ആദ്യമായി പട്ടണത്തില്‍ എത്തിയപ്പോല്‍ എന്നെ അല്‍ഭുതപ്പെടുത്തിയ കാഴ്ച സൈക്കിളുകള്‍ ആയിരുന്നു. പല നിറത്തിലും വലിപ്പത്തിലും ഉള്ള സൈക്കിളുകള്‍.
വീതികുറഞ്ഞ കുണ്ടുംകുഴിയും നിറഞ്ഞ ഞങ്ങളുടെ ഗ്രാമത്തിനു അത് പറ്റിയ വാഹനമായിരുന്നു. ഗ്രാമ വാസികള്‍ സൈക്കിളിനേപറ്റി കേട്ടിട്ടുപോലും ഉണ്ടാവില്ല. ദൂരെയുള്ള വയലിലേയ്ക്കു വളം കൊണ്ടുപോകുവാനും, ഉച്ചയ്ക്കു ആഹാരം കൊണ്ടെത്തിക്കുവാനും ഇത്രയ്ക്കും യോജ്യമായ മറ്റൊന്നും ഉണ്ടാവാനിടയില്ല.
ഒരു സൈക്കിള്‍ വാങ്ങി നാട്ടിലേയ്ക്കു കൊടുത്തയക്കുന്നതിനേപറ്റി ഗൌരവമായി ചിന്തിച്ചു തുടങ്ങിയതും അങ്ങിനെയാണ്.അതു ഗ്രാമത്തിലെ ഒരു അല്‍ഭുത കാഴ്ചയാകും എന്നതിനു ഒരു സംശയമും ഇല്ല. പക്ഷേ സൈക്കിളുകൊണ്ട് വീട്ടുകാര്‍ അനുഭവിക്കാന്‍ പോകുന്ന സൌകര്യങ്ങളാണ് കൂടുതല്‍ ആഹ്ലാദിപ്പിച്ചത്.
മാസങ്ങള്‍ കഴിഞ്ഞു. സ്വരുക്കൂട്ടി വച്ച പണം തികഞ്ഞപ്പോള്‍ ഒരു സൈക്കിള്‍ വാങ്ങി.നാട്ടിലേയ്ക്കു കൊടുത്തയക്കാന്‍ തിരക്കായിരുന്നു.
പ്രവര്‍ത്തിപ്പിക്കേണ്ട വിധങ്ങളും പെട്ടെന്നു വരാവുന്ന കേടുപാടുകള്‍ നന്നാക്കുനുള്ള വിവരങ്ങളും എഴുതിയ ഒരു കുറിപ്പട കൂടി കൊടുത്തയച്ചു.
പിന്നീടുവന്ന കത്തുകളിലെല്ലാം നിറയെ സൈക്കിള്‍ വിശേഷങ്ങള്‍ ആയിരുന്നു.
ഗ്രാമ വാസികള്‍ക്കെല്ലാം കൌതുകം സമ്മാനിച്ച സൈക്കിളിലിന്റെ ഉപയോഗങ്ങള്‍ വിശദമായിത്തന്നെ എഴുതിയിരുന്നു.
വളവും ഭക്ഷണവും മാത്രമല്ല ഞാറ്റുകൊട്ടകളും സൈക്കിളില്‍ പിന്നില്‍ വച്ചു കൊണ്ടുപോകാമത്രേ!
മാസങ്ങള്‍ കഴിഞ്ഞു പോയി. പഴയതു പോലെ കത്തില്‍ നിറയെ സൈക്കിള്‍ വിശേഷങ്ങള്‍ ഇല്ലെങ്കിലും ഒരു വാക്കെങ്കിലും എല്ലാ കത്തിലും കാണാതിരിക്കില്ല.
അവധി അനുവദിച്ചു കിട്ടിയപ്പോള്‍ എങ്ങിയും നാട്ടില്‍ എത്തിയാല്‍ മതിയെന്നായി എനിക്ക്.
ഗ്രാമത്തില്‍ എത്തിയ ഞാന്‍ ഞെട്ടിപ്പോയി. വീട്ടുകാര്‍ സൈക്കിള്‍ ഉന്തിക്കൊണ്ട് നടക്കുന്നു!
സെക്കിളിന്റെ ഇരു വശങ്ങളിലും കഴ വച്ചുകെട്ടി അതില്‍ ചാക്കും കൊട്ടയും ഒക്കെ തൂക്കിയിട്ടുണ്ട്. സീറ്റിലും എന്തൊക്കെയോ വച്ചുകെട്ടിയിട്ടുണ്ട്!
നിരാശയോടെ ഞാന്‍ പറഞ്ഞു, “അതേയ്, സൈക്കിള്‍ ഇങ്ങനെ ഉന്തിക്കൊണ്ട് നടക്കാനുള്ളതല്ല. അതിലെ സീറ്റില്‍ കെട്ടിവച്ചിരിക്കുന്ന കൊട്ട അഴിച്ചെടുത്തിട്ടു അവിടെ കയറി ഇരുന്നു ചവിട്ടി ചവിട്ടി പോകാനുള്ളതാണ്. അങ്ങിനെ ഇതിനു വളരെ വേഗതയില്‍ പോകാന്‍ കഴിയും“
ചിരിച്ചു തള്ളിയ ഗ്രാമവാസികള്‍, ഞാന്‍ ഗൌരവത്തിലാണ് എന്നു കണ്ടപ്പോള്‍, സംശയം പ്രകടിപ്പിച്ചു, ”അതെങ്ങെയാണ്, വെറും രണ്ടു ചക്രമുള്ള ഒരു വണ്ടിയില്‍ കയറി ഇരിക്കുന്നത്? അതു മറിഞ്ഞു പോകില്ലേ?”
