമെല്ലാം കാണിച്ച് പിടിക്കപ്പെടുമ്പോള്‍ മാനസാന്തരപ്പെടാന്‍ മരിച്ച് നടപ്പായി, അല്ലെങ്കിലോ മരിക്കും വരെ മാനസ്സാന്തരമില്ല, എന്തോ ഇത്തരം പ്രവണതകളോടും, അതിനു കുട പിടിക്കാന്‍ നടക്കുന്നവരോടും മാപ്പ് കൊടുക്കാനാകില്ല...