എനിക്കു ദേഷ്യവും സങ്കടവും വന്നു.
വാദപ്രതിവാദം മുറുകിയപ്പോള്‍ മൂത്തജ്യേഷ്ഠന്‍ ഒരു പരിഹാരവുമായി മുന്നോട്ടു വന്നു.
“എങ്കില്‍ നീയൊന്നു കയറി കാണിക്കൂ.. വേഗതയില്‍ , വീഴാതെ പോകുന്നത് ഞങ്ങള്‍ ഒന്നു കാണട്ടെ!!!”
സൈക്കിന്റെ എന്റെ അരികില്‍ കൊണ്ടുവന്നു, എല്ലാവരും ആകംഷയോടെ നോക്കി നിന്നു.
പക്ഷേ,അപ്പോഴാണു ആസത്യം ഞാനും ഗ്രഹിച്ചത്, എനിക്കു സൈക്കിള്‍ ചവിട്ടാന്‍ അറിയില്ലായിരുന്നു.!
ഒത്തിരിപേര്‍ ഇതു ചവിട്ടിപ്പോകുന്നതു ഞാന്‍ കണ്ടിട്ടുണ്ട്! എത്തേണ്ട സമയത്തു, കുറഞ്ഞ അധ്വാനത്തില്‍ പലരും ലക്ഷ്യസ്ഥാനത്ത് എത്തിയത് എനിക്ക് അറിയാം. പക്ഷേ..
=============================================
വിശുദ്ധ ബൈബിള്‍ ഇന്നു പലരും ഉപയോഗിക്കുന്നതു ഇങ്ങനെയാണ്.
വശങ്ങളില്‍ കമ്പുകള്‍ വച്ചുകെട്ടി..
വലിയ വലിയ കൊട്ടകള്‍ സീറ്റില്‍ കെട്ടിവച്ച്...
ഉന്തിക്കൊണ്ട് നടക്കുന്നു!..
വളരെ ചുരുക്കം പേര്‍ - ഇതില്‍ കയറി അനായാസമായി ചവിട്ടിപ്പോയതു എനിക്കു അറിയാം.
പോള്‍,പീറ്റര്‍,വില്യം ബൂത്ത്,ജോര്‍ജ്ജു മുള്ളര്‍,വില്യം കേറി...വളരെ ചുരുക്കം പേര്‍ മാത്രം.
കന്‍വെന്‍ഷന്‍ വേദികളില്‍ ഉന്തിക്കൊണ്ട് നടക്കുന്നവരുണ്ട്....
മറ്റുള്ളവരെ മതം മാറ്റാന്‍ ഇതു ഉന്തിക്കൊണ്ട് നടക്കുന്നവരുണ്ട്......
മരുന്നു കഴിക്കാതെയും, സ്വര്‍ണ്ണമിടാതെയും ഇതു ഉന്തിക്കൊണ്ട് നടക്കുന്നവരുണ്ട്.....
തനിയെ നടക്കുന്നതിലും ഭാരമായി തീര്‍ന്നിരിക്കുന്നു പലര്‍ക്കും.
എനിക്കു ഇതു പറഞ്ഞുകൊടുക്കണമെന്നുണ്ട്, പക്ഷേ സത്യം പറയട്ടെ, ഇതു വേണ്ടുവണ്ണം ചവിട്ടാന്‍ എനിക്കും അറിയില്ല.


20 comments:
ഗ്രാമത്തില്‍ എത്തിയ ഞാന്‍ ഞെട്ടിപ്പോയി. വീട്ടുകാര്‍ സൈക്കിള്‍ ഉന്തിക്കൊണ്ട് നടക്കുന്നു!
സെക്കിളിന്റെ ഇരു വശങ്ങളിലും കഴ വച്ചുകെട്ടി അതില്‍ ചാക്കും കൊട്ടയും ഒക്കെ തൂക്കിയിട്ടുണ്ട്. സീറ്റിലും എന്തൊക്കെയോ വച്ചുകെട്ടിയിട്ടുണ്ട്!
നിരാശയോടെ ഞാന്‍ പറഞ്ഞു, “അതേയ്, സൈക്കിള്‍ ഇങ്ങനെ ഉന്തിക്കൊണ്ട് നടക്കാനുള്ളതല്ല. അതിലെ സീറ്റില്‍ കെട്ടിവച്ചിരിക്കുന്ന കൊട്ട അഴിച്ചെടുത്തിട്ടു അവിടെ കയറി ഇരുന്നു ചവിട്ടി ചവിട്ടി പോകാനുള്ളതാണ്. അങ്ങിനെ ഇതിനു വളരെ വേഗതയില്‍ പോകാന്‍ കഴിയും“
well done saji.............. why u didt learn cycling
ഇതാ പണ്ട് കാര്‍ന്നോന്മാര്‍ പറയുന്നത് എടുത്തുചാട്ടം നന്നല്ലാന്ന്..:))
അഭിനവ ക്രിസ്ത്യാനിയുടെ നേര്‍രൂപം.
എത്രയോ കാലമായി ഇതൊന്ന് എഴുതാന്‍ പറയുന്നു. എന്തായാലും ഇന്നലത്തെ ചര്‍ച്ചകള്‍ക്ക് ഗുണമുണ്ടായി.
ഞാന്‍ കേട്ടതില്‍ വച്ച് ക്രിസ്ത്യാനിയെക്കുറിച്ചുള്ള ഏറ്റവും മനോഹരമായ ഉപമ......
സജി ഇങ്ങനെയൊരു ഉപമ പറഞ്ഞതിന് എങ്ങനെയാണ് അഭിനന്ദിക്കേണ്ടത് എന്നറിയില്ല.
എന്നാണു നാമൊക്കെ ഈ സൈക്കിള്‍ ചവിട്ടു അറിയില്ല എന്ന് തിരിച്ചറിയുന്നോ അന്നാണ് നമുക്ക് സൈക്കിള്‍ കണ്ടാലെങ്കിലും അറിയാം എന്നതു യാഥാര്‍ത്യമാവുന്നത്!
"കണ്ണുള്ളവന്‍ കാണട്ടെ.....കാതുള്ളവര്‍ കേള്‍ക്കട്ടെ .........."
പല കമ്പനികളുടെ സൈക്കിളുകള്‍ ലഭ്യമാണ്. ഹെര്‍ക്കുലീസ്, ബി.എസ്.എ, ബജാജ്, റാലി, ഹീറോ അങ്ങനെ. റാലിയുപയോഗിക്കുന്നവര്‍ പറയും ഏറ്റവും സുഖകരവും അനായാസവുമായ സവാരി. മറ്റ് ബ്രാന്‍ഡുകളുടെ ഉപഭോക്താക്കളും അവരവര്‍ അനുഭവിക്കുന്നതായ മേന്മകള്‍ പറയാറുണ്ട്. ഏതായാലും സ്വന്തമാക്കിയ ബ്രാന്‍ഡിന്റെ പോരായ്മകളും മേന്മകളും കാലപ്പഴക്കം കൊണ്ട് നമ്മുടെ ശീലവും ഭാഗം തന്നെയായും മാറുന്നു. അത് വില്‍ക്കുമ്പോള്‍ ഉടമസ്ഥന് എന്തോ ഒരു ശൂന്യത അനുഭവപ്പെടാറില്ലേ !
സൈക്കിള് ചുമ്മാ അങ്ങോട്ട് ചവിട്ടിക്കോ ..
പറയാന്‍ എന്തെളുപ്പം! .
ഈ ഇരുചക്രത്തില്‍ ബാലന്‍സ് ചെയ്യുന്നപോലെ തന്നെ
നല്ല മിടുക്ക് വേണം ഒരു ക്രിസ്ത്യാനിയായി ജീവിക്കാന്‍.
ക്ഷമയെന്ന സ്നേഹമെന്ന ഇരുചക്രത്തില്‍
ബാലന്‍സ് ചെയ്ത് ചവിട്ടിക്കോ ബഹുദൂരം നല്ലഭാരം ചവുട്ടി കയറ്റാം
നല്ല ചിന്തകള്‍!!!
താങ്കളെ അധികം വായിച്ചിട്ടില്ല,ഇഷ്ടപ്പെട്ടു.
എനിക്കും ഉണ്ട് ഒരു സൈക്കിള്
‘എനിക്കു ഇതു പറഞ്ഞുകൊടുക്കണമെന്നുണ്ട്, പക്ഷേ സത്യം പറയട്ടെ, ഇതു വേണ്ടുവണ്ണം ചവിട്ടാന്‍ എനിക്കും അറിയില്ല.‘
എനിക്കിതെല്ലാം അറിയാം നിങ്ങള്‍ക്കെന്താ അറിഞ്ഞുകൂടാത്തത് എന്നുള്ള മത ജാഡയില്‍ നിന്ന് വ്യത്യസ്ഥമായി, എനിക്കിതു വേണ്ടും വണ്ണം ചവിട്ടുവാന്‍ അറിഞ്ഞുകൂടാ എന്നു പറയുമ്പോള്‍ നിങ്ങള്‍ക്കൊരു മനുഷ്യനാകുന്നതിലെ സാസ്ത്യം അനുഭവപ്പെടുന്നില്ലേ സുഹൃത്തേ. ദാറ്റ് ഇസ് ഗ്രെറ്റ്
എനിക്കൊരു സൈക്കിൾ ഇല്ല. അതുകൊണ്ടെന്താ, രണ്ടു കൈയ്യും വീശി സ്വതന്ത്രനായി സുഖമായി നടക്കാം. സൈക്കിളും തള്ളിക്കൊണ്ടു നടക്കാൻ ബുദ്ധിമുട്ടുന്നവരെ നോക്കി പുഞ്ചിരിക്കാം. സൈക്കിളിൽ കയറി എത്രയും പെട്ടെന്ന് എവിടെയെങ്കിലും എത്തണമെന്ന വാശിയോ, അത്യാഗ്രഹമോ ഇല്ല.
എന്നാൽ തള്ളിക്കൊണ്ട് നടക്കാതെ ശരിയായ രീതിയിൽ സൈക്കിൾ ഓടിക്കുന്നവരെ എനിക്കു ഭയങ്കര ബഹുമാനമാണു കേട്ടോ. പക്ഷേ അത്തരം പേരെ വിരളമായേ കണ്ടിട്ടുള്ളൂ. കണ്ടിട്ടില്ല എന്നു തന്നെ പറയാം. പലപ്പോഴും എന്നെ സൈക്കിളോട്ടം പഠിപ്പിക്കാൻ കച്ച കെട്ടിയിറങ്ങിയവർക്ക് അത് ഉന്തി നടക്കാൻ മാത്രമേ അറിയൂ എന്ന് എനിക്കു മനസ്സിലായിട്ടുണ്ട്. നിർഭാഗ്യവശാൽ അവരതറിയുന്നില്ല.
വിശുദ്ധ ബൈബിള്‍ ഇന്നു പലരും ഉപയോഗിക്കുന്നതു ഇങ്ങനെയാണ്.
വിശുദ്ധ ബൈബിള്‍ മാത്രമല്ല, നിലവിലുള്ള ഭൂരിഭാഗം(അതോ മുഴുവനുമോ?) വേദഗ്രന്ഥങ്ങളും ഇപ്രകാരം തന്നെയാണ് ഉപയോഗിക്കപ്പെടുന്നത്. അതിന്റെ കൊണവതിയാരം ചുറ്റുവട്ടത്തൊക്കെ കാണാനുമുണ്ടല്ലോ ?
ഒരു സംശയം ചോദിച്ചോട്ടേ ? ഈ നട്ടപ്രാന്തന്‍ ഏത് ടെക്‍സ്റ്റ് ബുക്കിന്റെ ആളാ ? അല്ലാ... ആ ചങ്ങാതീന്റെ കമന്റ് വായിച്ചിട്ട് ഒന്നും പുടികിട്ടണില്ല :)അതോണ്ടാ :)
അച്ചായന്റെ സൈക്കിള്‍ ഉപമ വളരെ ഇഷ്ടമായി. എങ്കിലും ചില കാര്യങ്ങളില്‍ എനിക്ക് അല്പം വ്യത്യസ്ത അഭിപ്രായമുണ്ട്.
1. >>>>"പക്ഷേ,അപ്പോഴാണു ആ സത്യം ഞാനും ഗ്രഹിച്ചത്, എനിക്കു സൈക്കിള്‍ ചവിട്ടാന്‍ അറിയില്ലായിരുന്നു......................................................വിശുദ്ധ ബൈബിള്‍ ഇന്നു പലരും ഉപയോഗിക്കുന്നതു ഇങ്ങനെയാണ്.................എനിക്കു ഇതു പറഞ്ഞുകൊടുക്കണമെന്നുണ്ട്................."<<<<<
ബൈബിള്‍ (ജീവിതത്തില്‍) ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്ന് അറിയാത്തത് കൊണ്ടാണ് ക്രിസ്ത്യാനികള്‍ പ്രത്യേകിച്ചും അച്ചായന്‍ എടുത്തു പറഞ്ഞ കൂട്ടര്‍ (കന്‍വെന്‍ഷന്‍ വേദികളില്‍ .....മറ്റുള്ളവരെ മതം മാറ്റാന്‍.....മരുന്നു കഴിക്കാതെയും, സ്വര്‍ണ്ണമിടാതെയും....ബൈബിളും കൊണ്ട് നടക്കുന്നവര്‍) അതിനനുസരിച്ച് ജീവിക്കാത്തത് എന്ന് പറയുവാന്‍ സാധിക്കുകയില്ല. കാരണം എല്ലാ ആധ്യാത്മിക കൂട്ടായ്മകളിലും ബൈബിള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് പഠിച്ചു ബിരുദവും ഡോക്ടറേറ്റും വരെ നേടിയവരാല്‍ പഠിപ്പിക്കപ്പെടുന്നവരാണിവര്‍. സംശയമുണ്ടെങ്കില്‍ അത്തരക്കാരോട് ചോദിച്ചു നോക്കുക; ഒരു വ്യക്തി തന്റെ വ്യക്തിപരമായ ജീവിതത്തില്‍ ബൈബിള്‍ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് അവര്‍ ബൈബിളിലെ ഉദ്ധരണികള്‍ സഹിതം വ്യക്തമാക്കി തരും.
ഇനി ഉപയോഗത്തില്‍ നിന്ന് വ്യത്യസ്തമായി അതിലെ ആശയങ്ങള്‍ മനസ്സിലാകാത്തത് കൊണ്ടാണ് ക്രിസ്ത്യാനികള്‍ പ്രത്യേകിച്ചും മുകളില്‍ പറഞ്ഞ കൂട്ടര്‍ അതിനനുസരിച്ച് ജീവിക്കാത്തതെന്നും പറയുവാന്‍ സാധിക്കുകയില്ല.
സ്വന്തമായി വായിച്ചും ബൈബിള്‍ ആധികാരികമായി പഠിച്ച ഉപദേശകന്മാരുടെ സഹായത്തോടുകൂടി ഓരോ വാക്യങ്ങളുടെയും സന്ദര്‍ഭവും മറ്റും മനസ്സിലാക്കി പഠിക്കുവാന്‍ ശ്രമിച്ചാല്‍ മനസ്സിലാക്കുവാന്‍ പറ്റാത്തത്ര ദുര്‍ഗ്രഹമായ ആശയങ്ങളടങ്ങിയ ഒരു പുസ്തകശേഖരമാണ് ബൈബിള്‍ എന്ന് പറയുവാന്‍ സാധിക്കുകയില്ല. ബൈബിള്‍ അനുസരിച്ച് ജീവിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എങ്ങനെയാണ് ജീവിക്കേണ്ടതെന്ന് വെറും പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ആളുകള്‍ പോലും വിശദീകരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഇനിയും പ്രായോഗിക ജീവിതത്തെക്കുറിച്ച് മാത്രമല്ല ബൈബിളിലെ പല കടുകട്ടിയായ ദൈവശാസ്ത്രപരമായ വസ്തുതകള്‍പ്പോലും തികച്ചും സാധാരണക്കാരായ ആളുകള്‍ വ്യാഖ്യാനിക്കുന്നതും ഞാന്‍ കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ബൈബിള്‍ ഒരു മഹാഗ്രന്ഥമായതുകൊണ്ട് അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ വളരെ വളരെ ബുദ്ധിമുട്ടാണെന്നൊക്കെ ചുമ്മാ പറയാമെങ്കിലും താല്പര്യമുള്ളവര്‍ക്ക് കാര്യങ്ങള്‍ അത്ര ബുദ്ധിമുട്ടായിരിക്കും എനിക്ക് തോന്നുന്നില്ല. പ്രത്യേകിച്ചും രണ്ടു സഹസ്രാബ്ധങ്ങളിലെ ദൈവശാസ്ത്രജ്ഞാന്മാരുടെ പഠനങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കും ശേഷവും. പിന്നെ ഒന്നാം നൂറ്റാണ്ടില്‍ ക്രിസ്തീയ ആശയങ്ങള്‍ പ്രച്ചരിപ്പിച്ചവരില്‍ മിക്കവാറും ഒരു വിദ്യാഭ്യാസ യോഗ്യതയും ഇല്ലാതിരുന്നവരും ഉണ്ടായിരുന്നു എന്നതും നാം മറക്കരുത്.
ഇനിയും ബൈബിളിലെ ഉപദേശങ്ങള്‍ അറിയുവാനും മനസ്സിലാക്കുവാനും മനുഷ്യര്‍ക്ക് വളരെയധികം ബുദ്ധിമുട്ടേണ്ടി വരുമെന്നൊന്നും ബൈബിള്‍ ദൈവം നല്‍കിയ പുസ്തകമാണെന്ന് വിശ്വസിക്കുന്നവര്‍ പറയരുത്. കാരണം അങ്ങനെ അവര്‍ പറഞ്ഞാല്‍ ഈ പുസ്തകത്തിന്റെ സ്രോതസ്സായ ദൈവത്തിനു തന്റെ പുസ്തകത്തിന്റെ വായനക്കാരുടെ കഴിവിനെക്കുറിച്ച് വലിയ പിടിപാടൊന്നും ഉണ്ടായിരുന്നില്ല എന്നും പറയേണ്ടി വരും. കാരണം ഈ പുസ്തകം മനുഷ്യര്‍ വായിച്ചു മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു ദൈവം തന്റെ വെളിപ്പാടുകള്‍ അവര്‍ക്ക് മനസ്സിലാകുവാന്‍ വളരെയധികം ബുദ്ധിമുട്ടുള്ള രീതിയില്‍ തന്റെ പുസ്തകത്തില്‍ അവതരിപ്പിക്കുമോ? ഇല്ല എന്നാണു ഞാന്‍ കരുതുന്നത് കാരണം ദൈവം അങ്ങനെ മനുഷ്യനെ അടിസ്ഥാനപരമായ കാര്യങ്ങളില്‍ തന്നെ കഷ്ടപ്പെടുത്തുവാന്‍ തുടങ്ങിയാല്‍ ദൈവം സ്നേഹവാനാണെന്നുള്ള ക്രിസ്തീയ ആശയവും അത്തരമൊരു പ്രവര്‍ത്തിയും തമ്മില്‍ പൊരുത്തപ്പെട്ടു പോകുമെന്ന് എനിക്ക് തോന്നുന്നില്ല.
2. >>>>>"വളരെ ചുരുക്കം പേര്‍ - ഇതില്‍ കയറി അനായാസമായി ചവിട്ടിപ്പോയതു എനിക്കു അറിയാം"<<<<
ഇതില്‍ അനായാസമായി എന്ന പദം ഒഴിവാക്കാമായിരുന്നു കാരണം അച്ചായന്‍ പറഞ്ഞ പോള്‍,പീറ്റര്‍,വില്യം ബൂത്ത്,ജോര്‍ജ്ജു മുള്ളര്‍,വില്യം കേറി എന്നിവരുടെയെല്ലാം വിശ്വാസ ജീവിതം ഞാന്‍ മനസ്സിലാക്കിയിട്ടുള്ളെത്തോളം വളരെയധികം പരീക്ഷണങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞതായിരുന്നു. ആ പരീക്ഷണങ്ങളും കഷ്ടപ്പാടുകളും കേവലം ദൈനംദിന ജീവിതത്തിന്റെതു മാത്രമായിരുന്നില്ല എന്ന് പോള്‍ റോമാക്കാര്‍ക്കെഴുതിയ ലേഖനത്തിലെ താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവന വ്യക്തമാക്കുന്നു:
"ഞാൻ പ്രവർത്തിക്കുന്നതു ഞാൻ അറിയുന്നില്ല; ഞാൻ ഇച്ഛിക്കുന്നതിനെ അല്ല പകെക്കുന്നതിനെ അത്രേ ചെയ്യുന്നതു. ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ ന്യായപ്രമാണം നല്ലതു എന്നു ഞാൻ സമ്മതിക്കുന്നു. ആകയാൽ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ. എന്നിൽ എന്നുവെച്ചാൽ എന്റെ ജഡത്തിൽ നന്മ വസിക്കുന്നില്ല എന്നു ഞാൻ അറിയുന്നു; നന്മ ചെയ്‍വാനുള്ള താല്പര്യം എനിക്കുണ്ടു; പ്രവർത്തിക്കുന്നതോ ഇല്ല. ഞാൻ ചെയ്‍വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവർത്തിക്കുന്നതു. ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ. അങ്ങനെ നന്മ ചെയ്‍വാൻ ഇച്ഛിക്കുന്ന ഞാൻ തിന്മ എന്റെ പക്കൽ ഉണ്ടു എന്നൊരു പ്രമാണം കാണുന്നു. ഉള്ളംകൊണ്ടു ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു. എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാൻ എന്റെ അവയവങ്ങളിൽ കാണുന്നു; അതു എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു. അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ ! ഈ മരണത്തിന്നു അധീനമായ ശരീരത്തിൽനിന്നു എന്നെ ആർ വിടുവിക്കും? നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം ഞാൻ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. ഇങ്ങനെ ഞാൻ തന്നേ ബുദ്ധികൊണ്ടു ദൈവത്തിന്റെ പ്രമാണത്തെയും ജഡംകൊണ്ടു പാപത്തിന്റെ പ്രമാണത്തെയും സേവിക്കുന്നു." (റോമര്‍ 7: 15-25)
അവരുടെ ജീവിതത്തില്‍ അവര്‍ അഭിമുഖീകരിച്ച പരീക്ഷണങ്ങളെയും കഷ്ടതകളെയും അവര്‍ അതിജീവിച്ചു എന്നത് ഞാന്‍ വിസ്മരിക്കുന്നില്ല.
മറ്റൊരു പ്രധാന കാര്യം മുകളില്‍ പറഞ്ഞ വ്യക്തികളെല്ലാം അവരുടെ കഴിവുകൊണ്ടോ പരിശ്രമംകൊണ്ടോ അറിവുകൊണ്ടോ മാത്രമാണ് ബൈബിളിലെ ഉപദേശങ്ങള്‍ക്കനുസരിച്ച് ജീവിച്ചത് എന്നൊരു ചിന്ത കൂടി അച്ചായന്റെ വാക്കുകള്‍ വായിക്കുന്നവര്‍ക്കുണ്ടാകുമോ എന്നും ഞാന്‍ സംശയിക്കുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ ക്രിസ്തീയ ജീവിതമെന്നത് മനുഷ്യന്റെ സമര്‍പ്പണത്തിന്റെ മാത്രമല്ല മറിച്ചു അത് ഓരോ വിശ്വാസികളുടെയും ജീവിതത്തില്‍ ദൈവം ചെയ്യുന്ന പ്രവര്‍ത്തികളുടെയും കൂടെ ഫലമാണെന്നല്ലേ ബൈബിളില്‍ (റോമർ 8:9, തെസ്സലൊനീക്യര്‍ 5:23, ഹെബ്രായര്‍ 12:10, ഫിലിപ്പ്യര്‍ 2: 12-13) നിന്നും നാം മനസ്സിലാക്കേണ്ടത്. ഇത്തരത്തില്‍ ദൈവത്തിന്റെ സഹായമില്ലാതെ ആര്‍ക്കാണ് ക്രിസ്തുവിന്റെ ഉപദേശങ്ങളെ പിന്‍പറ്റുവാന്‍ സാധിക്കുക?
എന്റെ അഭിപ്രായത്തില്‍ സമര്‍പ്പണമില്ലയ്മയും ത്യാഗ മനോഭാവമില്ലയ്മയുമാണ് ഇന്നത്തെ ക്രിസ്ത്യാനികളുടെ യഥാര്‍ത്ഥ പ്രശ്നം. വിശ്വാസം പലര്‍ക്കും കാര്യ സാധ്യത്തിനു വേണ്ടിയുള്ള അനേക ഉപാധികളില്‍ ഒന്ന് മാത്രമാണ്. തെറ്റുകള്‍ ചെയ്യുമ്പോള്‍ ഒരു സുഖമുണ്ട് ആ സുഖമുപേക്ഷിച്ച് മൂല്യബോധത്തിലധിഷ്ടിതമായ ഒരു ജീവിതം നയിക്കുവാന്‍ നമ്മുക്ക് ഒരു ആഴമേറിയ സമര്‍പ്പണമാവശ്യമാണ്. അതില്ലാത്തിടത്തോളം കാലം നമ്മള്‍ എന്തറിഞ്ഞിട്ടും ഒരു കാര്യവുമില്ല.
(ക്രിസ്തുമതത്തില്‍ ഉള്‍പ്പെട്ടു നില്‍ക്കുന്ന മാതാപിതാക്കള്‍ക്ക് ജനിച്ചത് കൊണ്ടുമാത്രം ക്രിസ്ത്യാനി എന്ന് പേര്‍ വിളിക്കപ്പെടുന്ന ക്രിസ്തീയ വിശ്വാസത്തെ ഗൌരവമായി എടുക്കാത്ത വ്യക്തികളെയല്ല ക്രിസ്ത്യാനി എന്ന പദം കൊണ്ട് ഞാന്‍ ഉദേശിച്ചത്)
പ്രിയ ഡെനിഷ്, കമെന്റിനു നന്ദി.
മറുപടി:
@ഒരു വ്യക്തി തന്റെ വ്യക്തിപരമായ ജീവിതത്തില്‍ ബൈബിള്‍ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് അവര്‍ ബൈബിളിലെ ഉദ്ധരണികള്‍ സഹിതം വ്യക്തമാക്കി തരും.
ഉദ്ധരണികള്‍ ആര്‍ക്കാണ് പറയാന്‍ വയ്യാത്തത്?. കാക്കതൊള്ളായിരം ക്രിസ്ത്യന്‍ വിഭാഗങ്ങളും, ക്രിസ്ത്യന്‍ കള്‍ട്ടുകളും (ഇപ്പോള്‍ മുസ്ലീങ്ങളും) അവനവന്റെ വിശ്വാസത്തെ സാധൂകരിക്കുന്നതിനു ആധാരമാക്കിയിരിക്കുന്ന ചില ബൈബിള്‍ വചനങ്ങളുമായിട്ടാണ് നടപ്പ്. തത്ത പറയുന്നതുപോലെ ഏതു ചോദ്യത്തിനും ഇത്തരണം ഉദ്ധരികള്‍ അവര്‍ പറയുകയും ചെയ്യും. സിനിമാപ്പേരുകൊണ്ട് പാരഡി പാട്ടു ഉണ്ടാക്കി പാടുന്നതു കേട്ടിട്ടില്ലെ? അതുപോലെ.
അതൊന്നും എന്റെ വിഷമേയല്ലെന്നും, ചുറ്റും ക്രിസ്ത്യാനിത്വത്തെ ആകാംഷയോടെ നോക്കുന്നവര്‍ക്കു അതില്‍ ഒന്നും താല്പര്യമില്ലെന്നും മറ്റുള്ളവര്‍ടെ കമെന്റു വായിച്ചിട്ടെങ്കിലും ഡെനിഷ് മനസിലാക്കുക. അതിന്റെ പ്രാക്ടിക്കല്‍ ആപ്പ്ളിക്കേഷനാണ് ന്റെ സബ്ജക്ട്.
@ എല്ലാ ആധ്യാത്മിക കൂട്ടായ്മകളിലും ബൈബിള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് പഠിച്ചു ബിരുദവും ഡോക്ടറേറ്റും വരെ നേടിയവരാല്‍ പഠിപ്പിക്കപ്പെടുന്നവരാണിവര്‍
ക്രിസ്തുവിന്റെ ഉപദേശം ഗ്രഹിക്കുവാന്‍ ഡോക്ട്രേറ്റു നേടിയവരുടെ ശിക്ഷണം വേണമെന്നതു തികച്ചും അബദ്ധമാന് ഡെനിഷ്. ഉന്നത വിദ്യാഭ്യാസം വേണമായിരുന്നെങ്കില്‍ ക്രിസ്തുവിന്റെ ശിഷ്യന്മാര്‍ എന്തു ചെയ്തേനെ? ഒരാള്‍ക്കേ പല്പം പഠിപ്പും കണക്കും അറിയായിരുന്നുള്ളൂ, യൂദാസ്. അവന്റെ ഗതി എന്തായി? ധാരാളം തീയോളജീയന്മാരുടെ പ്രസംഗങ്ങള്‍കേള്‍ക്കുകയും, പുസ്തകം വായിക്കുകയും ചെയ്തതില്‍ എനിക്കു മനനസിലായതു, മിക്കവരും (പ്രത്യേകിച്ചും ഇംഗ്ലീഷുകാര്‍)വളരെ ഷാലോ ആയും, വക്രീകരിച്ചും, അപ്രായോഗിഗതയോടെയും ആണ് ബൈബിള്‍ പഠിപ്പിക്കുന്നത് എന്നാണ്. എന്റെ അഭിപ്രായത്തില്‍ ഒരു കുട്ടി ബൈബിള്‍ വായിക്കുമ്പോള്‍ ആദ്യം മനസിലാകുന്ന അര്‍ത്ഥം ഉണ്ടല്ലോ, അതാണ് അതിന്റെ അര്‍ത്ഥം. അത്തരക്കാരോടാണ് യേശു സംസാരിച്ചതും കൂടുതല്‍ സമയം ചിലവഴിച്ചതും. ഗ്രീക്കും ഹീബ്ബ്രുവും പറഞ്ഞുള്ള ഡോക്ട്രേറ്റ് വിശദീകരണങ്ങളുണ്ടല്ലോ, വെറും യൂസ് ലെസ്സ്!
@ബൈബിളിലെ ഉപദേശങ്ങള്‍ അറിയുവാനും മനസ്സിലാക്കുവാനും മനുഷ്യര്‍ക്ക് വളരെയധികം ബുദ്ധിമുട്ടേണ്ടി വരുമെന്നൊന്നും ബൈബിള്‍ ദൈവം നല്‍കിയ പുസ്തകമാണെന്ന് വിശ്വസിക്കുന്നവര്‍ പറയരുത്
ഒന്നുകില്‍ ഡെനിഷ്, എന്റെ പോസ്റ്റ് നന്നായി വായിച്ചില്ല, അല്ലെങ്കില്‍ മനസിലായില്ല.
@ബൈബിള്‍ അനുസരിച്ച് ജീവിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എങ്ങനെയാണ് ജീവിക്കേണ്ടതെന്ന് വെറും പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ആളുകള്‍ പോലും വിശദീകരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഇനിയും പ്രായോഗിക ജീവിതത്തെക്കുറിച്ച് മാത്രമല്ല ബൈബിളിലെ പല കടുകട്ടിയായ ദൈവശാസ്ത്രപരമായ വസ്തുതകള്‍പ്പോലും തികച്ചും സാധാരണക്കാരായ ആളുകള്‍ വ്യാഖ്യാനിക്കുന്നതും ഞാന്‍ കേട്ടിട്ടുണ്ട്
ഇത്തരം കാര്യങ്ങള്‍ ഡെനിഷ്നേക്കാളും കൂടുതല്‍ ഞാന്‍ കേട്ടിട്ടുണ്ടാകുമോ എന്നു ഭയപ്പെടുന്നു. മുകളില്‍ കമെന്റിയ മനുവിനെ കോപ്പി ചെയ്യുന്നു, “എന്നാല്‍ തള്ളിക്കൊണ്ട് നടക്കാതെ ശരിയായ രീതിയില്‍ സൈക്കിള്‍ ഓടിക്കുന്നവരെ എനിക്കു ഭയങ്കര ബഹുമാനമാണു കേട്ടോ. പക്ഷേ അത്തരം പേരെ വിരളമായേ കണ്ടിട്ടുള്ളൂ. കണ്ടിട്ടില്ല എന്നു തന്നെ പറയാം. പലപ്പോഴും എന്നെ സൈക്കിളോട്ടം പഠിപ്പിക്കാന്‍ കച്ച കെട്ടിയിറങ്ങിയവർക്ക് അത് ഉന്തി നടക്കാന്‍ മാത്രമേ അറിയൂ എന്ന് എനിക്കു മനസ്സിലായിട്ടുണ്ട്.എന്നാല്‍ തള്ളിക്കൊണ്ട് നടക്കാതെ ശരിയായ രീതിയില്‍ സൈക്കിള്‍ ഓടിക്കുന്നവരെ എനിക്കു ഭയങ്കര ബഹുമാനമാണു കേട്ടോ. പക്ഷേ അത്തരം പേരെ വിരളമായേ കണ്ടിട്ടുള്ളൂ. കണ്ടിട്ടില്ല എന്നു തന്നെ പറയാം. .“-
ഇത്രയുമെ ഞാന്‍ പറഞ്ഞുള്ളൂ
@ഇതില്‍ അനായാസമായി എന്ന പദം ഒഴിവാക്കാമായിരുന്നു
പുതിയ നിയമ ശിഷ്യത്വം അനായാസകരമാണെന്നതിനു എത്ര റെഫറന്‍സ് വേണം ഡെനിഷിന്? എന്റെ ചുമട് ലഘുവും, നുഖം മൃദുവുമാണെന്നു പറഞ്ഞതു യേശു തന്നെയല്ലേ? മനുഷ്യന്‍ തന്നെ നടക്കാന്‍ തുടങ്ങുമ്പോള്‍ യേസ്, ഇതു വളരെ പ്രയാസം തന്നെ, യേശുവിനെ കൂടെ കൂട്ടുമ്പോള്‍ അനായാസമായി.
@മറ്റൊരു പ്രധാന കാര്യം മുകളില്‍ പറഞ്ഞ വ്യക്തികളെല്ലാം അവരുടെ കഴിവുകൊണ്ടോ പരിശ്രമംകൊണ്ടോ അറിവുകൊണ്ടോ മാത്രമാണ് ബൈബിളിലെ ഉപദേശങ്ങള്‍ക്കനുസരിച്ച് ജീവിച്ചത് എന്നൊരു ചിന്ത കൂടി അച്ചായന്റെ വാക്കുകള്‍ വായിക്കുന്നവര്‍ക്കുണ്ടാകുമോ എന്നും ഞാന്‍ സംശയിക്കുന്നു
അങ്ങിനെ സംശയിക്കേണ്ട ഡെനിഷ്, അങ്ങിനെ ഒരു അര്‍ത്ഥം ഞാന്‍ എഴുതിയതിനില്ല. അവര്‍ക്കൊക്കെ ഒരു ക്വാളിറ്റി ഉണ്ടായിരൂന്നു. “ദാഹം”. ദാഹിക്കുന്നവന്‍ എല്ലാം എന്റെ അടുക്കല്‍ വരട്ടെ, എന്നല്ലേ യേശു പറഞ്ഞത്? അങ്ങിനെ ദാഹവുമായി കടന്നു വരുന്ന ക്രിസ്തുവിനെ സ്വീകരിച്ചവരുടെ ദാഹം തല്ലിക്കെടുത്തി, ഈ ജീവിതത്തിലെ താല്‍ക്കാലിക ലക്ഷ്യങ്ങളില്‍ കുരുക്കി, (സംശയമുണ്ടെങ്കില്‍ നിങ്ങളുടെ അടുത്ത ചര്‍ച്ചിലെ പ്രാര്‍ത്ഥനാ ലിസ്റ്റ് ഒന്നു നോക്കൂ) ചര്‍ച്ചിനുള്ളില്‍ നടക്കുന്ന സംഭവമാണ് അരാധനയെന്നു തെറ്റായി പറഞ്ഞു പഠിപ്പിച്ചു, ദശാംശം തരുന്ന സാദാ പരീശനായി മാറ്റുന്ന ആധുനിക സഭകളേപറ്റിയുള്ള ഒരു ആത്മഗതം- അതാണ് ഈ പോസ്റ്റ്.
ദാറ്റ്സ് ഇറ്റ്!
Good!
അച്ചായാ നന്നായിട്ടുണ്ട്
Post a Comment